ബിഗ് ബോസ് വീട്ടില്‍ നിന്ന് പുറത്തേക്ക് പോകുന്നതുവരെ രജിത് കുമാറുമായി വലിയ തര്‍ക്കങ്ങളും വഴക്കും ഉണ്ടാക്കിയ ആളായിരുന്നു മഞ്ജു പത്രോസ്. എന്നാല്‍ രജിത്തുമായി എല്ലാ കാര്യങ്ങളും സംസാരിച്ച് പ്രശ്നങ്ങളൊന്നും ഇല്ലെന്ന് പറഞ്ഞ ശേഷമായിരുന്നു മഞ്ജു വീട്ടില്‍ നിന്ന് പുറത്തേക്ക് പോയത്.  പുറത്തെത്തിയ ശേഷവും മഞ്ജു ഇക്കാര്യം വ്യക്തമാക്കിയിരുന്നു. തനിക്ക് നേരിട്ട് അറിയാത്ത ആളാണ്  രജിത്തെന്നും ഇനി സെര്‍ച്ച് ചെയ്ത് മനസിലാക്കിയ ശേഷം മാത്രമേ കാര്യങ്ങള്‍ കൂടുതല്‍ അറിയാന്‍ സാധിക്കുകയുള്ളൂവെന്നും മഞ്ജു പറഞ്ഞിരുന്നു. എന്നാല്‍ വീട്ടില്‍ നിന്ന് പുറത്തേക്ക് വന്നതിന് പിന്നാലെ വ്യാപകമായ സൈബര്‍ ആക്രമണമാണ് മഞ്ജുവിനെതിരെ നടന്നത്. പിന്നാലെ എന്നോട് നല്ലതും ചീത്തയും പറയാന്‍ വിളിക്കാമെന്ന് അറിയിച്ച് നമ്പറും മഞ്ജു നല്‍കി. തുടര്‍ന്ന് ആക്രമണത്തിന് കുറവു വന്നിരുന്നു.

ഇപ്പോഴിതാ കഴിഞ്ഞ ദിവസം മഞ്ജു പോസ്റ്റ് ചെയ്ത ഒരു ഇമോജിക്ക് പിന്നാലെ വ്യാപകമായ ആക്രമണമാണ് ഉണ്ടാകുന്നത്. രജിത്ത് പുറത്തുപോയ എപ്പിസോഡിന് പിന്നാലെയായിരുന്നും ഒന്നും കാണാനും കേള്‍ക്കാനും മിണ്ടാനും വയ്യ എന്ന അര്‍ത്ഥത്തിലുള്ള മൂന്ന് ഇമോജികള്‍ മഞ്ജു പോസ്റ്റ് ചെയ്തത്. എന്നാല്‍ ഇതിന് പിന്നാലെ നിരവധി കമന്‍റുകളെത്തി. കൂട്ടത്തില്‍ തെറിവിളികളുമുണ്ടായിരുന്നു. ഇത് ഞങ്ങളെ മാത്രം ഉദ്ദേശിച്ചാണെന്ന തരത്തിലായിരുന്നു കമന്‍റുകളെല്ലാം. ഐഡന്‍റിറ്റി വെളിപ്പെടുത്താത്ത ചിലരുടെ കമന്‍റുകള്‍ക്ക് മഞ്ജുവും മറുപടി നല്‍കിയിട്ടുണ്ട്. ദൈര്യമുണ്ടെങ്കില്‍ ആരാണെന്ന് വെളിപ്പെടുത്തി കമന്‍റ് ചെയ്യാനായിരുന്നു മഞ്ജു പറഞ്ഞത്.