ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടില്‍ നിന്ന് താല്‍ക്കാലികമായി മാറ്റിനിര്‍ത്തപ്പെട്ട രജിത് കുമാറിന് ഒരു അവസരം കൂടി നല്‍കുമോ എന്ന് ബിഗ് ബോസിനോട് ദയ അശ്വതിയുടെ ചോദ്യം. എപ്പോഴും ദൈവത്തിന്റെ കാര്യം പറഞ്ഞുകൊണ്ട് നടക്കുന്ന രജിത്തിന് വീക്ക്‌ലി ടാസ്‌കിന്റെ സമയത്ത് പിശാച് കൂടിയതുപോലെയാണ് തനിക്ക് തോന്നിയതെന്നും രേഷ്മയ്ക്കുനേരെ ഉണ്ടായ പ്രവര്‍ത്തിക്ക് ശേഷം അദ്ദേഹത്തിന് കുറ്റബോധം തോന്നിയെന്നും ദയ പറഞ്ഞു. ഒറ്റയ്ക്കിരുന്ന് സ്വന്തം വിഷമങ്ങള്‍ പറയുന്ന കൂട്ടത്തിലാണ് ദയ ഇക്കാര്യം പറഞ്ഞത്. പിന്നീട് ഫുക്രു വന്നപ്പോഴും ദയ ഇക്കാര്യങ്ങള്‍ ആവര്‍ത്തിച്ചു.

'സ്വന്തം കാര്യത്തിന് ഞാന്‍ ഇതുവരെ കരഞ്ഞിട്ടില്ല. ദൈവമുണ്ടെന്ന് എപ്പോഴും പറയുന്ന ആളാണ്. പക്ഷേ ആ ഗെയിമിന്റെ സമയത്ത് അങ്ങേരുടെ ദേഹത്ത് എന്തോ പിശാച് കൂടിയതുപോലെ ആയിരുന്നു. അങ്ങേര്‍ക്ക് നല്ല കുറ്റബോധമുണ്ട്. അതുകൊണ്ടാണ് അങ്ങേര് സ്വന്തം കണ്ണിലും മുളക് തേച്ചത്. ഒരിക്കല്‍ തിരുത്താനുള്ള ഒരു അവസരം കൊടുക്കില്ലേ ബിഗ് ബോസേ? ഞാന്‍ പറയുന്നതൊക്കെ ശരിയാണോ എന്ന് എനിക്കറിയില്ല ബിഗ് ബോസേ. ഞാനീ പറയുന്നതൊന്നും ഇവിടെയുള്ളവര്‍ക്ക് ഇഷ്ടപ്പെടുന്നുണ്ടോന്നും എനിക്കറിയില്ല. മാഷ് ഉള്ളപ്പോള്‍ മാഷിന്റൊപ്പം നില്‍ക്കാതിരുന്നത്, മാഷ് തന്നെ പറഞ്ഞിട്ടുണ്ടായിരുന്നു.. കൂടെ എപ്പോഴും നടന്നാല്‍ സ്വന്തം പേര് പോകുമോ എന്ന് പേടിയുണ്ടായിരുന്നു. അതുകൊണ്ടാണ്, അല്ലാതെ ഇഷ്ടമില്ലാഞ്ഞിട്ടൊന്നുമല്ല. ഇഷ്ടക്കൂടുതല്‍ കൊണ്ടാണ്', ദയ അശ്വതി സ്വയം പറഞ്ഞു.

 

തൊട്ടുപിന്നാലെ ഫുക്രു അടുത്തേക്ക് വന്നപ്പോഴും ദയയ്ക്ക് ഇക്കാര്യം തന്നെയാണ് പറയാനുണ്ടായിരുന്നത്. 'മാഷ് വരുമോ ഇല്ലയോ എന്നറിയില്ല, ഫിനാലെയ്‌ക്കൊക്കെ. ഞാനെന്തായാലും നാട്ടിലുണ്ടെങ്കില്‍ വരും. ഈയാഴ്ച ഔട്ട് ആകുവാണെങ്കില്‍ കോണ്ടാക്റ്റ് ചെയ്യാന്‍ നോക്കും. അങ്ങേര് സമ്മതിക്കുകയാണെങ്കില്‍ പോയിക്കാണും. ചിലപ്പോള്‍ പോയിക്കാണില്ല എന്ന് എന്റെ മനസ് പറയുന്നു. ചിലപ്പോള്‍ ഈ ശനിയാഴ്ച വരുമായിരിക്കും. ചിലപ്പോള്‍ ബിഗ് ബോസിന് അപ്പോഴത്തെ ദേഷ്യത്തിന് പറഞ്ഞതായിരിക്കുമോ', ദയ ഫുക്രുവിനോട് ചോദിച്ചു. എന്നാല്‍ ബിഗ് ബോസ് എന്നത് ഒരു വ്യക്തി അല്ലെന്നും വലിയ ടീമാണെന്നും ഫുക്രു തിരുത്തി. ബിഗ് ബോസിന്റെ നിയമത്തിന് വിരുദ്ധമായ പ്രവര്‍ത്തി ആര് കാണിച്ചാലും നടപടിയുണ്ടാവുമെന്നും ഫുക്രു ദയയോട് പറഞ്ഞു.