ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടില്‍ കൃത്യമായ രണ്ട് ഗ്രൂപ്പുകള്‍ രൂപപ്പെട്ടിട്ട് ഏറെ നാളുകളൊന്നും ആയില്ല. അമൃതയും അഭിരാമിയും വന്നശേഷം അവര്‍ രജിത്തിനൊപ്പമാണ് നിന്നത്. പിന്നീട് കണ്ണിനസുഖം മാറി തിരിച്ചെത്തിയ രഘുവും സുജോയും നിന്നതും രജിത്തിനെ പിണക്കാതെയാണ്. പിന്നീട് അലസാന്‍ഡ്രയും ഇതേ ഗ്രൂപ്പിന്റെ ഭാഗമായി. മറുവശത്ത് ഫുക്രു, ആര്യ, ഷാജി, എലീന, ദയ എന്നിവര്‍ ചേര്‍ന്ന ഗ്രൂപ്പുമുണ്ട്. ഹൗസിനുള്ളിലെ ഗ്രൂപ്പിസത്തെക്കുറിച്ച് മോഹന്‍ലാലും ബിഗ് ബോസും പല തവണ വിമര്‍ശനാത്മകമായി സംസാരിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തവണത്തെ വീക്ക്‌ലി ടാസ്‌കിന് ബിഗ് ബോസ് തന്നെ ടീമുകളായി നിശ്ചയിച്ചതും ഈ ഗ്രൂപ്പുകളെ തന്നെയായിരുന്നു.

ഇത്തവണത്തെ വീക്ക്‌ലി ടാസ്‌ക് ആയിരുന്ന 'തലയണമന്ത്രം' ടാസ്‌കില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയവരെയും മോശം പ്രകടനം നടത്തിയവരെയും തെരഞ്ഞെടുക്കാനുള്ള വോട്ടിംഗിന് ശേഷം പക്ഷേ ഹൗസില്‍ ഒരു തര്‍ക്കം നടന്നു. ദയ അശ്വതിയാണ് എതിര്‍ഗ്രൂപ്പുകാര്‍ തന്നെ സ്ഥിരം കളിയാക്കുന്നതായി പരാതിപ്പെട്ട് പൊട്ടിത്തെറിച്ചത്. വീക്ക്‌ലി ടാസ്‌കിലെ മൂന്ന് മികച്ച പ്രകടനക്കാരെ വിജയിച്ച ടീമില്‍ നിന്ന് തെരഞ്ഞെടുക്കാനായിരുന്നു ബിഗ് ബോസിന്റെ നിര്‍ദേശം. എന്നാല്‍ ജയിലിലേക്ക് വിടാനായി രണ്ട് മോശം പ്രകടനക്കാരെ ഏത് ടീമില്‍നിന്നും തെരഞ്ഞെടുക്കാമായിരുന്നു. ഇതുപ്രകാരം മോശം പ്രകടനക്കാരുടെ വോട്ടിംഗ് നടന്നതിന് പിന്നാലെയാണ് ദയയെ എതിര്‍ ടീം കളിയാക്കാന്‍ ആരംഭിച്ചതും ദയ അത് ഏറ്റുപിടിച്ച് വലിയ വാക്കുതര്‍ക്കത്തിലേക്ക് പോയതും.

 

രഘുവിനെയും അമൃത-അഭിരാമിമാരെയുമാണ് ദയ മോശം പ്രകടനം നടത്തിയവരായി വിലയിരുത്തിയത്. എതിര്‍ ടീമുകള്‍ നിര്‍മ്മിച്ച തലയിണകളുടെ ഗുണനിലവാരം പരിശോധിക്കുന്ന ചുമതല ദയയ്ക്കും അമൃത-അഭിരാമിമാര്‍ക്കുമായിരുന്നു. തലയിണകളുടെ ഭാരവും പഞ്ഞി പുറത്തുവോകുന്നുണ്ടോ എന്നും മാത്രം പരിശോധിക്കുമെന്ന് ആദ്യം ഉറപ്പ് തന്ന അമൃതയും അഭിരാമിയും പിന്നീട് തങ്ങളുടെ ടീമിന്റെ തലയിണകളുടെ തയ്യലിന്റെ ഗുണനിലവാരും പരിശോധിച്ചുവെന്നും എന്നാല്‍ പിന്നീട് വന്ന് ക്ഷമ ചോദിച്ചുവെന്നും അവരുടെ മോശം പ്രകടനത്തിനുള്ള കാരണമായി ദയ ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ കാരണം തങ്ങള്‍ക്ക് മനസിലായില്ലെന്ന് ചൂണ്ടിക്കാട്ടി രഘുവും അമൃതയും അഭിരാമിയും സുജോയും ദയയെ പരിഹസിക്കുകയായിരുന്നു. ഫുക്രുവും എലീനയും ഷാജിയും ആര്യയും ഉള്‍പ്പെടെ സ്വന്തം ടീമംഗങ്ങള്‍ തടഞ്ഞെങ്കിലും ദയ ഉറച്ച ശബ്ദത്തില്‍ അവരോട് പ്രതികരിച്ചു. എതിര്‍ടീമംഗങ്ങളുമായുള്ള ദയയുടെ തര്‍ക്കം ഏറെ നേരം നീണ്ടുനില്‍ക്കുകയും ചെയ്തു. ഇതിനിടെ 'ഇത് ഫേസ്ബുക്ക് ലൈവ് അല്ലെന്ന്' സുജോ ദയയോട് പറയുന്നത് കേള്‍ക്കാമായിരുന്നു.