കഴിഞ്ഞ ദിവസം അപ്രതീക്ഷിത സംഭവങ്ങളായിരുന്നു ബിഗ് ബോസ് വീട്ടില്‍ നടന്നത്. ഈ ആഴ്ചയിലെ ലക്ഷ്വറി ടാസ്കിനിടെയായിരുന്നു കളി കാര്യമായി രജിത്തിന് താല്‍ക്കാലികമായി ബിഗ് ബോസിന് പുറത്തേക്കുള്ള വഴി തുറന്നത്.  ഹൈസ്കൂള്‍ പശ്ചാത്തലം ബിഗ് ബോസില്‍ ഒരുക്കുകയെന്നതായിരുന്നു ടാസ്ക്. ടാസ്കില്‍ കുരുത്തംകെട്ട കുട്ടികളും നിലയ്ക്ക് നിര്‍ത്താന്‍ പോന്ന അധ്യാപകരും ഉള്ള അച്ചടക്കമുള്ള സ്കൂളായിരുന്നു ബിഗ് ബോസ് പറഞ്ഞത്. ടാസികിനിടെ ക്ലാസ് റൂമില്‍, പിറന്നാളിന് മധുരം നല്‍കുന്ന  രേഷ്മയുടെ കണ്ണില്‍ കുസൃതിയെന്നോണം പച്ചമുളക് ചതച്ച് തേക്കുകയായിരുന്നു. അതി ക്രൂരമായ ഈ സംഭവത്തിന് ശേഷം രേഷ്മയെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും രജിത്തിനെ താല്‍ക്കാലികമായി പുറത്താക്കുകയും ചെയ്തു.

ഇത്രയും കാര്യങ്ങള്‍ സംഭവിച്ചതിന് മുമ്പും പിമ്പും ദയ അശ്വതിയുടെ വൈകാരിക പ്രകടനങ്ങളായിരുന്നു എപ്പിസോഡിന്‍റെ മറ്റൊരു പ്രത്യേകത.   സംഭവം നടന്ന ശേഷം അയാള്‍ക്ക് അങ്ങനെ സംഭവിക്കേണ്ടതില്ലല്ലോ എന്നായിരുന്നു ദയയുടെ പ്രതികരണം. ബാക്കിയുള്ളവര്‍ക്ക് നല്ലകാര്യങ്ങള്‍ പറഞ്ഞുകൊടുക്കുന്ന മാഷിനിതെന്ത് പറ്റിയെന്നും ദയ പറഞ്ഞു. പിന്നാലെ തനിച്ചിരുന്ന് സംസാരിക്കുന്നതിനിടയില്‍ ദയ, മറ്റാരെങ്കിലുമാണ് ഇത് ചെയ്തതെങ്കില്‍ ഇവിടെ എല്ലാരും കൂടെ അവരെ പച്ചയ്ക്ക് തിന്നേനെ എന്ന് പറഞ്ഞു. 

എന്നാല്‍ ബിഗ് ബോസിന്‍റെ അറിയിപ്പെത്തിയതിന് പിന്നാലെ കാര്യങ്ങള്‍ മാറിമറ‍ഞ്ഞു. രജിത് കുമാര്‍ ചെയ്ത ക്രൂരകൃത്യത്തിന്‍റ ഗൗരവം കണക്കിലെടുത്ത് രജിത്തിനെ താല്‍ക്കാലികമായി പുറത്താക്കുന്നുവെന്ന് അറിയിപ്പെത്തി. പിന്നാലെ കുളിമുറിയിലേക്ക് ഓടിയ ദയ പൊട്ടിക്കരഞ്ഞു. ഡോര്‍ അടച്ചിട്ട് കരയുകയായിരുന്ന ദയയെ പിന്നാലെ എത്തിയ എലീനയും ആര്യയും പുറത്തേക്ക് വിളിച്ചു. അയാള്‍ അറിയാതെ ചെയ്തതാവും എന്നും ദയ ഇടയ്ക്ക് പറയുന്നുണ്ടായിരുന്നു. ഡോറടച്ചിട്ട് കരയരുതെന്നും പുറത്തുനിന്ന് കരയണമെന്നും ഫുക്രുവും എലീനയും ആര്യയും പറഞ്ഞു. അപ്പോഴും അവിടെയിരുന്നു ഏങ്ങി ഏങ്ങി കരയുകയായിരുന്നു ദയ.