ബിഗ് ബോസ് വീട്ടില്‍ കഴിഞ്ഞ ദിവസം തൊട്ട് ശോകമൂകമായ രംഗങ്ങളാണ്. ഒരു ടാസ്‍ക്കിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളാണ് കാരണം. രജിത് രേഷ്‍മയുടെ കണ്ണില്‍ മുളക് തേക്കുകയായിരുന്നു. സംഭവത്തില്‍ രജിത്തിനെ താല്‍ക്കാലികമായി ബിഗ് ബോസ് പുറത്താക്കിയിരുന്നു. ഇന്ന് ദയാ അശ്വതിക്ക് നെഞ്ച് വേദന അനുഭവപ്പെട്ടതാണ് ഇന്നത്തെ വലിയ സംഭവം.

രജിത് പുറത്തുപോയതോടെ സംഘര്‍ഷത്തിലായിരുന്നു ദയാ അശ്വതി. രേഷ്‍മയുടെ കണ്ണില്‍ മുളക് തേച്ചതിന് രൂക്ഷമായി പ്രതികരിച്ചെങ്കിലും രജിത് തല്‍ക്കാലത്തേയ്‍ക്ക് പുറത്താക്കപ്പെട്ടു എന്ന് അറിഞ്ഞയുടൻ ദയാ അശ്വതി കരച്ചില്‍ തുടങ്ങി. ഫുക്രുവടക്കമുള്ളവര്‍ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. പക്ഷേ ദയാ അശ്വതി കരച്ചില്‍ തുടര്‍ന്നു. രജിത്തിനെ കുറിച്ച് എല്ലാവരും സംസാരിക്കുന്നതിനിടയില്‍ രേഷ്‍മ ചികിത്സ കഴിഞ്ഞ് ബിഗ് ബോസ്സില്‍ തിരിച്ചെത്തുകയും ചെയ്‍തു. സംഭവം പുരോഗമിക്കവേ ബിഗ് ബോസ് പുതിയൊരു ടാസ്‍ക് കൊടുത്തു. അന്താക്ഷരി കളിക്കുകയായിരുന്നു ടാസ്‍ക്. സ്വിമ്മിംഗ് പൂളില്‍ കാല്‍ ഇട്ട് അന്താക്ഷരി കളിക്കാനായിരുന്നു ടാസ്‍ക്.

അന്താക്ഷരി കളി നടക്കവേയായിരുന്നു നെഞ്ച് വേദന അനുഭവപ്പെടുന്നതായി ദയാ അശ്വതി പറഞ്ഞത്. അതോടെ എല്ലാവരും പരിഭ്രാന്തരായി. ഡോക്ടര്‍ വരാൻ എല്ലാവരും ആവശ്യപ്പെട്ടു. എല്ലാവരും ചേര്‍ന്ന് ദയാ അശ്വതിയെ ഡോക്ടറുടെ അടുത്തേയ്‍ക്ക് പറഞ്ഞയക്കുകയും ചെയ്‍തു. ഡോക്ടര്‍ വന്ന് പരിശോധിച്ച് ദയാ അശ്വതിയെ പുറത്തേയ്‍ക്ക് കൊണ്ടുപോകുകയും ചെയ്‍തു. സംഘര്‍ഷഭരിതമായ രംഗങ്ങളായിരുന്നു ബിഗ് ബോസ് വീട്ടില്‍.

ദയാ അശ്വതിക്ക് എന്തുപറ്റിയെന്ന ആശങ്കയിലായിരുന്നു എല്ലാവരും. പക്ഷേ ആശങ്ക അധികനേരം ഉണ്ടാകേണ്ട കാര്യമുണ്ടായില്ല. അതിനുള്ളില്‍ തന്നെ ദയാ അശ്വതി തിരിച്ചുവന്നു. ടെൻഷൻ കൊണ്ടുണ്ടായ നെഞ്ചു വേദനയാണെന്ന് ഡോക്ടര്‍ പറഞ്ഞതായി ദയാ അശ്വതി വ്യക്തമാക്കി. ടെൻഷൻ കാരണം മസില്‍ പിടിച്ചതാണ്. ഇഞ്ചക്ഷൻ വെച്ചതായും ദയാ അശ്വതി പറഞ്ഞു.

ഇനി ടെൻഷൻ ഒന്നും ഉണ്ടാകരുത് എന്ന് മറ്റുള്ളവര്‍ ദയാ അശ്വതിയെ ഉപദേശിക്കുകയും ചെയ്‍തു.