ബിഗ് ബോസ്സില്‍ മത്സരം അതിന്റെ ആവേശത്തിലേക്ക് നീങ്ങുകയാണ്. ആരു പുറത്തുപോകും ആര് നിലനില്‍ക്കും എന്നതാണ് ചോദ്യം. കഴിഞ്ഞ തവണ രാജിനി ചാണ്ടിയും ഇന്ന് ആരോഗ്യകാരണങ്ങളാല്‍ സോമദാസും പുറത്തുപോയിരിക്കുന്നു. ഇനി അടുത്തത് ആര് എന്ന് പ്രേക്ഷകര്‍ ചോദിക്കുന്നു. ആരാണ് പുറത്തുപോകേണ്ടത് എന്ന് ബിഗ് ബോസ്സിലെ ഓരോരുത്തരും ഇന്ന് നാമനിര്‍ദ്ദേശം ചെയ്‍തു.

ബിഗ് ബോസ്സില്‍ സജീവമല്ലാത്തവരും തുടരാൻ യോഗ്യതയില്ലാത്തവരുമായവരുടെ പേര് പറയാനായിരുന്നു നിര്‍ദ്ദേശം. ആദ്യം ബിഗ് ബോസ് ക്ഷണിച്ചത് തെസ്‍നി ഖാനെ ആയിരുന്നു. ആരെയും നാമനിര്‍ദ്ദേശം ചെയ്യാൻ ഇഷ്‍ടമല്ലെങ്കിലും സുരേഷ് കൃഷ്‍ണന്റെയും പരീക്കുട്ടിയുടെയും പേര് പറയുന്നു എന്നാണ് തെസ്‍നി ഖാൻ പറഞ്ഞത്. ആരോഗ്യമുണ്ടെങ്കിലും സുരേഷ് കൃഷ്‍ണന് അസുഖമുള്ളത് പ്രശ്‍നമാണെന്നാണ് തെസ്‍നി ഖാന്റെ കണ്ടെത്തല്‍. പരീക്കുട്ടി അച്ചടക്കം പാലിക്കുന്നില്ലെന്നും തെസ്‍നി ഖാൻ പറഞ്ഞു. വിചാരിച്ചതുപോലെ ഉയരുന്നില്ല എന്ന് വ്യക്തമാക്കി രജിത് കുമാര്‍ ആര്യയുടെ പേര് നിര്‍ദ്ദേശിച്ചു. രേഷ്‍മയെയായിരുന്നു തൊട്ടടുത്ത് രജിത് കുമാര്‍ നിര്‍ദ്ദേശിച്ചത്.

പരീക്കുട്ടി നിര്‍ദ്ദേശിച്ചത് രഘുവിനെയും പാഷാണം ഷാജിയെയും ആയിരുന്നു. രണ്ടുപേരും സജീവമല്ല പാഷാണം ഷാജി ഭക്ഷണം കഴിക്കുമ്പോള്‍ മാത്രമാണ് സജീവമാകുന്നത് എന്നായിരുന്നു പരീക്കുട്ടി പറഞ്ഞത്.

ഫുക്രു നിര്‍ദ്ദേശിച്ചത് അലസാൻഡ്രയെയും എലീനയെയും ആയിരുന്നു. ആവശ്യമില്ലാതെ കുറ്റപ്പെടുത്തുന്നു തെറ്റായ കാര്യങ്ങള്‍ പറയുന്നു എന്നാണ് അലസാൻഡ്രയെയെ കുറിച്ച് ഫുക്രു പറഞ്ഞത്. എലീനയെ കുറിച്ച് പഴയ കാര്യം തന്നെ എന്നും പറഞ്ഞു. മഞ്ജു പത്രോസ് ആദ്യം പറഞ്ഞ് സുരേഷ് കൃഷ്‍ണനെയാണ്. രജിത് കുമാറിനെ ആവശ്യമില്ലാതെ വ്യക്തിഹത്യ നടത്തുന്നുവെന്നാണ് മഞ്ജു പത്രോസ് പറഞ്ഞത്. രജിത് കുമാറിനെയും മഞ്ജു പത്രോസ് നാമനിര്‍ദ്ദേശം ചെയ്‍തു. രജിത് കുമാര്‍ സംസാരിക്കുന്നത് ശരിയല്ല എന്ന് മഞ്ജു പത്രോസ് പറഞ്ഞു. അലസാൻഡ്ര പറഞ്ഞത് രജിത് കുമാറിനെയാണ്.  രജിത് കുമാര്‍ എല്ലാവരെയും ഉപദേശിക്കുകയാണ്, മറ്റുള്ളവരെ സദസ്സിനു മുന്നില്‍ മോശമായി ചിത്രീകരിക്കുന്നുണ്ട് എന്നും അലസാൻഡ്ര പറയുന്നു. പെട്ടെന്ന് ദേഷ്യം വരുന്നയാളാണ്, ക്ഷമ ചോദിച്ചാല്‍ പോലും അംഗീകരിക്കില്ല എന്ന് വ്യക്തമാക്കി ഫുക്രുവിന്റെയും പേര് അലസാൻഡ്ര പറഞ്ഞു.

വീണ നായര്‍ പറഞ്ഞത് എലീനയെയും രജിത് കുമാറിനെയുമാണ്. എലീനയുടെ സ്വഭാവം മാറി, തന്നോട് അടുപ്പം കാണിക്കുന്നില്ല. രജിത് കുമാര്‍ ഇപ്പോള്‍ അഭിനയിക്കുകയാണ്. നേരത്തെ ഉള്ള സ്വാഭാവികത ഇല്ലെന്നും വീണ നായര്‍ പറഞ്ഞു. രജിത് കുമാറിനെയും പരീക്കുട്ടിയെയും കുറിച്ചാണ് സുജോ പറഞ്ഞത്. പാഷാണം ഷാജി പരീക്കുട്ടിയെയും തെസ്‍നി ഖാനെയും നാമനിര്‍ദ്ദേശം ചെയ്‍തു. സുരേഷ് കൃഷ്‍ണൻ കഴിഞ്ഞ തവണ പോലെ തന്നെ അലസാൻഡ്രയെയും രേഷ്‍മയെയുമാണ് നാമനിര്‍ദ്ദേശം ചെയ്‍തത്. ആര്യ എലീനയെയും പരീക്കുട്ടിയെയും കുറിച്ചാണ് പറഞ്ഞത്. പരീക്കുട്ടി അഭിനയിക്കുകയാണെന്ന് ആര്യ പറഞ്ഞു. രേഷ്‍മ പറഞ്ഞത് രജിത് കുമാറിനെയും വീണ നായരെയുമാണ്. മോഹൻലാല്‍ വന്ന ഭാഗത്തിന് ശേഷം രജിത് കുമാര്‍ തന്റെ രീതി മാറ്റിയിരിക്കുകയാണ്, ഇഷ്‍ടം പിടിച്ചുപറ്റാൻ ശ്രമിക്കുകയാണ് നിലനില്‍ക്കാൻ വേണ്ടിയെന്ന് രേഷ്‍മ പറഞ്ഞു. രഘു പറഞ്ഞത് രജിത് കുമാറിനെയും പരീക്കുട്ടിയെയുമാണ്. രജിത് കുമാര്‍ മറ്റുള്ളവരെ വ്യക്തിഹത്യ നടത്തുകയാണെന്നും രഘു പറഞ്ഞു. പരീക്കുട്ടിക്ക് പെട്ടെന്ന് മാനസിക ബുദ്ധിമുട്ടുണ്ടാകുകയും പെരുമാറുന്നത് കണ്ടപ്പോള്‍ പേടി തോന്നിയെന്നും രഘു പറഞ്ഞു. അവന്റെ സ്വഭാവത്തെ കുറിച്ചല്ല പറയുന്നത്. രാത്രിയില്‍ അവൻ കണ്ണ് തുറന്ന് കിടക്കുന്നു. പെട്ടെന്ന് വീട്ടുകാരെ ഓര്‍മ്മ  വന്നു എന്നാണ് പറഞ്ഞത്. കണ്ടപ്പോള്‍ പേടി തോന്നി. ആത്മാര്‍ഥ സുഹൃത്തിന്റെ പേര് പറയുന്നത് വിഷമമാണ്. പക്ഷേ പരീക്കുട്ടിയുടെ പേര് പറയുന്നു. ഇവിടെ നില്‍ക്കുമ്പോള്‍ അവന്റെ മാനസിക അവസ്ഥ ബുദ്ധിമുട്ടാകുകയേ ഉള്ളൂവെന്നതു കൊണ്ടാണ് പറയുന്നത് എന്നും രഘു പറഞ്ഞു. തെസ്‍നി ഖാനെയും വീണ നായരെയുമാണ് എലീന പറഞ്ഞത്. പ്രദീപ് ചന്ദ്രൻ രജിത് കുമാറിനെയും അലസാൻഡ്രയെയും ആണ് പറഞ്ഞത്. നിലനില്‍ക്കാൻ വേണ്ടി ഓരോ തവണയും വ്യക്തിത്വം മാറ്റിപ്പിടിക്കുകയാണ്, അദ്ദേഹത്തോടുള്ള ബഹുമാനത്തോടെയാണ് പറയുന്നുവെന്നും പ്രദീപ് ചന്ദ്രൻ പറഞ്ഞു.