ബിഗ് ബോസിൽ നടക്കുന്ന ഓരോ സംഭവങ്ങളുടെയും അനുരണനങ്ങൾ പുറത്തും ഉണ്ടാവുന്നുണ്ട്. അകത്ത് മത്സരാർത്ഥികളുടെ പ്രകടനം. പുറത്തു മത്സരാർത്ഥികളുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ആരാധകരുടെയും വെട്ടുക്കിളി ഫാന്സിന്റെയും മാധ്യമങ്ങളുടെയും കളി. ഇത്തവണ ശരിക്കും കളികൾ വേറെ ലെവലിൽ തന്നെയാണ്. ബിഗ് ബോസിലെ വനിതാ മത്സരാര്‍ത്ഥികളും മത്സരാർത്ഥികളുടെ ബന്ധുക്കളും സുഹൃത്തുക്കളുമായ വനിതകളും അനുഭവിക്കുന്ന  വേറൊരു ക്രൂരമായ കളിയും ഇതിനിടയിൽ ആരും കാര്യമായി ശ്രദ്ധിക്കപ്പെടാതെ നടക്കുന്നുണ്ട്. സൈബർ ബുള്ളിയിങ്. അത്തരത്തിൽ സൈബർ ബുള്ളിയിങ്ങിനു ഇരയായി കൊണ്ടിരിക്കുന്ന ബിഗ് ബോസ് മത്സരാർത്ഥി ആർ ജെ രഘുവിന്റെ ഭാര്യ സംഗീത മേനോൻ താനും തന്നെപോലെ നിരവധി സ്ത്രീകളും ബിഗ് ബോസിന്റെ ഭാഗമായി നേരിടുന്ന അക്രമണങ്ങളെക്കുറിച്ചു സംസാരിക്കുന്നു. യു എ ഇയിൽ ഫിനാൻസ് മേഖലയിൽ ജോലി ചെയ്യുകയാണ് സംഗീത.

കുഞ്ഞുങ്ങള്‍ വേണമെന്ന് തോന്നിയിട്ടില്ല

"ഞങ്ങളുടെ കല്യാണം  കഴിഞ്ഞിട്ട് എട്ട് വർഷമായി. അത് കേൾക്കുമ്പോൾ ആദ്യം തന്നെ കുറെ പേര് ചോദിക്കും കുട്ടികളായോ എന്ന്. രഘു ബിഗ് ബോസിൽ ഇത് പറഞ്ഞപ്പോഴും രജിത് കുമാർ ഇക്കാര്യം രഘുവിനോട് ചോദിക്കുന്നുണ്ട്. രഘു ഞങ്ങൾക്ക് ഇതുവരെ കുഞ്ഞുങ്ങൾ ഇല്ലെന്നു ബിഗ് ബോസിൽ പറഞ്ഞപ്പോഴാണ്  എന്റെ ജീവിതത്തിലേക്കും നുഴഞ്ഞു കയറാൻ ഒരവസരം ആളുകൾക്ക് കിട്ടിയത്. ആളുകൾ അത് ഉപയോഗിച്ചു. രഘു ഷോയിൽ ഇത് പറഞ്ഞപ്പോൾ മുതൽ ആളുകൾ എന്നോട് വന്നു നിരന്തരം ചോദിച്ച കൊണ്ടിരിക്കുകയാണ് നിങ്ങള്‍ക്കാണോ കുഴപ്പം, ആരുടെ കുഴപ്പമാണ്, ഡോക്ടറെ കാണിച്ചില്ലേ, നിങ്ങൾ കരിയർ ഓറിയന്റഡ് ആണോ  എന്താ നിങ്ങൾക്ക് കുട്ടികൾ വേണ്ടാത്തത്, നിങ്ങൾക്ക് എന്തെങ്കിലും പ്രശ്‍നങ്ങൾ ഉണ്ടോ, ഒരു സ്ത്രീയായിട്ട് നിങ്ങൾക്ക് കുഞ്ഞുങ്ങൾ വേണ്ടേ, നിങ്ങൾക്ക് കുഞ്ഞുങ്ങളെ ഇഷ്‍ടമല്ലേ, ഡോക്ടറെ കണ്ടില്ലേ എന്നൊക്കെ. ഞാൻ ഇതിനൊന്നും ഇതുവരെ ഉത്തരം പറയാൻ പോയിട്ടില്ല. എന്നാൽ നമ്മൾ മനുഷ്യരല്ലേ, എല്ലായ്പ്പോഴും അങ്ങനെ ക്ഷമിക്കാനൊന്നും പറ്റില്ലല്ലോ. കേട്ട് കേട്ട് തല പെരുക്കുമല്ലോ.

ബിഗ് ബോസ് തുടങ്ങിയ അന്ന് മുതൽ ഞാൻ ഞാൻ എന്റെ ജീവിതത്തിലേക്കുള്ള , എന്റെ സ്പെയ്‍സിലേക്കുള്ള ആളുകളുടെ നുഴഞ്ഞു കയറ്റം അനുഭവിക്കുകയാണ്. ഞങ്ങൾ രണ്ടു പേരും വിവാഹിതരായെങ്കിലും പണ്ടുള്ളവർ പറയുന്നത് പോലെ രണ്ടു ശരീരവും ഒരു മനസുമല്ല ഞങ്ങൾ. ഞങ്ങൾ രണ്ടു ശരീരവും രണ്ടു മനസും രണ്ടു വ്യക്തിത്വങ്ങളും തന്നെയാണ്. അത് കൊണ്ട് തന്നെ ഞങ്ങൾക്ക് ഇതുവരെ കുഞ്ഞുങ്ങൾ വേണമെന്ന് തോന്നിയിട്ടില്ല എന്നതാണ് ഇതിനുള്ള മറുപടി. എന്നാൽ അതിൽ ആളുകൾ തൃപ്‍തരുമല്ല.

ഞങ്ങൾ വിവാഹം കഴിച്ചവർ എങ്കിലും ഞങ്ങൾക്ക് രണ്ടു പേർക്കും രണ്ടു കരിയർ ഉണ്ട്. അതിനൊക്കെ ഇടയിൽ ഞങ്ങളുടെ ജീവിതം ഇഷ്‍ടമുള്ള പോലെ ഡിസൈൻ ചെയ്യാമല്ലോ. അത് മുഴുവൻ ആളുകളോട് വിശദീകരിക്കേണ്ടതുണ്ടോ? രഘു ജീവിതത്തെ വളരെ ലൈറ്റ് ആയി കാണുന്ന ആളാണ്. രഘുവിനൊപ്പം കൂടിയിട്ട് ഞാനും കുറച്ചു അങ്ങനെയൊക്കെ ആയിട്ടുണ്ട്. ഞങ്ങൾക്ക് എപ്പോള്‍ കുട്ടികൾ വേണം, എവിടെ ജീവിക്കണം എന്നൊക്കെ ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്. ഞങ്ങളുടെ പേഴ്‍സണൽ ലൈഫിൽ നിങ്ങൾ കടന്നു വരരുത് എന്ന് പറഞ്ഞാൽ നിങ്ങൾക്ക് അത് അഹങ്കാരമായി തോന്നും. പക്ഷെ പറയേണ്ട ഗതികേടിലെത്തിയിട്ടുണ്ട് ഞാൻ.

രജിത് ഫാൻസ്‌ എന്നെ ആക്രമിക്കുന്നത് അപ്പോഴാണ്

സൈബർ ബുള്ളിയിങ് ഒക്കെ ഇതുവരെ കേട്ടിട്ടേ ഉണ്ടായിരുന്നുള്ളു. എനിക്കിത് നേരിടേണ്ടി വരും എന്ന് ചിന്തിച്ചിട്ടേയില്ല. എന്നാൽ ഞാനും കഴിഞ്ഞ 70 ദിവസമായിട്ട് അത് അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. ഇത്ര ദിവസവും ഞാൻ പ്രതികരിക്കാതിരുന്നതിന്റെ കാരണം ഇതൊക്കെ പാർട്ട് ഓഫ് ഗെയിം അല്ലെ എന്ന് ചിന്തിച്ചത് കൊണ്ടാണ്. എന്നാൽ അതിപ്പോള്‍ എല്ലാ അതിരും വിട്ട് പ്രതികരിക്കേണ്ട അവസ്ഥയിൽ എത്തിയിരിക്കുന്നു.
ഭയങ്കരമായി സൈബർ അറ്റാക്ക് നേരിടുന്നതൊക്കെ ഷോയിൽ  മറ്റൊരു മത്സരാർത്ഥിയായ രജിത് കുമാറുമായി രഘുവിനുണ്ടാവുന്ന അഭിപ്രായവ്യത്യാസങ്ങളുമായി ബന്ധപ്പെട്ടാണ്. അപ്പോഴാണ് രജിത് ഫാൻസ്‌ എന്നെ ആക്രമിക്കുന്നത്. കളി അകത്തു നടക്കുമ്പോൾ ആക്രമണം പുറത്തു നടക്കുന്നു. രഘു ഒരു പബ്ലിക് പേഴ്‍സൺ ആണെന്ന് മനസിലാക്കുന്നുണ്ട്. ആരോഗ്യകരമായ എല്ലാ വിമർശനങ്ങളും ഉൾക്കൊള്ളാൻ ഞാൻ തയ്യാറുമാണ്. രഘുവിന്റെ സോഷ്യൽ മീഡിയ ഒക്കെ മാനേജ് ചെയ്യുന്നത് ഞാനും ഞങ്ങളുടെ കുടുംബങ്ങളും സുഹൃത്തുക്കളുമാണ്. അതിനാൽ രഘുവിന് വരുന്ന മെസേജുകളും കമന്റുകളും ഞങ്ങളൊക്കെയാണ് വായിക്കുന്നത്. അത് മുഴുവനും തെറികളാണ്.

രഘു ബിഗ് ബോസിൽ ചെയ്യുന്ന കാര്യങ്ങളെ വിമര്‍ശിക്കാം, വ്യക്തിഹത്യക്ക് എതിരെയാണ് പ്രതികരിക്കുന്നത്

ബിഗ് ബോസിലേക്ക് പോകാൻ രഘു എടുത്ത തീരുമാനം വളരെ പെട്ടന്നായിരുന്നു. എന്നാൽ രഘുവിനു പെട്ടന്ന് കിട്ടിയ പബ്ലിസിറ്റി എന്നെ ബാധിച്ചത് വേറെ തരത്തിലാണ്. മുൻപ് രഘു കോഴിക്കോടും ദുബായിലും മാത്രം അറിയപ്പെടുന്ന ഒരു പോപ്പുലർ വോയിസ് ആയിരുന്നു. രഘു ബിഗ് ബോസിൽ പോയതിനു പൈസ കിട്ടുന്നുണ്ടല്ലോ പിന്നെന്തിനാ സൈബർ ബുള്ളിയിങ്ങിനെക്കുറിച്ചു പരാതി  പറയുന്നത് എന്ന് ചിലർ ചോദിക്കുന്നുണ്ട്. അത് രഘു ചെയ്യുന്ന ഒരു ജോലിക്ക് കിട്ടുന്ന പ്രതിഫലമല്ലേ? അതിനു ഞാൻ സൈബർ ബുള്ളിയിങ് അനുഭവിക്കണോ? തല കുനിച്ചു നിൽക്കണോ? നിങ്ങൾക്ക് രഘു ബിഗ് ബോസിൽ ചെയ്യുന്ന കാര്യങ്ങളെ എങ്ങനെ വേണമെങ്കിലും വിമർശിക്കാം. അതിനു ഞാൻ എതിരല്ല. എന്നാൽ വ്യക്തിഹത്യ ചെയ്യുന്നതിനെതിരെയാണ് ഞാൻ പ്രതികരിക്കുന്നത്.

ഇത്തവണത്തെ ബിഗ് ബോസ് സീസണ് ഒരു പ്രത്യേകതയുണ്ട്. ഒരു വ്യക്തി ഷോയുടെ കേന്ദ്രമായി മാറുന്നു. വളരെ അന്ധമായി ആളുകൾ അദ്ദേഹത്തെ ആരാധിക്കുന്നു. ആ ആരാധകർ അവരുടെ ഇഷ്‍ടം മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കുന്നു. എതിരായി സംസാരിക്കുന്നവരെ ഏത് രീതിയിലും കോർണർ ചെയ്യുന്നു. ആക്രമിക്കുന്നു. വ്യക്തിഹത്യ ചെയ്യുന്നു.ഷോയിൽ നടക്കുന്ന ഓരോ കാര്യത്തിനും പുറത്തു സൈബർ ബുള്ളിയിങ് നടക്കുന്നു.

കണ്ടാൽ അറക്കുന്ന പോണ്‍ വീഡിയോകളും അയച്ചു

രഘുവിന് ചില  വാട്‍സ്ആപ്പ് ഗ്രൂപ്പുകൾ ഉണ്ടായിരുന്നു. അതിൽ രഘുവിന്റെ ബന്ധുക്കളായ കുട്ടികളും അമ്മമാരും ഒക്കെയുണ്ട്. ഒരു ദിവസം ചിലർ  ഈ വാട്‍സ്ആപ്പ് ഗ്രൂപുകളിൽ നുഴഞ്ഞു കയറി കണ്ടാൽ അറക്കുന്ന 300  ഓളം തരം  പോൺ വീഡിയോ അയച്ചു. ആ ഗ്രൂപുകളിൽ എല്ലാ പ്രായത്തിലുമുള്ള ആളുകൾ ഉണ്ടായിരുന്നു. ഞാൻ എങ്ങനെയാണു എന്റെ വീട്ടുകാരോട് ഇത് രഘുവിനൊപ്പം ബിഗ് ബോസിലുള്ള ഒരു കരുത്തനായ മത്സരാര്‍ത്ഥിയുടെ ആരാധകർ  നമ്മുടെ ഗ്രൂപ്പിൽ നുഴഞ്ഞു കയറി ചെയ്‍തതാണ് എന്ന് പറഞ്ഞു മനസിലാക്കുക?

ഞാൻ പരാതിയൊന്നും കൊടുത്തില്ല. എന്നാൽ ഇതൊക്കെ ഭയങ്കര പ്രശ്‍നമുള്ള കാര്യമല്ലേ? ഇതൊക്കെ ആരോഗ്യകരമായ രീതിയാണോ? രഘു ഷോയിൽ ഓരോന്നു ചെയ്യുന്നതിനാണ് ഇവർ ഇങ്ങനെയൊക്കെ ചെയ്യുന്നത്.
രഘുവിന് ബിഗ് ബോസ് വെറും ഗെയിമും സോഷ്യൽ എക്സ്പിരിമെന്റും ആണ്. എന്നോടും അങ്ങനെത്തന്നെ കാണാൻ പറഞ്ഞത് കൊണ്ടാണ് ഞാൻ ഇതിലൊന്നും പരാതിയൊന്നും കൊടുക്കാൻ പോകാത്തത്.

അങ്ങനെ പോൺ വീഡിയോ അയച്ചു കൊണ്ടാണ് ഇവർ സൈബർ ആക്രമണം ഉദ്‍ഘാടനം ചെയ്തത്. ഈ സൈബർ ബുള്ളിയിങ് ഞാൻ  മാത്രം നേരിടുന്ന പ്രശ്‍നമല്ല, വനിതാ മത്സരാര്‍ത്ഥികളായ മഞ്ജു, വീണ,ജസ്‍ല, രാജിനി ചാണ്ടി, ആര്യയൊക്കെ ഇത് നേരിടുന്നുണ്ട്. സത്യത്തിൽ പുറത്തു സൈബർ ബുള്ളിയിങ് ചെയ്യുന്നവർ, അവർ  ആരാധിക്കുന്ന അവരുടെ മത്സരാർത്ഥിക്കെതിരെ നിൽക്കുന്ന എല്ലാ മത്സരാര്‍ഥികളോടും മനുഷ്യരോടും അദ്ദേഹത്തോട് വിയോജിക്കുന്നവരോടും ഇവർ ഇത് തന്നെയാണ് ചെയ്യുന്നത്. എങ്ങനെയെങ്കിലും തെറി പറഞ്ഞു, അബ്യുസ് ചെയ്‍ത് ഓടിച്ചു അദ്ദേഹത്തിന് എതിർ ശബ്‍ദം ഉയർത്തുന്നവരുടെ സാന്നിധ്യം ഓൺലൈനിലും മറ്റും കുറയ്ക്കാനാണ് ഇവരിതൊക്കെ ചെയ്യുന്നത്. അവരാണ്  മാസ് എന്ന് കാണിക്കണം. അല്ലെങ്കിൽ എണ്ണത്തിൽ കൂടുതൽ അവർ എന്ന് കാണിക്കണം.

സൈബർ ബുള്ളിയിങ് ടീമിലുള്ളവര്‍ക്ക് ഒരേ സ്വഭാവം

ആ സൈബർ ബുള്ളിയിങ് ടീമിലുള്ള എല്ലാവര്ക്കും ഒരേ സ്വഭാവമാണ്. അതിലുള്ള മിക്കവാറും എല്ലാവരും  മെയിൽ ഷോവനിസ്റ്റുകളാണ്. എനിക്ക് ഇവരുടെ ഒരു സീക്രട്ട് ഗ്രൂപ്പിലെ സ്ക്രീൻ ഷോട്ട് കിട്ടി. അതിൽ പറയുന്നത് രഘുവിനെക്കുറിച്ചു സംസാരിക്കുന്നവരുടെ തള്ളക്കും തന്തക്കും വിളിക്കുക എന്നായിരുന്നു. ഇത്തരത്തിലുള്ള ഒരുപാട് അക്രമ ആഹ്വാനങ്ങൾ എനിക്ക് കിട്ടിയിട്ടുണ്ട്. അതിലൊലൊക്കെ പറയുന്നത് ഇവർ ആരാധിക്കുന്ന താരത്തെ പിന്തുണക്കാത്തവരെയും മറ്റേതെങ്കിലും മത്സരാർത്ഥികളെ പിന്തുണക്കുന്നവരെയും തെറി പറഞ്ഞു ഓടിക്കാനാണ്. അപ്പോള്‍ ഇതൊക്കെ പ്ലാൻഡ് ആണ്. ഏതോ കേന്ദ്രത്തിൽ നിന്നും ഇവർ ഇതൊക്കെ പ്ലാൻ ചെയ്യുന്നുണ്ട്. എന്നെ മാത്രമല്ല സോഷ്യൽ മീഡിയയിൽ കമന്റ് ചെയ്യുന്നവരെയും പോസ്റ്റ് ഇടുന്നവരെയും ഇവർ തെറി വിളിക്കുന്നുണ്ട്.

പെണ്ണുങ്ങളെ തെറി വിളിക്കാൻ ഇവർക്കൊക്കെ കുറച്ചു ആവേശം കൂടുതലാണ്. സ്ത്രീകളായ മത്സരാര്‍ത്ഥികളെയും പുരുഷന്മാരായ മത്സരാർത്ഥികളുടെ സ്ത്രീകളായ ബന്ധുക്കളെയുമാണ് ഇവർ കൂടുതലായി ആക്രമിക്കുന്നത്. സ്ത്രീകൾ തിരിച്ചു പ്രതികരിക്കില്ല എന്ന തോന്നലായിരിക്കാം. അതിൽ നിന്ന് കിട്ടുന്ന ധൈര്യവും സന്തോഷവുമായിരിക്കാം.

സ്ത്രീകളെ തെറി വിളിക്കുന്നത് സ്ത്രീകൾ സ്വയം അപമാനമായിട്ടെടുക്കും എന്നവർ കരുതുന്നുണ്ടാവാം. സ്ത്രീകൾ നാണക്കേട് കൊണ്ട് ഇതാരോടും പറയില്ല, പരാതിയുണ്ടാവില്ല, മിണ്ടാതിരുന്നു കൊള്ളും എന്നുള്ള ഒരു ചിന്താഗതിയാണിവർക്ക്. സ്ത്രീകളെ ഇത്രയേറെ ഇവർ ടാർഗെറ്റ് ചെയ്യാൻ കാരണം സ്ത്രീകൾ പൊതുവെ ഈസി ടാർഗെറ്റ്സ് ആണെന്ന് ഇവർ കരുതുന്നതിനാലാണ്. നമ്മളെ എന്തെങ്കിലും പറഞ്ഞാൽ നമ്മൾ ചിലപ്പോള്‍ കരയും, പുറത്തു പറയില്ല, നമ്മൾക്കത് നാണക്കേടാണ്, അല്ലെങ്കിൽ നമ്മുടെ വീട്ടുകാർ പറയും നീയൊരു പെണ്ണാണ്, കുറച്ചു കൂടി അടക്കവും ഒതുക്കവും വേണമെന്ന്, കല്യാണം കഴിക്കാത്ത പെണ്‍കുട്ടികളോടാണെങ്കിൽ നിനക്ക് നാളെ കല്യാണം കല്യാണം കഴിക്കാനുള്ളതാണെന്നു പറയും. കല്യാണം കഴിച്ചവരോടാണെങ്കിൽ പറയും നിന്റെ ഭർത്താവിന്റെ വീട്ടുകാർ എന്ത് വിചാരിക്കും, നാട്ടുകാർ എന്ത് വിചാരിക്കും എന്നൊക്കെ. നമ്മളെ അങ്ങ് അടിച്ചമർത്തി മിണ്ടാതിരുത്തലാണ് സമൂഹത്തിൽ ഇത്തരം കാര്യങ്ങൾ നടക്കുമ്പോൾ പൊതുവെ നടക്കുന്നത്. പക്ഷെ നമ്മൾ ഇത്തരം സന്ദർഭങ്ങളിൽ പ്രതികരിക്കാതിരിക്കരുത്. തുറന്നു സംസാരിക്കണം. നമുക്ക് വേണ്ടിയല്ല. വരും തലമുറക്ക് ധൈര്യം കൊടുക്കാൻ വേണ്ടി. പ്രതികരിക്കാൻ ധൈര്യം കൊടുക്കാൻ. സമാന അനുഭവമുള്ള സ്ത്രീകൾക്ക് പ്രതികരിക്കാൻ വഴിയൊരുക്കാൻ ചിലപ്പോ നമ്മുടെ പ്രതികരണങ്ങൾക്ക് കഴിയും.

മഞ്‍ജുവിനും ആര്യക്കും വീണക്കും കിട്ടാത്ത തെറിവിളികളും ടാഗുകളുമില്ല. അത് പോലെ തന്നെയാണ് രഘുവിനെയും ഇവർ ആക്രമിക്കുന്നത്. പാവാട, കോളനി, അടുക്കള, അയൽക്കൂട്ടം എന്നൊക്കെ ഇവർ തെറിയായിട്ടാണ് വിളിക്കുന്നത്. ഇതൊന്നും ട്രോൾ അല്ല. വ്യക്തിപരമായ ആക്രമണമാണ്.

ആരോഗ്യകരമായ ഒരു ചര്ച്ചക്കും ഇവരൊന്നും ഇല്ല. എവിടെ മര്യാദക്ക് ഒരു പോസ്റ്റ് ഇട്ടാൽ പോലും അതിൽ വരുന്ന കമന്റുകൾ സ്ത്രീവിരുദ്ധവും ട്രാൻസ് വിരുദ്ധവും മനുഷ്യത്വ വിരുദ്ധവുമാണ്. നിനക്കെത്ര തന്തയുണ്ടെന്നൊക്കെ ചോദിക്കുന്നത് ഇവരുടെ ഏറ്റവും ചെറിയ തെറിയാണ്. അവർ വിളിക്കുന്ന പലതും പറയാൻ പോലും അറപ്പാണ്.

ഒരു മത്സരാര്‍ത്ഥിയോടുള്ള ആരാധന കൊണ്ട് മറ്റു മത്സരാര്‍ത്ഥികളെയും അവരുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയുമൊക്കെ ആക്രമിക്കുന്നത് എന്ത് ന്യായമാണ്. നിങ്ങൾ നിങ്ങൾക്ക് ഇഷ്‍ടമുള്ളവരെ ആരാധിക്കു. അതിനു മറ്റുള്ളവരെ ആക്രമിക്കുന്നത് എന്തിനാണ്? സൈബർ ബുള്ളിയിങ് അത്ര ചെറിയ കാര്യമൊന്നുമല്ല.

ബോധവൽക്കരണം എന്ന രീതിയിലാണ് പരാതിപ്പെടുന്നത്

ഞാനിപ്പോൾ പരസ്യമായി പരാതിപ്പെടാൻ കാരണം സഹിക്കാൻ വയ്യാത്ത സൈബർ ബുള്ളിയിങ്ങിലേക്ക് ഇത് നീങ്ങുന്നത് കൊണ്ടാണ്. നിന്റെ ഭർത്താവ് ഇറങ്ങട്ടെ, ഞങ്ങൾ വീട്ടിൽ വന്നു കണ്ടോളാം, ശരിയാക്കും എന്നൊക്കെയാണിപ്പോൾ ഭീഷണി. ഞാനതിൽ പേടിച്ചിട്ടല്ല ഇപ്പോള്‍ പ്രതികരിക്കുന്നത്. ഇങ്ങനൊക്കെ നടക്കുന്നുണ്ടെന്ന് ആളുകൾ അറിയണം. അച്ഛനെയും അമ്മയെയും തെറിവിളിക്കുന്നതൊന്നും ശരിയായി തോന്നുന്നില്ല. ഇവരൊന്നും ഷോ കണ്ടിട്ടാണ് തെറി വിളിക്കുന്നതെന്നു പോലും തോന്നുന്നില്ല. ഞാനിപ്പോള്‍ ഇതൊക്കെ പറയുന്നത് ഒരു ബോധവൽക്കരണം എന്ന രീതിയിലാണ്. ഇങ്ങനൊക്കെ  സമൂഹത്തിൽ നടക്കുന്നുണ്ട് എന്ന് എല്ലാവരും അറിയണം.

രഘു ഷോയില്‍ ചെയ്യുന്നതെല്ലാം ശരിയല്ല

രഘു ഷോയിൽ ചെയ്യുന്നതെല്ലാം ശരിയാണോ എന്ന് നിങ്ങൾ  ചോദിച്ചാൽ എന്റെ ഉത്തരം, അല്ല, ശരിയല്ല എന്ന് തന്നെയാണ്. അതിന്റെ കാരണം, എന്റെ ശരിയല്ല രഘുവിന്റെ ശരി എന്നതിനാലാണ്. ഞാൻ ശരിയെന്നു വിശ്വസിക്കുന്ന രീതിയിലാവണമെന്നില്ല രഘു കളിക്കുന്നത്. എന്ന് വച്ച് അതിനു എന്നെയോ വീട്ടുകാരെയോ തെറി വിളിച്ചിട്ട് കാര്യമുണ്ടോ?

സഹിക്കാൻ കഴിയാത്തത്ര ഭീകരമാണ് കാര്യങ്ങൾ

ഇത്ര വലിയ ആക്രമണം നടന്നു കൊണ്ടിരുന്നിട്ടും ഞാൻ ഇത്ര നാൾ മിണ്ടാതിരുന്നത്, ഒരു ഷോ നടക്കുകയാണ്,  പോസിറ്റീവ് ആയോ നെഗറ്റിവ് ആയോ ഷോയെയോ രഘുവിനെയോ ഇൻഫ്ലുവെൻസ് ചെയ്യേണ്ട എന്ന് കരുതിയാണ്. പുറത്തു ഞാൻ ഗെയിം കളിച്ചു എന്ന് പറയിപ്പിക്കേണ്ട എന്ന് കരുതിയാണ്. എന്നാൽ സഹിക്കാൻ കഴിയാത്തത്ര ഭീകരമാണ് കാര്യങ്ങൾ. അതിനാലാണിപ്പോൾ പ്രതികരിക്കുന്നത്. ആളുകൾ കാര്യങ്ങൾ അറിയട്ടെ എന്ന് കരുതി തന്നെയാണ് ഇപ്പോൾ തുറന്നു പറയുന്നത്. ഇതെന്റെ സാമൂഹിക പ്രതിബദ്ധത കൂടിയാണ്. നിങ്ങൾ ബിഗ് ബോസിലെ എല്ലാ സ്ത്രീ മത്സരാര്‍ത്ഥികളെയും ആക്രമിച്ചപ്പോൾ, ഇപ്പോഴും ആക്രമിച്ചു കൊണ്ടിരിക്കുമ്പോൾ അവർ മിണ്ടാതിരിക്കുന്നത് നിങ്ങളുടെ തെറി വീണ്ടും കേൾക്കാൻ മടിച്ചിട്ടാണ്. നിങ്ങൾക്ക് നോക്കിയാൽ അറിയാം ബിഗ് ബോസിൽ നടക്കുന്ന കാര്യങ്ങൾക്ക് അനുസരിച്ചാണ് പുറത്തു തെറി വിളി നടക്കുന്നത്. ഗെയിം അകത്താണെങ്കിലും പ്രതികരണം പുറത്താണുണ്ടാവുന്നത്. അതൊക്കെ തെറിവിളിയാണ്. ഏറ്റവും പ്രബുദ്ധരായ മലയാളികൾ തന്നെയാണോ ഇത് ചെയ്യുന്നത്? കേട്ടാൽ അറക്കുന്ന തെറി വിളിച്ചു സ്ത്രീകളുടെ വായടപ്പിക്കുക തന്നെയാണ് ഇപ്പോഴും ഇവരുടെ രീതി.

നിങ്ങൾ നിങ്ങൾക്ക് ഇഷ്‍ടപ്പെട്ട ആളെ ആരാധിക്കൂ, അതിനെന്തിനാണ് മറ്റുള്ളവരെ ആക്രമിക്കുന്നത്? ഒരു സഹജീവിയോട് പ്രകടിപ്പിക്കേണ്ട മാന്യത ഇല്ലേ? അതൊക്കെ എവിടെ പോയി? ഗിവ് റെസ്‌പെക്ട്, ടേക്ക് റെസ്‌പെക്ട് എന്നല്ലേ?"