മലയാളത്തില്‍ ഇതുവരെ കാണാത്ത തലങ്ങളിലൂടെയാണ് ബിഗ് ബോസ് രണ്ട് മുന്നോട്ടുപോകുന്നത്. ജീവിതത്തിന്‍റെ വ്യത്യസ്ത രീതികളും രൂപങ്ങളും ഇവിടെ അനാവരണം ചെയ്യപ്പെടുകയാണ്. സംഘര്‍ഷഭരിതമായ മുഹൂര്‍ത്തങ്ങളാണ് ഇപ്പോള്‍ ബിഗ് ബോസില്‍ കാണാന്‍ സാധിക്കുന്നത്. സുജോയും അലസാന്‍ഡ്രയും തമ്മിലുള്ള ബന്ധവും അതിനപ്പുറം വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലെത്തിയ പവന്‍റെ വെളിപ്പെടുത്തലും ഷോ ചൂടുപിടിച്ച് വാദപ്രതിവാദങ്ങളിലേക്ക് വഴി തെളിക്കുകയാണ്. ബിഗ് ബോസ് വീടിന് പുറത്തെ കാര്യങ്ങള്‍ ബിഗ് ബോസിനകത്ത് ചര്‍ച്ച ചെയ്യരുതെന്നാണ് ബിഗ് ബോസിന്‍റെ നിയമം. എന്നാല്‍ സുജോയുടെ പ്രണയവും തുടര്‍ന്നുള്ള സംഭവവികാസങ്ങളും ബിഗ് ബോസിനകത്തും പുറത്തും ചര്‍ച്ചകള്‍ ശക്തമായിരിക്കുകയാണ്. ബിഗ് ബോസിലില്ലെങ്കിലും സുജോയുടെ കാമുകിയെന്ന് പവന്‍ ആരോപിച്ച സഞ്ജനയും സോഷ്യല്‍ മീഡിയില്‍ പ്രതികരണവുമായെത്തി. ചര്‍ച്ചകള്‍ ചൂടുപിടിക്കുന്ന സാഹചര്യത്തില്‍ സഞ്ജന ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് സംസാരിക്കുന്നു.

? സുജോ ബിഗ് ബോസിലേക്ക്  പോകുന്നുവെന്ന് അറിഞ്ഞപ്പോള്‍ ആദ്യം തോന്നിയത് എന്തായിരുന്നു? 

എനിക്ക് വലിയ സന്തോഷമായിരുന്നു. എനിക്കറിയാമായിരുന്നു, ഇത്രയും കഠിനാധ്വാനിയായ അദ്ദേഹത്തിന്  ബിഗ് ബോസ് എത്രത്തോളം പ്രാധാന്യമുള്ളതാണെന്ന്. പിന്നെ ആകെയുള്ള ദു:ഖം സുജോയോട് സംസാരിക്കാന്‍ സാധിക്കില്ലല്ലോ എന്നത് മാത്രമായിരുന്നു. 

? വ്യക്തിയുടെ സ്വകാര്യ ജീവിതം പൊതു ഇടത്തില്‍ തുറന്നുകാട്ടുകയാണ്. അതില്‍ എന്തെങ്കിലും വേവലാതികളുണ്ടോ?

ഒരിക്കലുമില്ല, സുജോ മുമ്പുതന്നെ ഒരു പൊതു വ്യക്തിത്വമുള്ള ആളാണ്. അത് ഇപ്പോഴും അങ്ങനെ തന്നെയാണെന്നാണ് ഞാന്‍ കരുതുന്നത്.

? ബിഗ് ബോസിലേക്ക് പോകുമ്പോള്‍ എന്ത് ആശംസയാണ് നിങ്ങള്‍ സുജോയ്ക്ക് നല്‍കിയത്?, എന്താണ് സുജോ പറഞ്ഞത്?

എനിക്ക് അദ്ദേഹം നല്ല രീതിയില്‍ ഷോയില്‍ നില്‍ക്കണമെന്നായിരുന്നു ആഗ്രഹം. നിങ്ങള്‍ ജയിക്കുകയോ തോല്‍ക്കുകയോ എന്നതല്ല, എനിക്ക് അഭിമാനിക്കാനുള്ളവ ആയിരിക്കണം അവിടത്തെ നേട്ടങ്ങള്‍ എന്നാണ് ഞാന്‍ പറഞ്ഞത്.  ഷോയില്‍ ഞാന്‍ സത്യസന്ധമായിരിക്കുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

? മഞ്ഞ ജാക്കറ്റും, ലിപ്സ്റ്റിക്കുള്ള ഷര്‍ട്ടും താങ്കള്‍ കൊടുത്തതാണോ?

അതെ, അദ്ദേഹത്തിന്‍റെ പിറന്നാള്‍ സമ്മാനമായി കൊടുത്തുവിട്ടതാണ്. ഒരു കേക്കും ഞാന്‍ കൊടുത്തുവിട്ടിരുന്നു. എന്നാല്‍ അത് അകത്തേക്ക് കൊണ്ടുപോകാന്‍ അവസാന നിമിഷം സമ്മതിച്ചില്ല. അതെന്തുകൊണ്ടാണെന്നും എനിക്ക് അറിയില്ല. 

? പവന്‍ പറയുന്നത് നിങ്ങളെല്ലാവരും  ഒരുമിച്ചുള്ളവരായിരുന്നു എന്നാണ്?

ശരിയാണ്, ഞങ്ങള്‍ ഒരുമിച്ചായിരുന്നു. പവന്‍ എനിക്ക് സഹോദരനെ പോലെയാണ്. 

? സുജോ ക്ഷിപ്രകോപിയാണോ?

അതെ.

? 'വിശ്വാസ്യതയാണ് ഗെയിമിനേക്കാള്‍ പ്രധാനം' എന്ന താങ്കളുടെ സോഷ്യല്‍ മീഡിയ കമന്‍റിനെ കുറിച്ച്?

വിശ്വാസ്യതയാണ് എല്ലാമെന്ന് ഞാന്‍ കരുതുന്നു. ഞാന്‍ നേരത്തെ തന്നെ സുജോയോട് പറഞ്ഞിട്ടുണ്ട്. ജയപരാജയങ്ങള്‍ക്ക് സ്ഥാനമില്ല, മറിച്ച് സ്വീകാര്യതയില്‍ വിജയിക്കുക എന്നതാണ് പ്രധാനമെന്ന്. 

? താങ്കള്‍ മലയാളം അറിയില്ലല്ലോ? എങ്ങനെയാണ് ഷോ കാണുകയും സംഭാഷണങ്ങള്‍ മനസിലാക്കുകയും ചെയ്യുന്നത്?

എനിക്ക് മലയാളം അറിയില്ല. പക്ഷെ, സുജോയുടെതായി ഷോയില്‍ വരുന്ന ഓരോ ചെറിയ ശകലങ്ങള്‍ പോലും ഞാന്‍ കാണാറുണ്ട്. എന്‍റെ സുഹൃത്തുക്കളെല്ലാം എനിക്കത് ട്രാന്‍സിലേറ്റ് ചെയ്തുതരും. എന്‍റെയും സുജോയുടെയും ജീവിതത്തെ കുറിച്ച് അറിയുന്നവരാണവര്‍.  ഫേസ്ബുക്കില്‍ അദ്ദേഹത്തെ കുറിച്ച് വരുന്ന കമന്‍റുകള്‍ ഞാന്‍ ഗൂഗിള്‍ ട്രാന്‍സിലേറ്റര്‍ ഉപയോഗിച്ച് തര്‍ജ്ജമ ചെയ്യും. 

? പവന്‍ ഷോയ്ക്ക് പുറത്തുപോയാല്‍ ഉണ്ടാകുന്ന പ്രതികരണങ്ങളെ കുറിച്ച് ഓര്‍ത്ത് തനിക്ക് വേവലാതിയുണ്ടെന്ന്  സുജോ പവനോട് പറയുന്നുണ്ട്, താങ്കള്‍ എന്ത് പറയുന്നു?

ഞാന്‍ ശരിക്കൊപ്പം മാത്രമേ നില്‍ക്കുകയുള്ളൂ. എന്നോടൊപ്പം നില്‍ക്കുന്ന പവനടക്കമുള്ള എല്ലാവരോടും എനിക്ക് നന്ദിയുണ്ട്.

? സുജോ ഷോയ്ക്ക് പുറത്തുവന്നാല്‍ എന്തായിരിക്കും താങ്കളുടെ പ്രതികരണം?

അതെനിക്ക് ഇപ്പോള്‍ പറയാനാകില്ല. ഞാന്‍ ആകെ അസ്വസ്ഥയാണ്. എന്തായാലും പുറത്തുവന്നാല്‍ എന്തായിരുന്നു ശരിക്കും ഷോയില്‍ ചെയ്തതെന്ന് സുജോയോട് ഞാന്‍ ചോദിക്കും.

?ബിഗ് ബോസിലെ ഏതെങ്കിലും മത്സരാര്‍ത്ഥിയോട് എന്തെങ്കിലും പറയാനുണ്ടോ? പ്രത്യേകിച്ച് അലസാന്‍ഡ്രയോട്?

എന്നെ അറിയാഞ്ഞിട്ട് പോലും എന്‍റെ പിന്തുണച്ച  എല്ലാവരോടും വലിയ സ്നേഹമുണ്ട്(കുറച്ചുപേരോടൊഴികെ), അത്രമാത്രം. തന്ത്രപൂര്‍വ്വവും, ഒപ്പം തന്നെ അവനവനായി നിന്നും കളിയില്‍ വിജയിക്കുന്നതാണ് ശരിയായ വഴിയെന്ന് ഞാന്‍ വിശ്വസിക്കുന്നു.