ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിലെ ആദ്യ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി പ്രഖ്യാപിച്ച് മോഹന്‍ലാല്‍. ഇന്നത്തെ എപ്പിസോഡിലൂടെ രണ്ടുപേര്‍ പുറത്താവുന്ന കാര്യം പ്രഖ്യാപിച്ചതിന് ശേഷമാണ് മോഹന്‍ലാല്‍ ആദ്യത്തെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയുടെ കാര്യം അവതരിപ്പിച്ചത്. സോഷ്യല്‍ മീഡിയയിലെ അഭിപ്രായപ്രകടനങ്ങളിലൂടെ ശ്രദ്ധ നേടിയ ദയ അശ്വതിയാണ് ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തുന്ന ആദ്യത്തെ ആള്‍.

'സോഷ്യല്‍ മീഡിയയിലൂടെ അഭിപ്രായങ്ങള്‍ തുറന്നുപറഞ്ഞുകൊണ്ട് പ്രശസ്തയായ ആള്‍' എന്ന വിശേഷണത്തോടെയാണ് മോഹന്‍ലാല്‍ ദയ അശ്വതിയെ അവതരിപ്പിച്ചത്. പാലക്കാട് മുണ്ടൂര്‍ സ്വദേശിയായ ദയ അശ്വതി പ്രൊഫഷണല്‍ ബ്യൂട്ടീഷ്യനാണ്. രണ്ട് വര്‍ഷമായി ബഹ്‌റിനിലാണ് ജോലി ചെയ്യുന്നത്. പാലക്കാട് മുണ്ടൂര്‍ സ്വദേശിയാണ് ദയ. അമ്മയോ അച്ഛനോ കൂടപ്പിറപ്പുകളോ ഇപ്പോള്‍ തനിക്കൊപ്പമില്ലെന്നും അമ്മയുടെ അനിയത്തി മാത്രമാണ് അടുത്ത ബന്ധുവായി ഉള്ളതെന്നും ദയ സ്വയം പരിചയപ്പെടുത്തവെ മോഹന്‍ലാലിനോട് പറഞ്ഞു. 

 

ബിഗ് ബോസിലൂടെ കുറെ കാര്യങ്ങള്‍ പറയണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നും ഒരു അവസരം കിട്ടിയപ്പോള്‍ സ്വീകരിക്കുകയായിരുന്നെന്നും ദയ അശ്വതി മോഹന്‍ലാലിനോട് പറഞ്ഞു. പുറത്ത് നടത്തുന്ന കാര്യങ്ങള്‍ മറ്റ് മത്സരാര്‍ഥികളട് പറയരുതെന്നും തന്നോട് ഇപ്പോള്‍ സംസാരിക്കുന്നത് പോലും പറയരുതെന്നും പറഞ്ഞാണ് ദയയെ മോഹന്‍ലാല്‍ ബിഗ് ബോസ് ഹൗസിലേക്ക് അയച്ചത്.