ബിഗ് ബോസ്സില്‍ രസകരമായ സംഭവങ്ങളും ആകാംക്ഷയേറിയ നിമിഷങ്ങളുമാണ് ഓരോ ഭാഗത്തും. ഒരു വശത്ത് എവിക്ഷൻ പ്രക്രിയ നടക്കുമ്പോള്‍ മറുഭാഗത്ത് മത്സരാര്‍ഥികളുടെ കുസൃതിയാണ് പ്രേക്ഷകരുടെ ഇഷ്‍ടം പിടിച്ചുപറ്റുന്നത്. മത്സരാര്‍ഥികള്‍ തമ്മിലുള്ള ഇണക്കങ്ങളും പിണക്കങ്ങളുമാണ് ബിഗ് ബോസ്സിനെ മുന്നോട്ടുകൊണ്ടുപോകുന്നത്. ഫുക്രും കൂട്ടരും ഒപ്പിച്ച തമാശയാണ് ഏറ്റവും പുതിയ ഭാഗത്തിലെ ഒരു ആകര്‍ഷണം. പ്രോട്ടീൻ പൗഡര്‍  കൊടുത്ത് പറ്റിക്കുകയായിരുന്നു ഫുക്രു.

എവിക്ഷൻ പ്രക്രിയ കഴിഞ്ഞ് ആണ് ഫുക്രുവിന്റെ തമാശ ബിഗ് ബോസ്സില്‍ കണ്ടത്. ഫുക്രുവും പാഷാണം ഷാജിയും സുജോയും എലീനയുമായിരുന്നു സംഭവം നടത്തിയത്. ഒപ്പമുണ്ടായിരുന്നില്ലെങ്കിലും സുരേഷ്‍ കൃഷ്‍ണനും സംഭവം അറിഞ്ഞിരുന്നു. സുജോയുടെ പ്രോട്ടീൻ പൗഡര്‍കൊണ്ടുള്ള തമാശയായിരുന്നു പ്ലാൻ ചെയ്‍തത്. ആദ്യം ഫുക്രു കുറച്ച് പ്രോട്ടീൻ പൗഡര്‍ തിന്നാൻ ശ്രമിച്ചു. അതിനു ശേഷം ഒരു സ്‍പൂണില്‍ പ്രോട്ടീൻ പൗഡറെടുത്ത് അതില്‍ കുരുമുളകും ഉപ്പും ചേര്‍ത്തു. തുടര്‍ന്ന് മറ്റുള്ളവരുടെ അടുത്തേയ്‍ക്ക് എത്തി. ഫുക്രു പ്രോട്ടീൻ പൗഡര്‍ തിന്നുന്നത് കണ്ട് വീണയും മഞ്ജു പത്രോസും ചോദിച്ചു. അവര്‍ക്കും ആര്യക്കും ഫുക്രു പ്രോട്ടീൻ പൗഡര്‍ കൊടുത്തു. കുറച്ചുകൂടി വേണമെന്ന ആവശ്യപ്പെട്ട മഞ്ജു പത്രോസിനു വീണ്ടും പ്രോട്ടീൻ പൗഡര്‍ കൊടുത്തു. തിന്നുതുടങ്ങിയപ്പോഴാണ്, അതില്‍ ഉപ്പിട്ട കാര്യം എല്ലാവരും മനസ്സിലാക്കിയത്. ഒടുവില്‍ വാഷ് ബേസിന്റെ അടുത്തേയ്‍ക്ക് ഓടുകയായിരുന്നു മഞ്ജു പത്രോസും വീണ നായരും. തിരിച്ചു വന്ന മഞ്ജു പത്രോസിനെ വീണ്ടും ഫുക്രു പറ്റിച്ചു. ഇത് ശരിക്കും പ്രോട്ടീൻ പൗഡര്‍ ആണെന്നായിരുന്നു ഫുക്രു പറഞ്ഞത്. പ്രോട്ടീൻ പൗഡര്‍  വീണ്ടും കഴിച്ച മഞ്ജു പത്രോസിന് ഒരിക്കല്‍ക്കൂടി അബദ്ധം പറ്റി. എന്തായാലും എല്ലാവരും ചിരിച്ച് സംഭവം രസകരമാക്കി.