കൊവിഡ് 19 സൃഷ്ടിച്ച പശ്ചാത്തലത്തില്‍ 75-ാം ദിവസം അവസാനിപ്പിക്കേണ്ടിവന്നു ബിഗ് ബോസ് മലയാളം സീസണ്‍ രണ്ട്. നൂറ് ദിവസം നീളേണ്ട ഷോ നേരത്തേ അവസാനിക്കുമ്പോഴും ഓര്‍ത്തിരിക്കാവുന്ന ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട് ഈ സീസണും. മത്സരാര്‍ഥികള്‍ക്കിടയിലെ കണ്ണിനസുഖമടക്കം അപ്രതീക്ഷിതത്വങ്ങളും ഡ്രാമയും നിറഞ്ഞുനിന്ന സീസണ്‍ കൂടിയായിരുന്നു ഇത്തവണ. 75-ാം ദിവസം ഷോ അവസാനിക്കുമ്പോള്‍ തുടക്കം മുതല്‍ മുഴുവന്‍ ദിവസവും ഹൗസില്‍ ചിലവഴിച്ച രണ്ട് മത്സരാര്‍ഥികളേ ഉണ്ടായിരുന്നുള്ളൂ. ഫുക്രുവും ആര്യയും. അതില്‍ ഫുക്രു നമ്മോട് സംസാരിക്കുകയാണ്. എലീന അടക്കം ബിഗ് ബോസില്‍ നിന്നു കിട്ടിയ അടുത്ത ബന്ധങ്ങളെക്കുറിച്ച്.. രേഷ്മയെ നോമിനേറ്റ് ചെയ്യാനുണ്ടായ കാരണങ്ങളെക്കുറിച്ച്.. ബിസ് ബോസ് തനിക്ക് നല്‍കിയ തിരിച്ചറിവുകളെക്കുറിച്ച് ഫുക്രു സംസാരിക്കുന്നു.. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി സുനിത ദേവദാസ് നടത്തിയ അഭിമുഖം..

ബിഗ് ബോസ് ഹൗസിലേക്ക് കയറുന്നതിന് മുന്‍പ് ഞാന്‍ ഫുക്രുവിനോട് സംസാരിച്ചിട്ടുണ്ട്. ഇപ്പോള്‍ സംസാരിക്കുമ്പോള്‍ പുതിയൊരു മനുഷ്യനായതായി തോന്നുന്നു. ബിഗ് ബോസില്‍ പോയിട്ട് ഫുക്രു അടിമുടി മാറിയോ?

ബിഗ് ബോസില്‍ നിങ്ങള്‍ കണ്ട ആള് തന്നെയാണ് യഥാര്‍ഥത്തിലുള്ള ഞാന്‍. ഞാന്‍ ഷോയില്‍ അഭിനയിച്ചിട്ടില്ല, ഫേക്ക് ആയി നിന്നിട്ടില്ല. ടാസ്‌ക് ഒക്കെ വരുമ്പോള്‍ ഞാന്‍ ഗെയിം കളിക്കും. ജയിക്കാന്‍ വേണ്ടി എന്നെക്കൊണ്ട് പറ്റുന്ന പോലെയൊക്കെ പരിശ്രമിക്കും. ടാസ്‌കിന്റെ സമയത്ത് നിങ്ങള്‍ കാണുന്നത് മത്സരാര്‍ത്ഥിയായ ഫുക്രുവിനെയാണ്. അല്ലാത്ത സമയത്ത് കാണുന്നത് യഥാര്‍ത്ഥ ഞാന്‍. എനിക്ക് കുറച്ചു മാറ്റമൊക്കെ ബിഗ് ബോസില്‍ ജീവിച്ചിട്ട് വന്നിട്ടുണ്ട്. ക്ഷമിക്കാന്‍ പഠിച്ചു, എല്ലാത്തിനും പ്രതികരിക്കേണ്ടതില്ല എന്ന് പഠിച്ചു, എടുത്തു ചാടിയാല്‍ തിരിച്ചടിക്കും എന്ന് പഠിച്ചു. അതിലുപരി എനിക്ക് മനുഷ്യരെ മിസ് ചെയ്യുക എന്ന് പറഞ്ഞാല്‍ എന്താണെന്നു മനസിലായി. മനുഷ്യബന്ധങ്ങള്‍ക്ക് എത്രമാത്രം വിലയുണ്ടെന്ന് മനസിലായി. ഒറ്റപ്പെടല്‍ എന്നാല്‍ എന്താണെന്നു മനസിലായി. അതിജീവനം എന്നാല്‍ എന്താണെന്നു മനസിലായി.

 

എന്താണ് അതിജീവനം എന്നു പറഞ്ഞാല്‍?

അവിടെ ആരും ജീവിക്കുകയല്ല. അതിജീവിക്കുകയാണ്. ഞാന്‍ ഒരു ഉദാഹരണം പറയാം. എലീനയുമായി എനിക്ക് വളരെ അടുത്ത ആത്മബന്ധമാണ് ഉള്ളത്. ആ വീടിനകത്ത് ഒറ്റപ്പെട്ടു പുറം ലോകവുമായി ബന്ധമില്ലാതെ ജീവിക്കുമ്പോള്‍ നമുക്ക് എപ്പോഴും ഉണ്ടാവുന്ന ഒരു തോന്നല്‍ ഒറ്റപ്പെടലാണ്. അതില്‍ നിന്നാണ് ഇത്തരം ബന്ധങ്ങളൊക്കെ ഉണ്ടാവുന്നത്. ഞങ്ങള്‍ രണ്ടുപേരും ഒരേ പ്രായക്കാരാണ്. വീട്ടില്‍ ഒരേ പോലെ മിസിങ് അനുഭവിച്ചു നില്‍ക്കുന്നവരാണ്. സമാന ചിന്താഗതിക്കാരാണ്. എന്നിട്ടും ഒരു പ്രണയത്തിലേക്ക് ആ ബന്ധം വഴുതി വീണില്ല എന്നതാണ് യഥാര്‍ത്ഥ അതിജീവനം. അതുകൊണ്ട് പുറത്തിറങ്ങുമ്പോള്‍ ഞങ്ങള്‍ രണ്ടുപേര്‍ക്കും ജീവിതകാലം മുഴുവന്‍ സൂക്ഷിക്കാന്‍ കഴിയുന്ന ഒരു സുഹൃത്തിനെ കിട്ടി.

എലീനയുമായുള്ള ബന്ധം എന്താണ്?

വളരെ അടുത്ത ആത്മബന്ധം. ആത്മസുഹൃത്ത്. എല്ലാ കാലവും തുടരാന്‍ ആഗ്രഹിക്കുന്ന ഒരു ബന്ധം. എലീനയെ ആദ്യം ഞാന്‍ ഫേക്ക് എന്നൊക്കെ വിളിച്ചിട്ടുണ്ട് അവളുടെ പെരുമാറ്റം കണ്ടിട്ട്. എന്നാല്‍ ഇപ്പോള്‍ 75 ദിവസം ആവുമ്പോള്‍ ആ വീടിനുള്ളില്‍ വന്ന ആദ്യദിനം മുതല്‍ ഇറങ്ങുന്ന അന്ന് വരെ ഒരേ സ്വഭാവം കാണിച്ച ഒരേയൊരാളെ ഉള്ളു. അത് എലീനയാണ്. അതാണ് യഥാര്‍ത്ഥ എലീന. കുറെ വ്യക്തിഗുണങ്ങളുള്ള സുഹൃത്താണ് എലീന. പുറത്തെ ഒരു കാര്യവും അറിയാതെ അതിനുള്ളില്‍ തന്നെ നിന്ന് ഗെയിം കളിച്ച ആളാണ് ഞാന്‍. പുറത്തുനിന്ന് പുതുതായി വരുന്നവരും പുറത്തു പോയി വരുന്നവരും പുറത്തെ കാര്യങ്ങള്‍ ഓരോന്ന് വന്നു പറയും. ഓരോന്ന് കേള്‍ക്കുമ്പോള്‍ കണ്‍ഫ്യൂഷനാവും. അവിടെ ഞാന്‍ നേരിട്ട ഏറ്റവും വലിയ പ്രശ്‌നവും അതായിരുന്നു. എന്നാല്‍ എലീന മാത്രമാണ് പുറത്തു പോയി വന്നിട്ടും, ഞാനുമായി ഇത്ര അടുപ്പമുണ്ടായിട്ടും, എന്നോട് പുറത്തെ ഒറ്റ കാര്യവും പറയാത്ത മത്സരാര്‍ത്ഥി. അതാണ് എലീനയുടെ പ്രത്യേകതയും. എല്ലാവര്‍ക്കും ഓരോ കംഫര്‍ട്ട് സോണ്‍ ഉണ്ടാവില്ലേ? ബിഗ് ബോസ് വീട്ടിലെ എന്റെ കംഫര്‍ട്ട് സോണ്‍ ആണ് എലീന.

 

എലീന മാത്രമായിരുന്നില്ലല്ലോ, ഫുക്രുവുമായി പലര്‍ക്കും വലിയ അടുപ്പം ഉണ്ടായിരുന്നല്ലോ? മഞ്ചുവുമായൊക്കെ അടുപ്പമുണ്ടായിരുന്നല്ലോ?

ബിഗ് ബോസ് വീട്ടില്‍ നിന്നും എനിക്ക് കുറെയധികം ബന്ധങ്ങള്‍ കിട്ടി. സുരേഷേട്ടന്‍, ഷാജി ചേട്ടന്‍, ആര്യ ചേച്ചി, വീണ ചേച്ചി, ദയ ചേച്ചി, മഞ്ജു ചേച്ചി, എലീന.. സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും ലാളിക്കപ്പെടാനുമൊക്കെ കഴിയുന്നത് മഹാഭാഗ്യമായിട്ടു കരുതുന്ന ആളാണ് ഞാന്‍. മഞ്ജു എനിക്ക് എന്റെ അമ്മയാണ്. എന്നാല്‍ ഇവരുമായൊക്കെ ഞാന്‍ ആത്മബന്ധം പുലര്‍ത്തുമ്പോഴും വിയോജിപ്പുകള്‍ പറയാനും എനിക്ക് കഴിഞ്ഞിട്ടുണ്ട്. അതിനാല്‍ കളിയെ ബാധിക്കാത്ത തരത്തില്‍ ഈ ബന്ധങ്ങളൊക്കെ നിലനിര്‍ത്തി തന്നെ ബിഗ് ബോസില്‍ നിന്നും ഇറങ്ങാന്‍ കഴിഞ്ഞു. ആര്യ ചേച്ചിയോടും വീണ ചേച്ചിയോടും ഷാജി ചേട്ടനോടും ഒക്കെ ഞാന്‍ വിയോജിപ്പുകള്‍ പറയാറുണ്ട്. എന്നാല്‍ എവിടെയൊക്കെയോ എനിക്കിവരുമായൊക്കെ യോജിക്കാനും സ്‌നേഹിക്കാനും കഴിയുന്നുണ്ട്. എന്റെ ഉള്ളില്‍ ഒരു കുട്ടിയുണ്ട്. ഇടക്കൊക്കെ അത് പുറത്തു വരും. അപ്പൊ ഇവരൊക്കെ ഞാന്‍ ചൈല്‍ഡിഷ് ആണെന്നൊക്കെ പറയും. എന്നാല്‍ എന്റെയുള്ളില്‍ കാര്യഗൗരവമുള്ള ഒരു മനുഷ്യനുമുണ്ട്.

രജിത് കുമാര്‍ രേഷ്മയുടെ കണ്ണില്‍ മുളക് തേച്ചപ്പോള്‍ നഷ്ടം നോക്കാതെ, രജിത് കുമാറിന്റെ ആരാധകരെ ഭയക്കാതെ, ലാഭവും നഷ്ടവും നോക്കാതെ അവിടെയുള്ള മുതിര്‍ന്നവരെക്കാളും പക്വതയോടെ പ്രതികരിച്ച ഒരാള്‍ ഫുക്രുവാണ്. എന്താണ് ആ വിഷയത്തിലുള്ള നിലപാട്?

രജിത്തേട്ടന്‍ ചെയ്തത് ശരിയല്ല. എന്ത് ടാസ്‌ക് എന്നു പറഞ്ഞാലും ആ ക്ലാസ് റൂമിനകത്തേക്ക് മുളക് കൊണ്ടുപോകേണ്ട ഒരാവശ്യവുമില്ലായിരുന്നു. രജിത്തേട്ടന്‍ തന്നെ പറഞ്ഞല്ലോ ഷാജിയുടെയോ രഘുവിന്റെയോ കണ്ണില്‍ തേക്കാന്‍ വേണ്ടി എടുത്തു വച്ചു എന്ന്. അപ്പോള്‍ അദ്ദേഹം പ്ലാന്‍ ചെയ്തിരുന്നു മുളക് ഉപയോഗിക്കാന്‍. അത് തെറ്റായിപ്പോയി. പ്രത്യേകിച്ചും രേഷ്മയുടെ കണ്ണിനു സുഖമില്ലാത്തതുകൊണ്ട് വലിയ തെറ്റായി. അതിനു യാതൊരു ന്യായീകരണവുമില്ല. ഇത് തന്നെയാണ് വീടിനകത്തും പുറത്തും ഈ വിഷയത്തിലുള്ള എന്റെ നിലപാട്.

 

രേഷ്മയും ഫുക്രുവും എലിമിനേഷനില്‍ വന്നപ്പോള്‍ ഒരാളെ തെരഞ്ഞെടുക്കാന്‍ ബിഗ് ബോസ് പറഞ്ഞപ്പോള്‍ പുറത്തു ധാരാളം ആരാധകരുള്ള ഫുക്രു എന്തുകൊണ്ട് ആത്മവിശ്വാസത്തോടെ എലിമിനേഷനെ നേരിട്ടില്ല. താരതമ്യേന കുറഞ്ഞ ആരാധകരുള്ള രേഷ്മയെ എന്തുകൊണ്ട് അതിനായി തെരെഞ്ഞെടുത്തു?

അതെനിക്ക് സംഭവിച്ച ഒരു അബദ്ധമാണ്. ഞാന്‍ ആ ആഴ്ചയില്‍ മാനസികമായി വളരെ വീക്ക് ആയിട്ടിരിക്കുകയായിരുന്നു. അതിന്റെ കാരണം കണ്ണിനസുഖം ബാധിച്ചു പുറത്തു പോയി വന്നവരും വൈല്‍ഡ് കാര്‍ഡില്‍ വന്നവരും അകത്തുവന്നു പറഞ്ഞതില്‍ നിന്നും എനിക്ക് മനസിലായത് എനിക്ക് പുറത്തു ഭയങ്കര നെഗറ്റീവ് ഇമേജ് ആണെന്നും ഞാന്‍ ചെയ്തതൊക്കെ തെറ്റായിപ്പോയെന്നും ഒക്കെയാണ്. അപ്പോഴാണ് ആ കോര്‍ട്ട് ടാസ്‌ക് വരുന്നത്. അതില്‍ അമൃതയും അഭിരാമിയും എന്നോട് ചോദിച്ചു ബിഗ് ബോസ് ഒരാളെ റേപ്പ് ചെയ്യാന്‍ പറഞ്ഞാല്‍ നീ റേപ്പ് ചെയ്യുമോ എന്ന്. അവിടെ അകെ ബഹളവും മത്സരവും ഒക്കെയായതു കൊണ്ട് ചോദ്യം ശരിക്കും ശ്രദ്ധിക്കാതെ ഒരു റിഫ്‌ലക്‌സ് ആക്ഷന്‍ പോലെ ബിഗ് ബോസ് പറഞ്ഞാല്‍ ചെയ്യും എന്തും ചെയ്യും എന്ന് ഞാന്‍ പറഞ്ഞു. പിന്നീട് അത് വിശദീകരിക്കാന്‍ എനിക്ക് അവസരവും കിട്ടിയില്ല. അതെ തുടര്‍ന്ന് അവരെന്നെ റേപിസ്റ്റ് എന്നൊക്കെ വിളിക്കാന്‍ തുടങ്ങി. അതെനിക്ക് ഭയങ്കര വിഷമമായി. ഞാന്‍ ടാസ്‌ക് വരുമ്പോ ജയിക്കാന്‍ വേണ്ടി കളിക്കും എന്നല്ലാതെ ഞാന്‍ ഒരു ദുഷ്ടനോ ചതിയനോ വൃത്തികെട്ടവനോ ഒന്നുമല്ല. എന്നാല്‍ ഇവര്‍ എന്നെ നിരന്തരം ചതിയിലൂടെ കളി ജയിക്കുന്നവന്‍ എന്നും മനുഷ്യത്വമില്ലാത്തവന്‍ എന്നും ഒക്കെ വിളിക്കും. അതെന്റെ ആത്മവിശ്വാസം തകര്‍ത്തു. കൂടാതെ ഇവര്‍ നിരന്തരം പുറത്തെ കാര്യങ്ങള്‍ എന്ന രീതിയിലും പലതും പറയുമായിരുന്നു. എലീനയും ഞാനും തമ്മിലുള്ള ബന്ധത്തെയും വൃത്തികേടായി ചിത്രീകരിക്കാന്‍ ശ്രമിച്ചു. ഇതെല്ലം കൂടി ആയപ്പോള്‍ എന്റെ ആത്മവിശ്വാസം നഷ്ടപ്പെട്ടായിരുന്നു. അങ്ങനെയൊരു തോന്നലില്‍ ഞാന്‍ രേഷ്മയോട് അങ്ങനെ സംസാരിച്ചു. അവളാണെങ്കില്‍ ഒരെതിര്‍പ്പും പറയാതെ അത് അംഗീകരിച്ചു. ആ മാനസികാവസ്ഥയില്‍ സംഭവിച്ചു പോയതാണ്.

ഫുക്രുവും എലീനയും ബാത്‌റൂമിനകത്ത് എന്തോ ചെയ്തു എന്ന് രഘുവും അമൃതയും സുജോയുമൊക്കെ സംസാരിക്കുന്നുണ്ടായിരുന്നല്ലോ? എന്താണത്?

ബാത്ത് റൂമിന്റെ ആ വാഷ് ബേസിനൊക്കെ ഉള്ള ഏരിയയില്‍ ഇട്ടിരിക്കുന്ന സോഫയിലാണ് ഞങ്ങള്‍ എപ്പോഴും ഇരുന്നു സംസാരിക്കുന്നത്. അതാവും. അല്ലാതെ ഒന്നും ചെയ്തിട്ടില്ല. അവിടെ കാമറയുണ്ട്. ബിഗ് ബോസിലെ കാമറകള്‍ കാണാത്തതോ കാണാന്‍ പറ്റാത്തതോ ആയ ഒന്നും ഞങ്ങള്‍ ചെയ്തിട്ടില്ല. ബാത്ത് റൂം എന്നവര്‍ തെറ്റിദ്ധരിപ്പിക്കുന്ന പോലെ പറഞ്ഞതാവും. ആ സിറ്റിംഗ് ഏരിയയില്‍ ഇരിക്കുന്നതിനെകുറിച്ചാവും. രഘു അങ്ങനെ പറഞ്ഞെങ്കില്‍ അത് മോശമായിപ്പോയി. എനിക്ക് പുള്ളിയെക്കുറിച്ചു കുറച്ചു മതിപ്പുണ്ടായിരുന്നു. രഘുവിനെക്കുറിച്ചുള്ള മതിപ്പ് പോയ ഒരു സംഭവം ഷോ തീരുന്ന അന്നും ഉണ്ടായി. ദയ ചേച്ചിയുമായി വഴക്കിട്ടപ്പോ രഘു പെരുമാറിയ രീതി. കൂവുകയും ബഹളം വക്കുകയും ഒക്കെ ചെയ്യുന്ന രഘുവിനെ കണ്ടു ഞാന്‍ അത്ഭുതപ്പെട്ടു. ഇതാണോ യഥാര്‍ത്ഥ രഘുവെന്ന്.

 

രജിത് കുമാറിന്റെ വിരല്‍ ഒടിച്ചത് ഫുക്രുവാണോ? അന്ന് വാതിലില്‍ പിടിച്ചു തള്ളിയത്.. എന്തായിരുന്നു സംഭവം?

രജിത്തേട്ടനുമായി എനിക്കാദ്യം നല്ല ബന്ധമായിരുന്നു. പിന്നീടത് ശരിയാവുന്നുണ്ടായിരുന്നില്ല. കാരണം പുള്ളി ഏകപക്ഷീയമായി സംസാരിക്കുകയല്ലാതെ ആരും പറയുന്നത് കേള്‍ക്കില്ല. നമ്മള്‍ ഒരു കാര്യം ചോദിച്ചാല്‍ അതിനുത്തരം നമ്മളോട് പറയില്ല, എന്നിട്ട് ഒറ്റക്ക് പോയിരുന്നു സംസാരിക്കും. അങ്ങനെയൊക്കെ ആ അടുത്ത ബന്ധം കുറച്ച് അകന്നു. അന്ന് വാതിലില്‍ പിടിച്ചു വഴക്കുണ്ടായ സംഭവം.. അന്ന് ഞങ്ങള്‍ക്ക് കോയിന്‍ ടാസ്‌ക് നടക്കുകയായിരുന്നു. അപ്പോള്‍ എല്ലാവരും അവരവരുടെ കോയിനെക്കുറിച്ചും മറ്റുള്ളവരുടെ കോയിന്‍ മോഷ്ടിക്കുന്നതിനെക്കുറിച്ചുമൊക്കെ ശ്രദ്ധിച്ചുകൊണ്ട് നില്‍ക്കുകയായിരുന്നു. അപ്പോഴാണ് ആ മോര്‍ണിംഗ് ടാസ്‌ക് വന്നത്. അന്ന് ആര്യ ചേച്ചി മോര്‍ണിംഗ് ടാസ്‌ക്കില്‍ പുള്ളിയെ ഒരു പുസ്തകത്തോട് ഉപമിച്ചു സംസാരിച്ചതിന് പുള്ളി കുറച്ച് അസ്വസ്ഥനായി ഇടയ്ക്കിടെ ടാസ്‌ക്കിനിടയില്‍ എഴുന്നേറ്റ് പോയി. അതിനൊപ്പം കോയിന്‍ വീടിനകത്തു സൂക്ഷിച്ചിരിക്കുകയാണല്ലോ എല്ലാരും, അത് പോയി എടുക്കാന്‍ എന്ന നാട്യത്തില്‍ രജിത്തേട്ടന്‍ ടാസ്‌ക്കിനിടെ രണ്ടു പ്രാവശ്യം ഓടി വീടിനകത്തേക്ക് പോകുന്നപോലെ കാണിച്ചു. അപ്പൊ സൂരജ് അതില്‍ ഇടപെടുന്നുണ്ടായിരുന്നു. മൂന്നാമത് പുള്ളി വീടിനകത്തേക്ക് ആദ്യം കയറാന്‍ പോയപ്പോഴാണ് ഞാന്‍ വാതില്‍ വലിച്ചു പിടിച്ചത്. അപ്പോള്‍ പുള്ളി വന്നു വാതില്‍ അകത്തേക്കും തള്ളി. എന്റെ വിരല്‍ അതിനിടയില്‍ കുടുങ്ങി മുറിഞ്ഞു. അപ്പോള്‍ ഞാന്‍ പുള്ളിയെ പിടിച്ചു തള്ളി. അപ്പൊ രജിത്തേട്ടന്‍ എന്റെ മൈക്ക് വലിച്ചു പൊട്ടിക്കാന്‍ ശ്രമിച്ചു. ആ മൈക്കില്‍ പിടികൂടിയപ്പോള്‍ വിരലിന് അപകടം പറ്റി. ഞങ്ങളെ രണ്ടാളെയും ബിഗ് ബോസ് വിളിച്ചു താക്കീത് നല്‍കി. ഇതാണ് സംഭവിച്ചത്. പിന്നീട് നടന്ന സൂപ്പര്‍ വില്ലന്‍ ടാസ്‌കിലെ പിടിവലിക്കിടയില്‍ വീണ്ടും കയ്യിനു പരിക്ക് പറ്റി. എല്ലാവരും അങ്ങോട്ടുമിങ്ങോട്ടുമൊക്കെ ചെയ്തിട്ടുണ്ട്. രജിത്തേട്ടനാണ് അപകടം പറ്റിയത് എന്ന് മാത്രം.

ബിഗ് ബോസില്‍ പോയിട്ട് ചെയ്തത് തെറ്റായിപ്പോയി എന്ന് തോന്നുന്നത് എന്തൊക്കെ കാര്യങ്ങളാണ്?

ഞാന്‍ പുറത്തിറങ്ങിയപ്പോള്‍ എന്റെ കൂട്ടുകാരൊക്കെ പറഞ്ഞു, ഞാന്‍ അവിടെ എല്ലാവരെയും പ്രായം പരിഗണിക്കാതെ ഊളെ എന്നും എടി എന്നുമൊക്കെ വിളിച്ചത് മോശമായി പോയെന്ന്. അത് തിരുത്തും. ഞാനിനി അത്തരം വാക്കുകള്‍ സംസാരത്തില്‍ പരമാവധി ഒഴിവാക്കും.
പിന്നെ കുറച്ചുകൂടി ദേഷ്യമൊക്കെ കണ്‍ട്രോള്‍ ചെയ്യാന്‍ ശ്രമിക്കും. പക്ഷെ ബിഗ് ബോസില്‍ പോയിട്ട് പഠിച്ച ഏറ്റവും വലിയ പാഠവും ക്ഷമിക്കാനും പ്രതികരണം കുറക്കാനുമൊക്കെ പഠിച്ചതാണ്. ചൊറിയാന്‍ വരുന്നവരെ അവഗണിക്കാന്‍ കുറച്ചു പഠിച്ചു. കുറച്ചുകൂടി പഠിക്കണം.

 

യുവതലമുറയുടെ പ്രതിനിധിയായ ഫുക്രു പലപ്പോഴും അവിടെ ചില സമയത്തൊക്കെ സ്ത്രീവിരുദ്ധ നിലപാടുകള്‍ എടുത്തതായി കണ്ടിട്ടുണ്ട്. ഉദാഹരണമായി പ്രണയത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ പെണ്‍കുട്ടികള്‍ ഷാള്‍ ഇടണം, ജസ്ല സ്ത്രീ പീഡനത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ സ്ത്രീകള്‍ നന്നായി വസ്ത്രം ധരിക്കാത്ത കൊണ്ടല്ലേ കുഴപ്പം.. അത്തരം ചില പരാമര്‍ശങ്ങള്‍? അതെന്തുകൊണ്ടാണ് അങ്ങനെ സംസാരിക്കുന്നത്?

യ്യോ.. സത്യത്തില്‍ ഇക്കാര്യം ഞാന്‍ ശ്രദ്ധിച്ചിട്ടില്ല. ഇപ്പോള്‍ എന്നോട് ചോദിച്ചപ്പോഴാണ് ഞാനിതു ശ്രദ്ധിക്കുന്നത്. അങ്ങനെ ഞാന്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ ഇനി അത്തരം നിലപാടുകളും തിരുത്തും. ഞാന്‍ സ്ത്രീകളെ അങ്ങനെ രണ്ടാംകിട ജന്മമായി കാണുന്നില്ല. തുല്യനീതിയിലും അവകാശത്തിലും വിശ്വസിക്കുന്നു. ഇപ്പോള്‍ പറയട്ടെ, ഒരു സ്ത്രീ അല്പവസ്ത്രം ധരിച്ചാല്‍ പുരുഷന് എന്തെങ്കിലും തോന്നുമെങ്കില്‍ അത് ആ നോക്കുന്ന പുരുഷന്റെ കുഴപ്പമാണ്. സ്ത്രീയുടെ കുഴപ്പമല്ല. ഇതൊരു എന്റര്‍ടെയിന്റ്‌മെന്റ് ഷോയാണ്. അവിടെ 75 ദിവസം ഞങ്ങളൊക്കെ ഗെയിം കളിച്ചു. അതിനിടയില്‍ സ്‌നേഹിച്ചു, കലഹിച്ചു, മത്സരിച്ചു. ഇതൊക്കെ ഒരു ഗെയിമിന്റെ സ്പിരിറ്റില്‍ എല്ലാവരും എടുക്കണം. എനിക്ക് തെറ്റു പറ്റി എന്ന് തോന്നുന്ന കാര്യങ്ങള്‍ ഞാന്‍ തിരുത്തുക തന്നെ ചെയ്യും. പിന്തുണച്ച എല്ലാവരോടും വിയോജിച്ച എല്ലാവരോടും നന്ദിയും സ്‌നേഹവും. ഞങ്ങളെക്കാള്‍ നിങ്ങളാണ് ഈ ഷോ വിജയമാക്കിയത്.