ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിലെ പ്രധാനപ്പെട്ട മത്സരാര്‍ഥികളില്‍ ഒരാളാണ് ഫുക്രു. ആദ്യദിനം മുതല്‍ ഇന്നുവരെ എല്ലാദിനവും ഹൗസില്‍ ഉണ്ടായിരുന്ന അപൂര്‍വ്വം മത്സരാര്‍ഥികളില്‍ ഒരാള്‍ കൂടിയാണ് ഫുക്രു. നിലവിലുള്ളവരില്‍ ഫുക്രുവിനൊപ്പം ആര്യ മാത്രമാണ് ബിഗ് ബോസ് ഹൗസില്‍ മുഴുവന്‍ ദിവസങ്ങളിലും ഹൗസില്‍ ഉണ്ടായിരുന്ന ഒരാള്‍. ഇപ്പോഴിതാ ഏറ്റവും പുതിയ ക്യാപ്റ്റന്‍സി ടാസ്‌കില്‍ വിജയിച്ച് അടുത്ത വാരത്തിലെ (പതിനൊന്നാം ആഴ്ച) ക്യാപ്റ്റനും ആയിരിക്കുകയാണ് ഫുക്രു. അതായത് ഹൗസിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തിനൊപ്പം അടുത്ത വാരത്തിലെ നോമിനേഷനില്‍ നിന്ന് സേഫ് ആകാം എന്ന അധികമെച്ചം കൂടിയുണ്ട്. 

രസകരമായിരുന്നു ഇത്തവണത്തെ ക്യാപ്റ്റന്‍സി ടാസ്‌ക്. രണ്ട് ഘട്ടങ്ങളായിട്ടായിരുന്നു മത്സരം. എലീനയും ദയയുമാണ് ക്യാപ്റ്റന്‍മാരായി നിന്ന് രണ്ട് ടീം ഉണ്ടാക്കിയത്. ഇതില്‍ ദയയുടെ ടീമിലായിരുന്നു ഫുക്രു. ആര്യ, രേഷ്മ, സുജോ എന്നിവരാണ് ഇവര്‍ക്കൊപ്പം അതേ ടീമില്‍ ഉണ്ടായിരുന്നത്. എല്ലാ മത്സരാര്‍ഥികള്‍ക്കും ധരിക്കാന്‍ വെല്‍ക്രോ ജാക്കറ്റുകള്‍ നല്‍കിയിരുന്നു. ഒപ്പം എല്ലാവര്‍ക്കുമായി ഒരേയൊരു 'കില്ലര്‍' കോയിനും. ടീമംഗങ്ങളെ തിരിച്ചറിയാന്‍, തലയില്‍ കെട്ടാനായി രണ്ട് നിറങ്ങളിലെ റിബണുകളും നല്‍കിയിരുന്നു. ബസര്‍ ശബ്ദങ്ങള്‍ക്കിടെ കോയിന്‍ എതിര്‍ ടീമംഗങ്ങളുടെ ജാക്കറ്റില്‍ ഒട്ടിക്കാന്‍ ശ്രമിക്കുക എന്നതായിരുന്നു മത്സരം. ഇതനുസരിച്ച് ആദ്യ റൗണ്ടില്‍ അവസാന ബസര്‍ വന്നപ്പോഴേക്ക് ഷാജിയുടെ പക്കലാണ് കോയിന്‍ അവശേഷിച്ചത്. അതിനാല്‍ എലീന വിളിച്ച ടീം പരാജയപ്പെട്ടു. രണ്ടാം റൗണ്ടില്‍ ദയ വിളിച്ച ടീമംഗങ്ങള്‍ പരസ്പരം മത്സരിക്കണമായിരുന്നു. ഓരോ ബസര്‍ ശബ്ദങ്ങള്‍ക്കിടയിലും കോയില്‍ കൈയില്‍ പെടുന്ന ആള്‍ പുറത്താവുമായിരുന്നു. മത്സരത്തില്‍ ദയ, ആര്യ, രേഷ്മ, സുജോ എന്നിവര്‍ പലപ്പോഴായി പുറത്തായി. ഫുക്രുവിനെ ബിഗ് ബോസ് ക്യാപ്റ്റനായി പ്രഖ്യാപിക്കുകയും ചെയ്തു.

 

അതേസമയം ഈയാഴ്ച ഹൗസില്‍ നിന്ന് എലിമിനേറ്റ് ചെയ്യപ്പെടുന്നത് ആരാണെന്ന് നാളെയും മറ്റന്നാളുമുള്ള എപ്പിസോഡുകളില്‍ അറിയാനാവും. പാഷാണം ഷാജി, രഘു, രേഷ്മ, ദയ, അമൃത-അഭിരാമി എന്നിവരാണ് ഇത്തവണ ലിസ്റ്റില്‍ ഉള്ളത്. വീക്ക്‌ലി ടാസ്‌കിനിടെ രജിത്തിന്റെ താല്‍ക്കാലിക പുറത്താക്കല്‍ ഉള്‍പ്പെടെ അപ്രതീക്ഷിതത്വങ്ങള്‍ നിറഞ്ഞതായിരുന്നു ഈ വാരം ബിഗ് ബോസ്. ഈ വിഷയത്തിലുള്‍പ്പെടെ ബിഗ് ബോസിന്റെ അന്തിമ തീരുമാനം എന്താണെന്ന് ഈ വാരാന്ത്യ എപ്പിസോഡുകളില്‍ അറിയാനാവുമെന്നാണ് പ്രേക്ഷകര്‍ കരുതുന്നത്.