കഴിഞ്ഞ ദിവസത്തെ ക്യാപ്റ്റന്‍സി ടാസ്‌കില്‍ പങ്കെടുത്തപ്പോള്‍ കുറേപ്പേര്‍ തന്നെ തെറ്റിദ്ധരിച്ചുവെന്ന് ഫുക്രു. രജിത് കുമാര്‍ ഇടയ്ക്കുവച്ച് 'ക്വിറ്റ്' ചെയ്ത ഗെയിമില്‍ വീണയെയും പരാജയപ്പെടുത്തി ഫുക്രുവാണ് ക്യാപ്റ്റന്‍ ആയത്. എന്നാല്‍ വീണയും ഫുക്രുവും പരസ്പരം പരാജയപ്പെടുത്താന്‍ ശ്രമിച്ചില്ലെന്നും ഇരുവരും രജിത്തിനെ തോല്‍പ്പിക്കാനാണ് ശ്രമിച്ചതെന്നും മത്സരശേഷം ചിലരൊക്കെ അഭിപ്രായപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ തനിക്കുള്ള വിഷമം ഫുക്രു എലീനയോട് പറയുന്നത് ഇന്നത്തെ എപ്പിസോഡിന്റെ തുടക്കത്തില്‍ തന്നെ കണ്ടു.

'നമ്മളെ തെറ്റിദ്ധരിച്ചു എല്ലാരും, ഇന്നലെ ഗെയിം കളിച്ചപ്പൊ അങ്ങേരെ മാത്രം അറ്റാക്ക് ചെയ്‌തെന്ന്. മഞ്ജു ചേച്ചിയൊക്കെ എന്നോട് ചോദിച്ചു, എന്തുകൊണ്ടാ അയാളെ മാത്രം അറ്റാക്ക് ചെയ്തതെന്ന്. ഞാന്‍ രണ്ടുപേരെയും അറ്റാക്ക് ചെയ്തില്ല. ഇങ്ങോട്ട് വന്ന് കേറിയതാ. സംശയമുണ്ടേല്‍ വീഡിയോ എടുത്ത് നോക്കട്ടെ. എന്റെ കുഞ്ഞുവിരല് (രജിത്) ചവുട്ടി പൊളിച്ചപ്പൊഴാ എനിക്ക് ദേഷ്യം കയറിയത്. ഞാന്‍ ദേഷ്യം തീര്‍ക്കാന്‍ പോയതാ. അല്ലാതെ അങ്ങേരുടെ ബാഗ് തട്ടിത്തെറിപ്പിക്കാന്‍ പോയതല്ല', ഫുക്രു എലീനയോട് പറഞ്ഞു. 

എന്നാല്‍ താന്‍ ആയിരുന്നെങ്കിലും ആദ്യ ലക്ഷ്യം രജിത്തിനെ തോല്‍പ്പിക്കുക എന്നതായിരിക്കുമെന്നും പക്ഷേ ഫുക്രു അത് ചെയ്തപ്പോള്‍ കുറച്ച് കടുത്തുപോയെന്നും എലീന പ്രതികരിച്ചു. 'ഞാനാണ് നിന്നോട് തിരിഞ്ഞോടാന്‍ പറഞ്ഞത്. അപ്പോഴേക്ക് പുള്ളിക്കാരന്‍ (രജിത്) നടുക്കായി. അവിടെ ഞാനായിരുന്നെങ്കിലും ആദ്യം നോട്ടുക ഡോക്ടറെ ഔട്ടാക്കാന്‍ ആയിരിക്കും. ആ ഒരു വാശിപ്പുറത്ത് ചെയ്തത് കുറച്ച് ഹാര്‍ഡ് ആയിപ്പോയി.' 

ക്യാപ്റ്റന്‍സി രജിത്തിന് കൊടുക്കട്ടെ എന്നും ഫുക്രു പിന്നാലെ എലീനയോട് ചോദിച്ചു. അത് മറ്റുള്ള എല്ലാവരോടും ആലോചിച്ചിട്ട് ചെയ്താല്‍ മതിയെന്നും ക്യാപ്റ്റനോട് ചോദിക്കൂ എന്നുമായിരുന്നു എലീനയുടെ മറുപടി. ഫുക്രുവിന്റെ ഗെയിം അനീതി ആയിപ്പോയെന്ന് രഘുവും പറഞ്ഞു.