ബിഗ് ബോസ്സിലെ വലിയ ആകര്‍ഷണങ്ങളില്‍ ഒന്ന് ടാസ്‍ക്കുകളാണ്. ലക്ഷ്വറി ബജറ്റിന് വേണ്ടിയുള്ള ടാസ്‍ക്കുകളും ക്യാപ്റ്റൻ സ്ഥാനത്തിന് വേണ്ടിയുള്ള ടാസ്‍ക്കുകളും ഉണ്ടാകാറുണ്ട്. ടാസ്‍ക്കുകളില്‍ കയ്യാങ്കളിയോളമെത്തുന്ന സംഘര്‍ഷങ്ങളുമുണ്ടാകാറുണ്ട്. ഇന്നത്തെ ടാസ്‍ക്കില്‍, വിജയിയായത് ഫുക്രുവായിരുന്നു. അത് ഫുക്രുവിനെ ക്യാപ്റ്റൻ സ്ഥാനത്തും എത്തിച്ചു.

ക്യാപ്റ്റൻ സ്ഥാനത്തേയ്‍ക്കുള്ള ഇന്നത്തെ ടാസ്‍ക്ക് രസകരമായിരുന്നു. ഗ്ലൌസ് ഉപയോഗിച്ച് ഒരു പാത്രത്തില്‍ തെര്‍മോക്കോള്‍ കഷണങ്ങള്‍ നിറയ്‍ക്കുന്നതായിരുന്നു ടാസ്‍ക്ക്. ഫുക്രുവായിരുന്നു ആദ്യം തെര്‍മോക്കോള്‍ കഷണങ്ങള്‍ പാത്രത്തില്‍ നിറച്ചത്. അഭിരാമി, അമൃത എന്നിവരായിരുന്നു രണ്ടാം സ്ഥാനത്ത്. സുജോ മൂന്നാം സ്ഥാനത്ത് മാത്രമേ എത്തിയുള്ളൂ. ക്യാപ്റ്റൻ സ്ഥാനം സ്വന്തമാക്കിയ ഫുക്രുവിന് അഭിനന്ദനവുമായി എല്ലാവരും രംഗത്ത് എത്തുകയും ചെയ്‍തു. ക്യാപ്റ്റൻ സ്ഥാനത്ത് എത്തിയതിനാല്‍ അടുത്ത ആഴ്‍ച ഫുക്രുവിന് എവിക്ഷനില്‍ നാമനിര്‍ദ്ദേശം നേരിടേണ്ടി വരില്ല. എന്തിനു വേണ്ടി താൻ ജയിച്ചുവെന്ന് അറിയുമോയെന്ന് ഫുക്രു മറ്റുള്ളവരോട് ചോദിച്ചു. ഫുക്രു ഫൈനലിലെത്തുമെന്ന് അവള്‍ പറഞ്ഞപ്പോള്‍ (അലസാൻഡ്രയെ ചൂണ്ടി) അവൻ പറഞ്ഞു ഇതാണോ ക്വാളിറ്റിയെന്ന്. തനിക്ക് വേണ്ടിയെന്ന് പറയടായെന്ന് അതിനിടെ അലസാൻഡ്ര പറയുന്നുണ്ടായിരുന്നു. ഇതാണ് ക്വാളിറ്റിയെന്ന് ഫുക്രു പറയുകയും ചെയ്‍തു. താൻ ജയിച്ചതിന്റെ കാരണം അങ്ങനെയാണ് ഫുക്രു വ്യക്തമാക്കിയത്.