ബിഗ് ബോസ്സിന്റെ ഓരോ ഭാഗവും ആകര്‍ഷകമാക്കുന്നത് മത്സരാര്‍ഥികള്‍ക്ക് നല്‍കുന്ന രസകരമായ ടാസ്‍ക്കുകളാണ്. ടാസ്‍ക്കുകളില്‍ ഒന്നാമത് എത്താൻ ഓരോരുത്തരും മികച്ച പ്രകടനം പുറത്തെടുക്കുന്നു. കയ്യാങ്കളിയിലേക്ക് കാര്യങ്ങള്‍ എത്തുന്ന സംഭവവും ഉണ്ടാകാറുണ്ട്. തീര്‍ത്തും സമാധാനപരമായ അന്തരീക്ഷത്തിലാണ് നിലവിലെ ടാസ്‍ക് നടക്കുന്നത്. കോടതി മുറിയുമായി ബന്ധപ്പെട്ട ടാസ്‍ക്കില്‍ ഇതുവരെയുള്ള പ്രകടനങ്ങളില്‍ ഒന്നാമത് എത്തിയിരിക്കുന്നത് ഫുക്രുവാണ്.

ഫുക്രു ഒന്നാം സ്ഥാനത്ത് എത്തിയപ്പോള്‍ രണ്ടാം സ്ഥാനത്ത് അമൃത സുരേഷും അഭിരാമി സുരേഷും. ദയ അശ്വതിയാണ് മൂന്നാം സ്ഥാനത്ത്. നിലവില്‍ ബിഗ് ബോസ്സിലെ ക്യാപ്റ്റൻ കൂടിയാണ് ഫുക്രു. ഫുക്രുവിന് ആദ്യം പോയന്റ് കിട്ടിയത് വക്കീലായി ദയ അശ്വതിക്ക് വേണ്ടി വാദിച്ചതിനാണ്. രജിത് കുമാറിനെതിരെയുള്ള ദയ അശ്വതിയുടെ പരാതിയാണ് ഫുക്രു വാദിച്ചത്. കേസ് ജയിച്ചതിനാല്‍ ദയ അശ്വതിക്ക് 100 പോയന്റ് കിട്ടി. അതില്‍ 50 പോയന്റ് വക്കീല്‍ ഫീസായി ഫുക്രുവിന് ലഭിച്ചു. രജിത് കുമാറിനെതിരെ പരാതി കൊടുത്ത് വിജയിച്ചതിനാലും ഫുക്രുവിന് 100 പോയന്റ് കിട്ടി. പാഷാണം ഷാജിക്കെതിരെ പരാതി കൊടുത്ത് വിജയിച്ചതിനാല്‍ അമൃത സുരേഷിനും അഭിരാമി സുരേഷിനും 100 പോയന്റ് കിട്ടി. എന്നാല്‍ മൂന്നാം സ്ഥാനത്തില്‍ തനിക്ക് തൃപ്‍തിയില്ലെന്ന് ദയ അശ്വതി പറയുന്നുണ്ടായിരുന്നു.