സംഘര്‍ഷഭരിതമായ മുഹൂര്‍ത്തങ്ങള്‍, ഏറെ വൈകാരികമായ സ്നേഹപ്രകടനങ്ങള്‍, ആ വീട്ടില്‍ വളര്‍ത്തിയെടുത്ത ആത്മബന്ധങ്ങള്‍... ബിഗ് ബോസ് സീസണ്‍ രണ്ട് ഇതില്‍ കൂടുതല്‍ ചേരുവകളുള്ള ഒരിടമായി മാറിക്കഴിഞ്ഞു. പരസ്പരം തല്ലുകൂടിയും തര്‍ക്കിച്ചുമൊക്കെയാണ് വീട്ടിലുള്ളവര്‍ വീടിനകത്ത് കഴിയുന്നതെങ്കിലും പുറത്ത് അവര്‍ നല്ല സുഹൃത്തുക്കളാകുന്നത് മുന്‍ ബിഗ് ബോസ്  അനുഭവങ്ങളില്‍ നിന്ന് വ്യക്തമാണ്.

ഇത്തവണയും എല്ലാവരും പുറത്തുപോകുമ്പോള്‍ അങ്ങനെയായിരുന്നു. അതില്‍ കുറച്ചധികം ദിവസം നില്‍ക്കുകയും വീടിന്‍റെ ഒരു ഭാഗമായി മാറുകയും ചെയ്ത ആളായിരുന്നു പ്രദീപ് ചന്ദ്രന്‍. പ്രദീപ് പോകുമ്പോഴുണ്ടായിരുന്ന വൈകാരിക മുഹൂര്‍ത്തങ്ങള്‍ വീടിനെ മൗനത്തിലാക്കിയ നിമിഷങ്ങളായിരുന്നു. അന്ന് പാഷാണം ഷാജി പറഞ്ഞ വാക്കുകളായിരുന്നു ഏറെ ശ്രദ്ധേയം. നമ്മള്‍ കൊച്ചിയില്‍ അടിച്ചുപൊളിക്കില്ലേ... മഞ്ജൂ, പ്രദീപിനെ നമ്മള്‍ അവിടത്തെ രാജാവാക്കില്ലേ എന്നൊക്കെയായിരുന്നു. ബിഗ് ബോസിന് ശേഷം എല്ലാവരും ഒരു യാത്രയും പദ്ധതിയിട്ടിട്ടുണ്ട്.

ഇപ്പോഴിതാ മഞ്ജു കൂടി ബിഗ് ബോസ് വീട്ടില്‍ നിന്ന് പുറത്തേക്ക് പോയപ്പോള്‍ തന്നെ ആഘോഷങ്ങള്‍ തുടങ്ങിയിരിക്കുകയാണ് പുറത്തുള്ളവര്‍. ആദ്യ ഘട്ടങ്ങളില്‍ പുറത്തുപോയ പ്രദീപും സുരേഷും മഞ്ജുവുമാണ് ഒത്തുകൂടിയത്. അതിനൊപ്പം അവര്‍ അന്ന് പാടിയ പാട്ടും ഒത്തുചേര്‍ന്ന് പാടി. പുതിയൊരു അതിഥി കൂടി കൂട്ടത്തിലുണ്ടായിരുന്നു. ആദ്യസീസണ്‍ ബിഗ് ബോസ് മത്സരാര്‍ത്ഥി ദിയ സന. എല്ലാവരും ചേര്‍ന്നുള്ള ചിത്രങ്ങളും വീഡിയോയും ഏറ്റെടുക്കുകയാണ് പ്രേക്ഷകര്‍.