ഹോട്ടല്‍ ടാസ്‍കിലെ മോശം പ്രകടനം നടത്തിയെന്ന കുടുംബാംഗങ്ങളുടെ വിലയിരുത്തലിനെ തുടര്‍ന്ന് ഹൗസ് മേറ്റ്സായ ഫുക്രുവും ദയ അശ്വതിയും വീട്ടിനുള്ളിലെ താത്കാലിക ജയിലിനകത്താണ്. അപ്രതീക്ഷിതമായി കിട്ടിയ ജയില്‍ ശിക്ഷ ഫുക്രു പരമാവധി ആഘോഷിക്കാന്‍ ശ്രമിക്കുമ്പോള്‍ അതുമായി പൊരുത്തപ്പെടാനുള്ള പരിശ്രമത്തിലാണ് ദയ അശ്വതി. ജയിലിനുള്ളില്‍ കുടുങ്ങിയെങ്കിലും പതിവ് വായാടിത്തരത്തിന് ഫുക്രു ഇന്നലെ തീരെ കുറവ് വരുത്തിയില്ല. ജയിലിനുള്ളില്‍ കിടന്ന് പുറത്തുള്ള രജത് കുമാറുമായി ശക്തമായി തന്നെ ഫുക്രു വാക്ക്പ്പോരുണ്ടാക്കി. 

ഒരു കാര്യം വേറെ ഒരു രീതിയില്‍ വളച്ചൊടിക്കുന്ന സ്വഭാവം രജതിനുണ്ടെന്നും ലോകം കണ്ട ഏറ്റവും വലിയ ഉഡായിപ്പാണെന്നും ഫുക്രു പറഞ്ഞു. താന്‍ ഇതു പറയുമ്പോള്‍ ഗൗളി ചിലച്ചെന്നും ഫുക്രു പറഞ്ഞു വച്ചു. ഈ ഘട്ടത്തില്‍ വേണുവേട്ടനെ ഉഡായിപ്പെന്ന് വിളിക്കരുതെന്ന് ദയ അശ്വതി ഫുക്രുവിനോട് പറഞ്ഞു. ഒരോരുത്തര്‍ ഓരോ കാര്യങ്ങള്‍ പറയുമ്പോള്‍ പ്രകൃതിയും ഓരോ ജീവികളും തനിക്ക് ഒരോ സൂചനകള്‍ തരുന്നുണ്ടെന്ന് രജതും ഫുക്രുവിന് മറുപടി നല്‍കി. അതു തനിക്കറിയാമെന്നും ഇടയ്ക്ക് നിങ്ങള്‍ പാമ്പായി വിഷം ചീറ്റുന്നുണ്ടെന്നും ഫുക്രു തിരിച്ചടിച്ചു. ഇതിനിടെ ഒരു തുള്ളി വിഷം പോലും വേണുച്ചേട്ടന്‍ തനിക്ക് നേരെ ചീറ്റില്ലെന്ന് ദയ അശ്വതി പറഞ്ഞു. 

ഇതോടെയാണ് ആരാണീ വേണുച്ചേട്ടന്‍ എന്ന ആകാംക്ഷ ഫുക്രുവിലുണ്ടായത്. രജതിന് വേണു എന്ന പേരുള്ള കാര്യം ആരാണ് പറഞ്ഞതെന്ന് ഫുക്രു ദയയോട് ചോദിച്ചു. തന്നെ ചിലര്‍ വേണു എന്നു വിളിക്കാറുണ്ടെന്നും വീട്ടിലൊക്കെ ആ പേരാണ് വിളിക്കുന്നതെന്നും രജത് തന്നോട് പറഞ്ഞിരുന്നതായി ദയ വെളിപ്പെടുത്തി. എന്നാല്‍ പിന്നെ അങ്ങനെ താന്‍ പറഞ്ഞിട്ടേയില്ല എന്നും തനിക്ക് വേണുവെന്നൊരു പേരില്ലെന്നും രജത് നിലപാട് മാറ്റിയതായും ദയ അശ്വതി കൂട്ടിച്ചേര്‍ത്തു. പുള്ളി അങ്ങനെയൊരാളാണെന്നും പറഞ്ഞതിലൊന്നും ഉറച്ചു നില്‍ക്കാറില്ലെന്നും ഫുക്രു കളിയാക്കി. 

വീട്ടില്‍ വേണുവെന്ന വിളിപ്പേരുള്ളതായി താന്‍ പറഞ്ഞിട്ടില്ലെന്ന് രജത് ആവര്‍ത്തിച്ചു. എന്നാല്‍ രജത് അങ്ങനെ പറഞ്ഞിരുന്നുവെന്നും വേണമെങ്കില്‍ വേണുവേട്ടാ എന്നു വിളിച്ചാളാന്‍ പറഞ്ഞിരുന്നുവെന്നും ദയ തിരിച്ചടിച്ചു. ഈ ഘട്ടത്തില്‍ വിഷയം മാറ്റിയ രജത് കുമാര്‍ ദയ ഭാഗ്യവതിയാണെന്നും ഫുക്രുവിനൊപ്പം ജയിലില്‍ കഴിയാന്‍ പറ്റിയത് ഭാഗ്യമാണെന്നും അനിയനേയോ സഹോദരനേയോ പോലെ ഫുക്രു ദയ വേണ്ട കാര്യങ്ങളെല്ലാം നോക്കി നടത്തുമെന്നും പറഞ്ഞു. എന്നാല്‍ വേണുവേട്ടന്‍ വന്ന സ്ഥിതിക്ക് ദയക്ക് ഇനി തന്നെ സഹോദരനായോ മകനായോ മാത്രമേ കാണാനാവൂ എന്ന് പറഞ്ഞ് ഫുക്രു ഒരുവട്ടം കൂടി രജതിനെ തോണ്ടി. ദയയ്ക്ക് രജതിനോടുള്ള താത്പര്യത്തെ പരോക്ഷമായി പരാമര്‍ശിച്ചായിരുന്നു ഫുക്രുവിന്‍റെ ഈ കൗണ്ടര്‍. സംഭാഷണം നീണ്ടു പോയേക്കാം എന്നു കണ്ടതോടെ രജത് അവിടെ സംഭാഷണം അവസാനിപ്പിക്കുകയും ചെയ്തു.