കഴിഞ്ഞയാഴ്ച വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളായി ഹൗസിലേക്ക് എത്തിയ രണ്ടുപേര്‍ ബിഗ് ബോസിലെ ആകെ ബലതന്ത്രത്തില്‍ വ്യത്യാസം വരുത്തിയിട്ടുണ്ട്. മുന്‍പ് അവിടെയുണ്ടായിരുന്ന മറ്റ് മത്സരാര്‍ഥികള്‍ പുതിയ ആളുകളുടെ കടന്നുവരവിനെ പല തരത്തിലാണ് എടുത്തിട്ടുള്ളത്. ഇക്കാര്യത്തെക്കുറിച്ച് പല തവണ മറ്റുള്ള ചിലരോടും സ്വയവും സംസാരിച്ച ആളാണ് രജിത് കുമാര്‍. ആദ്യദിനങ്ങളില്‍ ഇവരെ തനിക്ക് പരിചയമില്ലെന്ന് പറഞ്ഞ രജിത് പിന്നീട് ഇവരുടെ വസ്ത്രധാരണം കണ്ടിട്ട് ആക്ടിവിസ്റ്റുകളാണെന്ന് തോന്നുന്നുവെന്നും പറഞ്ഞിരുന്നു. ദയ അശ്വതി വന്നപ്പോള്‍ത്തന്നെ രജിത്തിനോടുള്ള താല്‍പര്യം വെളിവാക്കിയിരുന്നുവെങ്കില്‍ രജിത്തുമായി ജസ്ല മാടശ്ശേരി നീണ്ടുനിന്ന തര്‍ക്കങ്ങളിലും ഏര്‍പ്പെട്ടിരുന്നു. ഇന്ന് മോഹന്‍ലാല്‍ അവതാരകനായെത്തിയ എപ്പിസോഡില്‍ പുതിയ ആളുകളെക്കുറിച്ചുള്ള അഭിപ്രായം എന്താണെന്ന് രജിത്തിനോട് ചോദിച്ചു. ഒരാളുടെ ടാര്‍ഗറ്റ് താന്‍ തന്നെയാണെന്ന് മനസിലായെന്നായിരുന്നു രജിത്തിന്റെ പൊടുന്നനെയുള്ള മറുപടി. ജസ്ലയെ ഉദ്ദേശിച്ചാണ് രജിത് അങ്ങനെ പറഞ്ഞത്.

 

'രണ്ടുപേരെയും എനിക്ക് പുറത്ത് പരിചയമില്ല. ഇവിടെ വന്നതിനുശേഷമാണ് ഞാന്‍ പരിചയപ്പെട്ടത്. ഒരാളിന്റെ ടാര്‍ഗറ്റ് ഞാന്‍ മാത്രമാണ്, എന്നില്‍ ബോംബ് വയ്ക്കുകയാണ് ലക്ഷ്യമെന്ന് ബോധ്യപ്പെട്ടു. മറ്റെയാള്‍ (ദയ അശ്വതിയെ ഉദ്ദേശിച്ച്) കൂടെനിന്ന് ആ ബോംബില്‍നിന്ന് രക്ഷിക്കുമെന്ന് ഞാന്‍ വിചാരിച്ചു. പക്ഷേ അതൊരു ചീറ്റിയ പടക്കം പോലെയേ എത്തിയുള്ളൂ', രജിത് പറഞ്ഞു. രജിത്തിന്റെ അഭിപ്രായത്തെ അടക്കിയ ചിരിയോടെയാണ് ജസ്ല നേരിട്ടത്. 

അതേസമയം ആറുപേരാണ് ഈ വാരം എലിമിനേഷന്‍ ലിസ്റ്റില്‍ ഉള്ളത്. ആര്യ, പ്രദീപ് ചന്ദ്രന്‍, രഘു, രജിത്, തെസ്‌നി ഖാന്‍, വീണ നായര്‍ എന്നിവര്‍.