ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടില്‍ അഞ്ച് ആഴ്ചകള്‍ പൂര്‍ത്തിയാവുകയാണ്. അഞ്ച് പേരാണ് ഇക്കുറി എലിമിനേഷന്‍ ലിസ്റ്റില്‍ ഉണ്ടായിരുന്നത്. വീണ, ദയ, ജസ്ല, പ്രദീപ്, രേഷ്മ എന്നിവര്‍. ഇതില്‍ രേഷ്മ കണ്ണിന് അസുഖം ബാധിച്ചതിനെത്തുടര്‍ന്ന് ചികിത്സയുമായി ഹൗസിന് പുറത്ത് കഴിയുകയാണ്. ഇന്നത്തെ എപ്പിസോഡില്‍ ലിസ്റ്റിലുള്ള മറ്റ് നാല് പേരോട് എലിമിനേഷന്‍ സാധ്യതകളെക്കുറിച്ച് മോഹന്‍ലാല്‍ സംസാരിച്ചു. നാല് പേരെയും എണീപ്പിച്ച് നിര്‍ത്തിയതിന് ശേഷമായിരുന്നു മോഹന്‍ലാല്‍ ഇക്കാര്യം സംസാരിച്ചത്. പെട്ടെന്ന് വിളിച്ചാല്‍ വരാന്‍ തയ്യാറുള്ളവര്‍ ആരൊക്കെ എന്നായിരുന്നു മോഹന്‍ലാലിന്റെ ചോദ്യം. നാല് പേരില്‍ വീണയും ദയയും ഈ ചോദ്യത്തിന് കൈ പൊക്കി.

കൈ പൊക്കാനുള്ള കാരണത്തെക്കുറിച്ച് വീണയോടായിരുന്നു മോഹന്‍ലാലിന്റെ ആദ്യ ചോദ്യം. തനിക്ക് പലപ്പോഴും വേഗത്തില്‍ സങ്കടം വരുന്നുവെന്നും ഇനിയും നിന്നാല്‍ അടുത്ത സൗഹൃദങ്ങള്‍ പോലും ചിലപ്പോള്‍ നഷ്ടമാവുമെന്നും വീണ പ്രതികരിച്ചു. 'ചില സമയത്ത് എനിക്ക് പറ്റുന്നുണ്ടായിരുന്നില്ല. പെട്ടെന്ന് വിഷമം ആവുന്നുണ്ട്. അത് നിയന്ത്രിക്കാന്‍ പറ്റുന്നില്ല എനിക്ക്. നല്ല ഫ്രണ്ട്‌സ് ഉണ്ട് ഇവിടെ. പോകപ്പോകെ എല്ലാവരുമായും പിണങ്ങും. അതുകൊണ്ട് ഞാന്‍ ഇപ്പൊ ആഗ്രഹിക്കുന്നുണ്ട് പോകണമെന്ന്. കരയേണ്ടെന്ന് വിചാരിക്കും. പക്ഷേ ചെറിയ കാര്യങ്ങള്‍ വരുമ്പോഴേ എനിക്ക് വിഷമമായിപ്പോകുന്നു. വിഷമിക്കേണ്ടെന്ന് വിചാരിക്കും. പക്ഷേ എനിക്ക് പെട്ടെന്ന് വിഷമവും ദേഷ്യവും വരും. കഴിഞ്ഞ ദിവസത്തെ ആ ടാസ്‌കിന്റെ കാര്യം.., അതില്‍ ജയിക്കാന്‍ വേണ്ടിയാണ് ഇങ്ങനെ പറയുന്നതെങ്കിലും എനിക്ക് അത് പറ്റുന്നില്ല. നാളെ ഒരിക്കല്‍ ഇവരൊക്കെ ഗെയിമിന്റെ ഭാഗമായി എന്റെ മുന്നില്‍ നിന്ന് പറയുമ്പൊ എനിക്ക് ബുദ്ധിമുട്ടാവും', വീണ മോഹന്‍ലാലിനോട് പറഞ്ഞുനിര്‍ത്തി.

 

വിശ്വാസത്തെക്കുറിച്ച് ജസ്ലയുമായി നടന്ന തര്‍ക്കത്തിന് പിന്നാലെ വീണ മറ്റൊരാളുമായും വലിയ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. കഴിഞ്ഞയാഴ്ച ഫുക്രുവുമായി നടന്ന തര്‍ക്കമായിരുന്നു അത്. വീക്ക്‌ലി ലക്ഷ്വറി ബജറ്റ് ടാസ്‌ക് ആയ 'കോള്‍ സെന്റര്‍ ടാസ്‌കി'ല്‍ ഫുക്രു ഉപഭോക്താവിന്റെ റോളില്‍നിന്ന് ഫോണില്‍ വിളിച്ചത് വീണയെ ആയിരുന്നു. കുടുംബത്തോടുള്ള സ്‌നേഹപ്രകടനം ഗെയിമിന്റെ ഭാഗമായുള്ള വീണയുടെ അഭിനയമാണെന്ന് ഫുക്രു പറഞ്ഞിരുന്നു. ടാസ്‌ക് നടന്നുകൊണ്ടിരുന്ന സമയത്ത് വീണ ഇതിനോട് സംയമനത്തോടെ പ്രതികരിച്ചെങ്കിലും പുറത്തുവന്നതിന് ശേഷം ഫുക്രുവിനോട് പൊട്ടിത്തെറിക്കുകയായിരുന്നു. കുടുംബത്തിലുള്ളവരെ പറയുന്നത് ചീപ്പ് ആണെന്ന് ഫുക്രുവിനോട് വീണ പറഞ്ഞിരുന്നു.