ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിലെ ഏറ്റവും ശ്രദ്ധേയരായ മത്സരാര്‍ഥികളില്‍ ഒരാളാണ് ഫുക്രു. ടിക് ടോക് വീഡിയോകളിലൂടെ മലയാളികളുടെ ശ്രദ്ധ നേടിയ ഫുക്രു ബിഗ് ബോസിലും നിരവധി രസകരമായ നിമിഷങ്ങള്‍ ഇതിനകം സൃഷ്ടിച്ചിട്ടുണ്ട്. മോഹന്‍ലാല്‍ പങ്കെടുത്ത ശനിയാഴ്ച എപ്പിസോഡില്‍ ഫുക്രു പറഞ്ഞ വ്യക്തിപരമായ ഒരു കാര്യത്തെ മുന്‍നിര്‍ത്തിയുള്ള ചര്‍ച്ചയും സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പുരോഗമിക്കുന്നുണ്ട്. തനിക്ക് കഞ്ഞി ഇഷ്ടമല്ലെന്ന് പറഞ്ഞ ഫുക്രുവിന്റെ പ്രസ്താവന ശരി തന്നെയോ എന്ന ചര്‍ച്ചയാണ് ചില ബിഗ് ബോസ് ഫാന്‍ കൂട്ടായ്മകളില്‍ ഉയരുന്ന ചോദ്യം.

 

ഫുക്രുവിന് കഞ്ഞി ഇഷ്ടമല്ലെന്ന വിവരം അദ്ദേഹമല്ല, മറ്റ് മത്സരാര്‍ഥികളില്‍ ആരോ ആണ് കഴിഞ്ഞ വാരം ആദ്യമായി പറഞ്ഞത്. കഴിഞ്ഞ വാരം ക്യാപ്റ്റന്‍ കൂടിയായിരുന്ന ഫുക്രുവിന് ബിഗ് ബോസിലെ ജയില്‍ശിക്ഷ കിട്ടിയിരുന്നു. ജയില്‍ശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന മത്സരാര്‍ഥികള്‍ക്ക് പ്രത്യേക ഭക്ഷണക്രമമൊക്കെയുണ്ട് ബിഗ് ബോസില്‍. ഗോതമ്പുണ്ടയോ കഞ്ഞിയോ ഒക്കെയാണ് അവര്‍ക്കായി നല്‍കുന്നത്. ദയ അശ്വതിക്കൊപ്പം ഫുക്രു ജയിലില്‍ ആയിരുന്ന സമയത്ത് കഞ്ഞിയായിരുന്നു ഭക്ഷണമായി എത്തിയത്. കഞ്ഞി കൊണ്ടുക്കൊടുക്കവെയാണ് മത്സരാര്‍ഥികളില്‍ ചിലര്‍ ഫുക്രുവിന് കഞ്ഞി ഇഷ്ടമല്ലെന്നും കുടിക്കാന്‍ സാധ്യതയില്ലെന്നും പറഞ്ഞത്. പറഞ്ഞതുപോലെ ഫുക്രു അപ്പോള്‍ ഭക്ഷണം കഴിച്ചതുമില്ല.

പിന്നീട് മോഹന്‍ലാല്‍ എത്തിയ ശനിയാഴ്ച എപ്പിസോഡില്‍ അദ്ദേഹം തന്നെ ഈ വിഷയം എടുത്തിട്ടു. കഴിഞ്ഞ വാരത്തിലെ ക്യാപ്റ്റന്‍ എന്ന നിലയില്‍ ഫുക്രുവിന്റെ പ്രകടനത്തെ വിലയിരുത്തവെയാണ് ജയില്‍ ശിക്ഷയുടെ കാര്യം കടന്നുവന്നത്. തുടര്‍ന്ന് ഭക്ഷണത്തിലെ ഇഷ്ടാനിഷ്ടത്തെക്കുറിച്ചും മോഹന്‍ലാല്‍ ചോദിച്ചു. കഞ്ഞി കുടിക്കാറില്ലേ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു ഫുക്രുവിന്റെ മറുപടി. കുടിച്ചാല്‍ ഛര്‍ദ്ദിക്കാനുള്ള തോന്നലുണ്ടാവുമെന്നും ഫുക്രു പറഞ്ഞു.

"

 

എന്നാല്‍ ഫുക്രു കഞ്ഞി കുടിക്കുന്ന ഒരു വീഡിയോയാണ് ചില ബിഗ് ബോസ് ഫാന്‍ ഗ്രൂപ്പുകളില്‍ ചര്‍ച്ചയാവുന്നത്. 'പഴങ്കഞ്ഞി'യോട് കൊതിയുള്ള ഒരാള്‍ അത് തയ്യാറാക്കുന്നതിന്റെയാണ് വീഡിയോ. മാസങ്ങള്‍ക്ക് മുന്‍പ് ഫുക്രു ടിക് ടോക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ ആണ് ഇതെന്ന തരത്തിലാണ് പ്രചരിക്കുന്നത്. അതേസമയം ഒരു പരസ്യ വീഡിയോയുടെ കെട്ടിലും മട്ടിലുമുള്ള വീഡിയോ അത്തരത്തിലുള്ള ആവശ്യത്തിനുവേണ്ടി ചിത്രീകരിച്ച് ടിക് ടോക്കില്‍ അപ്ലോഡ് ചെയ്തതാണോ എന്നത് വ്യക്തമല്ല.