ആദ്യ സീസണിനേക്കാള്‍ ഒട്ടേറെ അപ്രതീക്ഷിതത്വങ്ങളും സര്‍പ്രൈസുകളും നിറഞ്ഞതാണ് ബിഗ് ബോസ് മലയാളം സീസണ്‍ രണ്ട്. കണ്ണിനസുഖം മൂലം മത്സരാര്‍ഥികളില്‍ പലര്‍ക്കും ഹൗസിന് പുറത്തേക്ക് പോകേണ്ടിവന്നത് ഷോയ്ക്ക് തിരിച്ചടിയായിരുന്നു. എന്നാല്‍ അന്‍പതാം ദിനത്തില്‍, അവശേഷിച്ച മത്സരാര്‍ഥികളിലും പ്രേക്ഷകരിലും കൗതുകം നിറച്ച് പോയെന്ന് കരുതിയ മൂന്നുപേരെ തിരിച്ചെത്തിച്ചു ബിഗ് ബോസ്. സുജോ, രഘു, അലസാന്‍ഡ്ര എന്നിവരാണ് അന്‍പതാം ദിവസം തിരിച്ചെത്തിയത്. ഒപ്പം വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളായി സഹോദരിമാരായ അമൃത സുരേഷും അഭിരാമി സുരേഷും ഹൗസിലെത്തി. തിരിച്ചെത്തിയ സുജോ പാഷാണം ഷാജിയോട് സംസാരിക്കവെ തന്റെ ബന്ധു കൂടിയായ പവന്‍ ജിനോ തോമസിന്റെ കാര്യമാണ് പ്രധാനമായും അന്വേഷിച്ചത്.

പവന്‍ എന്ന് പോയെന്നും ഇനി തിരിച്ച് വരില്ലേയെന്നുമൊക്കെ സുജോ ഷാജിയോട് ചോദിച്ചു. നടുവിന് പ്രശ്‌നമാണെന്ന് പറഞ്ഞാണ് പവന്‍ പോയതെന്നും നന്നാക്കാന്‍ വിട്ടതാണെന്ന് തോന്നുന്നുവെന്നും ഷാജി സുജോയോട് പറഞ്ഞു. പവന്‍ എങ്ങനെയാണ് പോയതെന്നും തിരിച്ചുവരില്ലേ എന്നുമായിരുന്നു സുജോയ്ക്ക് അറിയാനുണ്ടായിരുന്നത്. ഒഴിവാക്കി പോയതാണെന്ന് ഷാജിയുടെ മറുപടി. പവന്‍ തന്നെയാണോ പോകാന്‍ ആവശ്യപ്പെട്ടതെന്ന് സുജോയുടെ അന്വേഷണം. 'അവന്‍ തന്നെ പറഞ്ഞതാ, നില്‍ക്കാന്‍ പറ്റില്ലെന്ന്', ഷാജി മറുപടി പറഞ്ഞു.

 

'ഛെ, അവന്‍ എന്ത് പണിയാ അല്ലേ കാണിച്ചത്, ഇത്രയും വലിയൊരു പ്ലാറ്റ്‌ഫോം കിട്ടിയിട്ട്.. എത്ര കഷ്ടപ്പെട്ടിട്ടാ എല്ലാവരും ഇതിനകത്ത് വന്നത്, അല്ലേ. പക്ഷേ എത്ര ദിവസം നിന്നു ഷാജിച്ചേട്ടാ, ഞങ്ങള്‍ പോയിക്കഴിഞ്ഞിട്ട് എത്രദിവസം ഉണ്ടായിരുന്നു അവന്‍', സുജോ വീണ്ടും ചോദിച്ചു. നിങ്ങള്‍ക്കൊപ്പം ചികിത്സയ്ക്കായി പോയി തിരിച്ചുവന്ന് അധികം വൈകാതെ പവന്‍ ബിഗ് ബോസ് ഹൗസില്‍ നിന്നും പോയെന്ന് ഷാജി മറുപടി പറഞ്ഞു. ഹൗസില്‍നിന്നും മാറിനിന്ന രണ്ടാഴ്ച ജീവിതം വിരസമായിരുന്നുവെന്നും സുജോ പറഞ്ഞു. 'ഞങ്ങളുടെ ലൈഫ് ഭയങ്കര ബോറായിരുന്നു ഷാജിച്ചേട്ടാ. കണ്ണൊക്കെ കെട്ടിയാ പുറത്ത് കൊണ്ടുപോയിരുന്നത്. ആരാ അപ്പുറത്തും ഇപ്പുറത്തും ഉള്ളതെന്ന് പോലും അറിയില്ലായിരുന്നു. രഘുവൊക്കെ ഇവിടെ ഉണ്ടെന്നറിഞ്ഞത് രണ്ട് ദിവസം മുന്‍പാണ്, ഒരേ സ്ഥലത്താണ് താമസിക്കുന്നതെന്ന് അറിഞ്ഞത്. ആലോചിച്ച് നോക്കിക്കേ. പോയവരോട് യാത്ര പറയാന്‍ പറ്റിയില്ലല്ലോ എന്നതിലാണ് വിഷമം', സുജോ പറഞ്ഞുനിര്‍ത്തി.