ബിഗ് ബോസ് മലയാളം സീസണ്‍ രണ്ട് രണ്ടാമത്തെ ആഴ്ച പൂര്‍ത്തിയാക്കാന്‍ ഒരുങ്ങുമ്പോള്‍ ഹൗസിലെ പരസ്യമായ രഹസ്യമാണ് സുജോയ്ക്കും അലസാന്‍ഡ്രയ്ക്കുമിടലിലെ 'സവിശേഷമായ' അടുപ്പം. പ്രണയമാണെന്ന് അവരിരുവരും ഇതുവരെ സമ്മതിച്ചിട്ടില്ലെങ്കിലും ഒരു സാധാരണ സൗഹൃദമല്ല അതെന്ന വിലയിരുത്തലാണ് മറ്റ് അംഗങ്ങള്‍ക്ക് ഉള്ളത്. പ്രേക്ഷകരില്‍ വലിയൊരു വിഭാഗത്തിനും അത്തരത്തിലൊരു തോന്നല്‍ വന്നേക്കാം. എന്നാല്‍ ഇതിനെ സംബന്ധിച്ച് രഘു കൗതുകമുണര്‍ത്തുന്ന ഒരു വെളിപ്പെടുത്തല്‍ ഇന്ന് നടത്തി.

സുജോ, മഞ്ജു, ഫുക്രു, തെസ്‌നി ഖാന്‍ എന്നിവര്‍ക്കൊപ്പം വീടിന്റെ പൂമുഖത്തിന് സമീപം ഇരിക്കുമ്പോഴായിരുന്നു രഘു ഇതേക്കുറിച്ച് പറഞ്ഞത്. സുജോയുമായി പ്രണയത്തിലായ ഒരു പെണ്‍കുട്ടി ബിഗ് ബോസ് ഹൗസില്‍ ഉണ്ടെന്നും എന്നാല്‍ അത് അലസാന്‍ഡ്രയല്ലെന്നും രഘു പറഞ്ഞു. 'അത് സാന്ദ്രയല്ല. പക്ഷേ ഇവിടെനിന്ന് ഇവന് ഒരു പെണ്ണ് ലൈന്‍ ആയില്ലെങ്കില്‍ എന്റെ പേര് മാറ്റിക്കോ. ഈയാഴ്ച ഇവന്‍ പോയില്ലെങ്കില്‍.. പോവില്ലെന്നാണ് എന്റെ വിശ്വാസം', ഈയാഴ്ചത്തെ നോമിനേഷന്‍ ലിസ്റ്റിലുള്ള സുജോയെക്കുറിച്ച് രഘു പറഞ്ഞു. 

'ഇവനും അതറിയാം, ആ പെണ്‍കുട്ടിക്കും ഒരു തോന്നലുണ്ട്. രണ്ടാഴ്ചയ്ക്ക് ശേഷം കാണാം. അന്ന് ഇവന്റെ മുഖത്ത് നോക്കി ഞാന്‍ ചിരിക്കും. എനിക്ക് അതില്‍ സന്തോഷമേയുള്ളൂ. ഞാനിത് പറയുന്ന സമയത്ത് ഇവന്റെ മുഖം നോക്കൂ. കല്യാണവീട്ടില്‍ ബള്‍ബ് ഇട്ടതുപോലെയാണ്. അവനറിയാം അത്.' ബിഗ് ബോസ് ഹൗസിനുള്ളില്‍ നടക്കുന്ന പ്രണയം ക്ലാസ്‌മേറ്റ്‌സ് സിനിമയിലേതുപോലെയാണെന്നും രഘു പറഞ്ഞു.

എന്നാല്‍ അല്‍പസമയത്തിന് ശേഷം താന്‍ ഉദ്ദേശിച്ചത് ആരുടെ പേരാണെന്ന് ഫുക്രുവിനോട് രഘു പറയുകയും ചെയ്തു. രേഷ്മയ്ക്കും സുജോയ്ക്കുമിടയില്‍ ഒരു പ്രണയം വളര്‍ന്നുകൊണ്ടിരിക്കുകയാണെന്നും താനത് കഴിഞ്ഞ കുറേ ദിവസങ്ങളായി ശ്രദ്ധിക്കുകയാണെന്നും രഘു പറഞ്ഞു. തുടര്‍ന്നുള്ള 'നിരീക്ഷണ'ത്തില്‍ ഫുക്രു കൂടി പങ്കാളിയാവണമെന്നും രഘു ആവശ്യപ്പെട്ടു.