ബിഗ് ബോസ് വീട് ഓരോ നിമിഷവും ഓര്‍മകളും സ്വപ്നങ്ങളും കണ്ണീരും വിരിയുന്ന ഒരിടമാണ്. മത്സരാര‍്ത്ഥികളുടെ വൈകാരികതയെ വലിച്ച് പുറത്തിടാന്‍ പോന്നതാണ് ബിഗ് ബോസിലെ ഗെയിം പ്ലാനുകളും ടാസ്കുകളുമെല്ലാം. മനപ്പൂര്‍വ്വം പറയാതെ മാറ്റിവച്ച പല സ്വകാര്യതകളും അവര്‍ പലപ്പോഴായി പറഞ്ഞുതീര്‍ക്കും. അതു തന്നെയാണ് ബിഗ് ബോസ് എന്ന ലോകോത്ത റിയാലിറ്റി ഷോയുടെ പ്രത്യേകതയും. ഇന്നലത്തെ എപ്പിസോഡില്‍ ജസ്‍ലയും അലസാന്‍ഡ്രയും തമ്മിലുള്ള സംഭാഷണം ഏറെ വൈകാരികമായിരുന്നു. രാത്രി രണ്ടരയോടെ ജസ്‍ല തുറന്നുപറഞ്ഞ കാര്യങ്ങള്‍ ഏറെ വിഷമിക്കുന്ന കാര്യങ്ങളും


ചെറുപ്പത്തില്‍ ഉമ്മയേക്കാള്‍ കൂട്ടുണ്ടായിരുന്ന ഉമ്മൂമ്മയെക്കുറിച്ചുള്ള സ്നേഹമുള്ള ഓർമകളിലാണ് ജസ്‍ല തുടങ്ങിയത്. അസുഖബാധിതയായി കിടന്നപ്പോഴും മരണ സമയത്തും ജസ്‍ലയ്ക്ക് അവരെ കാണാൻ കഴിഞ്ഞില്ല. 15 ദിവസം ഉമ്മൂമ്മയെ കാണാന്‍ ആശുപത്രിയിലെത്തിയിട്ടും, ഞാന്‍ ഉമ്മൂമ്മയെ കണ്ടാല്‍ ഉമ്മയെ അവിടെ നിര്‍ത്താന്‍ സമ്മതിക്കില്ലെന്നായിരുന്നു അമ്മാവന്‍മാര്‍ പറഞ്ഞതെന്ന് ജസ്‍ല വ്യക്തമാക്കി. അവരുടെ മയ്യത്തും കാണാൻ കഴിഞ്ഞില്ല. ജസ്‍ല അന്ന് ഫ്ലാഷ് മൊബൈൽ പങ്കെടുത്തു വിവാദം നേരിടുന്ന സമയമായിരുന്നു. മതത്തെ വിമർശിക്കുന്ന, മതത്തിലെ തെറ്റുകളെ ചൂണ്ടിക്കാണിക്കുന്ന ജസ്‍ല വന്നു മയ്യത്തു കണ്ടാൽ ഉമ്മൂമ്മക്ക് ബർക്കത്ത് കിട്ടില്ലെന്ന്‌ ജസ്‍ലയുടെ അമ്മാവന്മാർ ഉൾപ്പെടെയുള്ളവർ നിലപാടെടുത്തു.

ജസ്‍ലയും അനിയനും  ബാംഗ്ലൂരിൽ ഒന്നിച്ചു താമസിക്കുകയായിരുന്നു. എന്നാൽ വീട്ടുകാർ മരണം അനിയനെ മാത്രം അറിയിക്കുകയും ജസ്‍ലയ്ക്ക് പോകാൻ പറ്റാതിരിക്കുകയും ചെയ്തു. ഒരിക്കല്‍ ചെന്നപ്പോള്‍ ഈ വേഷത്തില്‍ കണ്ടാല്‍ ശരിയാകില്ലെന്ന് ഉമ്മ പറഞ്ഞപ്പോള്‍, ഉമ്മൂമ്മയെ കാണാനുള്ള ആഗ്രഹം കൊണ്ട്  പർദ്ദയണിഞ്ഞു വന്നു. എന്നാല്‍ അവരെ കാണാന്‍ ആരും സമ്മതിച്ചില്ല. ഒപ്പം തന്നെ തന്‍റെ മൂത്ത സഹോദരിയുടെ അനുഭവവും ജസ്‍ല വെളിപ്പെടുത്തി.

പതിനഞ്ചാമത്തെ വയസില്‍ എസ്എസ്എല്‍സി പരീക്ഷയുടെ റിസള്‍ട്ട് വരുന്ന ദിവസമായിരുന്നു താത്തയുടെ കല്യാണം. അന്ന് അവള്‍ റിസള്‍ട്ട് വന്നോ എന്ന് ചോദിച്ചതൊക്കെ എനിക്ക് ഓര്‍മയുണ്ട്. അവള്‍ നല്ല മാര്‍ക്കോടെ പാസാവുകയും ചെയ്തു. ഇപ്പോള്‍ 29 വയസേയുള്ളൂ അവള്‍ക്ക്, നാല് മക്കളുണ്ട്. ആദ്യത്തെ കുട്ടിക്ക് നില്‍ക്കാനോ ഇരിക്കാനോ സംസാരിക്കാനോ ഒന്നും പറ്റാത്ത തരത്തില്‍ അസുഖ ബാധിതനാണ്. നിഷേധികളായവര്‍ക്കാണ് ഓട്ടിസം ബാധിക്കുന്ന കുട്ടികളുണ്ടാകുന്നതെന്ന് പറയുന്ന അയാളോടുള്ള എന്‍റെ സംസാരം അങ്ങനെയാകുന്നത് അതുകൊണ്ടാണെന്നും ജസ്‍ല പറഞ്ഞു. 15ാം വയസില്‍ എന്തെന്നും ഏതെന്നും അറിയാത്ത പ്രായത്തില്‍ വിവാഹം ചെയ്ത എന്‍റെ താത്ത എന്ത് തലതിരിവാണ് കാണിച്ചതെന്നും ജസ്‍ല വൈകാരികമായി ചോദിക്കുന്നു.