എന്തൊക്കെയാണ് ജസ്‍ല വിളിച്ചുപറയുന്നതെന്നാണ് സോഷ്യല്‍ മീഡിയയിലെ ഇന്നത്തെ ബിഗ് ബോസ് ചര്‍ച്ച. ജസ്‍ലയുടെ അപ്പി പരാമര്‍ശവും അമൃതയുടെ ചോദ്യവുമെല്ലാം  എങ്ങനെയായിരുന്നു എന്ന് നോക്കാം. ലക്ഷ്വറി ബജറ്റിനായുള്ള ടാസ്ക് നടക്കുകയാണ് ബിഗ് ബോസ് വീട്ടില്‍. ഏറെ ആവേശത്തോടെയും മത്സര ബുദ്ധിയോടെയുമാണ് മത്സരം മുന്നോട്ടുപോകുന്നത്. ഖനനമാണ് ജോലി. ആക്ടിവിറ്റി ഏരിയയില്‍ ഒരുക്കിയിട്ടുള്ള ഖനനത്തിനുള്ള സംവിധാനങ്ങളില്‍ നിന്ന് സ്വര്‍ണവും രത്നങ്ങളും കണ്ടെത്തണം. അതിനു മുമ്പ് ആരാണ് ഖനനത്തിന് യോഗ്യത നേടുന്നത് എന്ന് തീരുമാനിക്കാനും മത്സരമുണ്ട്. നിശ്ചിത ബസര്‍ കേള്‍ക്കുമ്പോള്‍ ആക്ടിവിറ്റി ഏരിയയിലെ വാതിലില്‍ തൊടുന്നവര്‍ക്കാണ് യോഗ്യത. 

ഈ മത്സരത്തിനിടെ നേരത്തെ ഖനനം ചെയ്തവര്‍ ആ വേഷത്തില്‍ മത്സരത്തില്‍ വീണ്ടും പങ്കെടുക്കരുതെന്നാണ് ബിഗ് ബോസ് നിയമം. അത് തെറ്റിച്ച  ഫുക്രുവുമായുള്ള അമൃതയുടെയും  സുജോയുടെയും തര്‍ക്കത്തിലാണ് രജിത്തുമായുള്ള ജസ്‍ലയുടെ തമ്മിലടിയുടെ  തുടക്കം. അമൃതയുടെ വാക്കുകള്‍ കേട്ട് ഫുക്രു നിക്കര്‍ ഊരി ജസ്‍ലയ്ക്ക് എറിഞ്ഞുകൊടുത്തു. അതിനുള്ളില്‍ നിന്ന് വെളുത്ത ടിഷ്യു പേപ്പറില്‍ എന്തോ ഒന്ന് ജസ്‍ല എടുക്കുന്നത് കണ്ട രജിത് പ്രതികരിച്ചു. ഡയമണ്ട്സ് ഫുക്രു പോക്കറ്റില്‍ തന്നെ കൊണ്ടു നടക്കുകയാണെന്ന് പറഞ്ഞു. ലോക്കറില്‍ തന്നെ വയ്ക്കണമെന്ന് പറഞ്ഞിട്ടും അത് ഫുക്രു പോക്കറ്റില്‍ ഇട്ടുനടക്കുകയാണെന്ന് പറഞ്ഞു. 

താന്‍ കണ്ടോ ഡയമണ്ട്  എന്ന് ചോദിച്ച് ജസ്‍ല തട്ടിക്കയറി. എന്നാല്‍ ആ ടിഷ്യു പേപ്പറില്‍ പൊതിഞ്ഞിരിക്കുന്നത് ഡയമണ്ട് ആണെന്നും ലോക്കറില്‍ വയ്ക്കാതെ കയ്യില്‍ വച്ച് നടക്കുകയാണെന്നും രജിത് പറഞ്ഞു.  'ഞാന്‍ മുണുങ്ങി വാ.. കയ്യിട്ടെടുക്ക് എന്നായിരുന്നു ജസ്‍ല അതിന് കൊടുത്ത മറുപടി'. അതിനിടയില്‍ അമൃത പറഞ്ഞത് ശ്രദ്ധേയമായിരുന്നു. ' എന്ത് ഭാഷയാ ജസ്‍ലാ ഉപയോഗിക്കുന്നത്' എന്നായിരുന്നു അമൃതയുടെ ചോദ്യം. 

ആരോപണം രജിത് ആവര്‍ത്തിച്ചു. ' രാവിലെ അപ്പിയിടാന‍് പോകുമ്പോ വിളിക്കാം അപ്പോ വന്നാല്‍ മാന്തിയെടുക്കാമെന്ന് ജസ്‍ല. അതല്ല എന്‍റെ പണിയെന്ന് രജിത്തും മറുപടി പറഞ്ഞു. നിങ്ങളുടെ പണി അതുതന്നെയാണ്, ഒന്നു മിണ്ടാതിരിക്കടോ എന്ന് പറഞ്ഞ ജസ്‍ലയോട് നീ കാണിച്ച നീതികേടാണ് പറഞ്ഞതെന്ന് രജിത്. ഒരു ന്യായവും ന്യായാധിപനും ഇരിക്കുന്നു, ചവിട്ടിക്കൂട്ടി മൂലയ്ക്കിടാതെ നോക്കിക്കോളൂവെന്നായിരുന്നു ജസ്‍ല പറഞ്ഞത്.

വെറുതെയല്ല ഇയാളെ ഭാര്യ വിട്ടിട്ടു പോയതെന്നും, എങ്ങനെ പോകാതിരിക്കും ഇതല്ലേ സ്വഭാവമെന്നും, ഇത്രയും വലിയ ചൊറിന്‍ സ്വഭാവമുള്ളയാളെ എന്‍റെ ജീവിതത്തില്‍ കണ്ടിട്ടില്ലെന്നും ജസ്‍ല പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു. 'ഇയാളെ കുട്ടികളൊക്കെ എങ്ങനെ സഹിക്കുന്നു ആവോ?, ഒരു മണിക്കൂറല്ലേ കാണുന്നുള്ളൂ... അമ്പത് ദിവസം 24 മണിക്കൂറും കാണുകയും ഒരുമിച്ച് ജീവിക്കുകയും ചെയ്യുന്നില്ലല്ലോ എന്നു ജസ്‍ല പിറുപിറുത്തു. ജസ്‍ലയുടെ ഇത്തരം പരാമര്‍ശങ്ങളെയൊന്നും രജിത് കേട്ടതായി ഭാവിച്ചില്ലെന്ന് മാത്രമല്ല, ഗെയിമിന്‍റെ ഭാഗമായുള്ള ഫൗളിനെ കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുകയും ചെയ്തു.