ചിലര്‍ ചിത്രീകരിക്കുന്നതുപോലെ കലാപകാരിയോ അക്രമകാരിയോ ഭീകരവാദിയോ അല്ല താനെന്ന് ജസ്ല മാടശ്ശേരി. ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിലെ ആദ്യ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തുന്നതിന് മുന്‍പ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ സ്വന്തം ജീവിതത്തെയും നിലപാടുകളെയുംകുറിച്ച് സംസാരിക്കുകയായിരുന്നു ജസ്ല.

പലപ്പോഴും താനല്ല ബഹളമുണ്ടാക്കുന്നതെന്നും ഒരു വിഷയത്തില്‍ പ്രതികരിക്കുമ്പോള്‍ മറ്റുള്ളവര്‍ അതൊരു ബഹളത്തിന്റെ പ്രതീതിയില്‍ അവതരിപ്പിക്കുകയാണെന്നും ജസ്ല പറഞ്ഞു. വിമര്‍ശകരേക്കാള്‍ പിന്തുണയ്ക്കുന്നവരാണ് ഉള്ളതെന്നും. 'പുറത്തിറങ്ങുമ്പോള്‍ ഏറ്റവും കൂടുതല്‍ കാണുന്നത് എന്നെ സപ്പോര്‍ട്ട് ചെയ്യുന്നവരെയാണ്. പറയുന്ന കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന, സന്തോഷത്തോടെ വന്ന് സംസാരിക്കുന്ന ആളുകളെയാണ് കാണാറ്. വിമര്‍ശകരും അക്രമിക്കുന്നവരുമൊക്കെ രണ്ട് ശതമാനമേ വരൂ. സോഷ്യല്‍ മീഡിയയില്‍ ആരെങ്കിലും ഫേക്ക് അക്കൗണ്ടുകളിലൂടെ അക്രമിക്കുന്നത് നമ്മുടെ പ്രതിച്ഛായയെ മോശമാക്കില്ല', ജസ്ല പറഞ്ഞു.

ഇസ്ലാം മതം ഉപേക്ഷിച്ച് വന്നയാള്‍ എന്നതിനേക്കാള്‍ മതം ഉപേക്ഷിച്ച് വന്നയാള്‍ എന്ന നിലയിലാണ് സ്വയം അടയാളപ്പെടാന്‍ ആഗ്രഹിക്കുന്നതെന്നും ജെസ്ല പറഞ്ഞു. 'ഇസ്ലാമിനോട് മാത്രമായിട്ടുള്ള ഒരു വെറുപ്പല്ല എനിക്ക്. ആദ്യം പഠിക്കണമെന്ന് തോന്നിയത് എന്റെ മതത്തെക്കുറിച്ചാണ്. അങ്ങനെയാണ് ഇസ്ലാമിനെക്കുറിച്ച് കൂടുതല്‍ പഠിക്കുന്നത്. എനിക്ക് ഒരിക്കലും ഉള്‍ക്കൊള്ളാന്‍ പറ്റാത്ത, യുക്തിരഹിതമായ കാര്യങ്ങളായിരുന്നു അതില്‍ കൂടുതലും. മറ്റ് മതങ്ങളെക്കുറിച്ച് പഠിച്ചപ്പോള്‍ അതിനേക്കാള്‍ യുക്തിരഹിതമാണെന്ന് മനസിലായി. മതമെന്ന് പറയുന്നത് മനുഷ്യന്റെ മുന്നോട്ടുള്ള യാത്രയെ തടഞ്ഞ്, പിന്നോട്ടു വലിക്കുന്ന സംഗതിയായാണ് തോന്നിയത്. സ്വച്ഛന്തമായ ജീവിതത്തിന് മതം ഒരു തടസ്സമാവരുത്. എല്ലാ മതങ്ങളും പുരുഷ കേന്ദ്രീകൃതമാണ്', ജനാധിപത്യപരമായ തുല്യതയ്ക്കുവേണ്ടിയുള്ള സ്വതന്ത്രമായിട്ടുള്ള വാദമാണ് തന്നെ സംബന്ധിച്ച് ഫെമിനിസമെന്നും ജസ്ല പറഞ്ഞു. 'ഞാന്‍ പലരും പറയുന്നതുപോലെ കലാപകാരിയോ അക്രമകാരിയോ ഭീകരവാദിയോ ഒന്നുമല്ല. ആരെയും ഉപദ്രവിക്കാതെ ഇഷ്ടപ്പെട്ട ജീവിതം ജീവിക്കാന്‍ ആഗ്രഹിക്കുന്ന ഒരാള്‍. പാവമാണ്', ജസ്ല പറഞ്ഞുനിര്‍ത്തുന്നു.

WATCH VIDEO: ജസ്ല മാടശ്ശേരിയുമായി സുനിത ദേവദാസ് നടത്തിയ വീഡിയോ അഭിമുഖം കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക