ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിലെ ഇത്തവണത്തെ വീക്ക്‌ലി ടാസ്‌ക് ഒരര്‍ഥത്തില്‍ കഠിനമായിരുന്നു. 'കോള്‍സെന്റര്‍ ടാസ്‌ക്' എന്ന് ബിഗ് ബോസ് പേരിട്ടിരിക്കുന്ന മത്സരത്തില്‍ നിലവില്‍ ഹൗസിലുള്ള പതിനാറ് മത്സരാര്‍ഥികളെ രണ്ട് ടീമുകളായി തിരിക്കുകയായിരുന്നു. കോള്‍ സെന്റര്‍ എക്‌സിക്യൂട്ടീവുകളും ഉപഭോക്താക്കളുമായി മാറിമാറി ഇരുടീമുകള്‍ക്കും എത്താവുന്ന മത്സരത്തില്‍ എക്‌സിക്യൂട്ടീവുകളെക്കൊണ്ട് ഫോണ്‍ കട്ട് ചെയ്യിച്ചാല്‍ ആ ടീമിന് ഒരു പോയിന്റ് ലഭിക്കും എന്നതാണ് നിയമം. ഇന്നത്തെ മത്സരങ്ങളില്‍ ആദ്യം അലസാന്‍ഡ്ര ഉപഭോക്താവായും പവന്‍ ജിനോ തോമസ് എക്‌സിക്യൂട്ടീവ് ആയും എത്തി. രണ്ടാമത്തെ മത്സരത്തില്‍ ഉപഭോക്താക്കളായി ഒരേസമയം മഞ്ജു പത്രോസും ജസ്ല മാടശ്ശേരിയും എത്തിയപ്പോള്‍ എക്‌സിക്യൂട്ടീവ് ആയി കോള്‍ അറ്റെന്‍ഡ് ചെയ്തത് രജിത് കുമാര്‍ ആയിരുന്നു.

ബിഗ് ബോസിലെ സ്ത്രീകളെക്കുറിച്ച് എന്താണ് താങ്കളുടെ അഭിപ്രായമെന്ന് ചോദിച്ചുകൊണ്ട് സംസാരത്തിന് തുടക്കമിട്ടത് മഞ്ജു ആയിരുന്നു. സ്ത്രീകളെ അമ്മമാരായും പെങ്ങന്മാരായുമാണ് കാണുന്നതെന്ന് പറഞ്ഞുകൊണ്ട് രജിത്തും മറുപടി പറയാന്‍ ആരംഭിച്ചു. സ്ത്രീകളോട് മോശമായാണ് രജിത് പെരുമാറുന്നതെന്നും കാപട്യത്തോടെയാണ് ഹൗസിനുള്ളില്‍ കഴിയുന്നതെന്നും മഞ്ജു വാശിയോടെ വാദിച്ചു. എന്നാല്‍ ക്ഷമയോടെ കേട്ട് മറുപടി പറയുകയായിരുന്നു രജിത് കുമാര്‍. മഞ്ജുവരും ജസ്ലയും പല വാദങ്ങളും ഉയര്‍ത്തുമ്പോള്‍ തെറ്റിദ്ധാരണ കൊണ്ടാവും തന്നെക്കുറിച്ച് അത്തരമൊരു അഭിപ്രായം ഉണ്ടായതെന്നും കഷമ ചോദിക്കുന്നുവെന്നും രജിത് കുമാര്‍ പറഞ്ഞുകൊണ്ടേയിരുന്നു.

 

പ്രൊഫഷണലി രജിത്തിനെ ടാര്‍ഗറ്റ് ചെയ്യാനും ജസ്ല ശ്രമിച്ചു. പിഎച്ച്ഡിയുടെ കാര്യം പറഞ്ഞ് രജിത് കുറേക്കാലമായി മലയാളികളെ പറ്റിക്കുകയാണെന്ന് ജസ്ല ആരോപിച്ചു. 'നിങ്ങള്‍ എന്തിലാണ് പിഎച്ച്ഡി എടുത്തത്, എന്തിലാണ് ഡോക്ടറേറ്റ് എടുത്തത്. പിഎച്ച്ഡിയുടെ കാര്യം പറഞ്ഞ് കുറേക്കാലമായി നിങ്ങള്‍ കേരളത്തിലെ ജനങ്ങളെ പറ്റിക്കുന്നു. കള്ളം പറഞ്ഞാണ് നിങ്ങള്‍ പിഎച്ച്ഡി നേടിയത്, സ്യൂഡോ സയന്‍സ് പറഞ്ഞിട്ടാണ് നിങ്ങള്‍ക്ക് പിഎച്ച്ഡി നേടിയത്', ജസ്ല ആരോപിച്ചു. എന്നാല്‍ മഞ്ജുവും ജസ്ലയും കിണഞ്ഞ് പരിശ്രമിച്ചെങ്കിലും രജിത്തിനെക്കൊണ്ട് കോള്‍ കട്ട് ചെയ്യിക്കാനോ ഒരു തര്‍ക്കത്തിലേക്ക് കൊണ്ടുവരാനോ കഴിഞ്ഞില്ല. മത്സരത്തിന്റെ ഈ റൗണ്ടില്‍ രണ്ട് ടീമിനും പോയിന്റ് ഒന്നും ലഭിച്ചില്ലെന്ന് ബിഗ് ബോസ് പിന്നീട് അനൗണ്‍സ് ചെയ്യുകയും ചെയ്തു.