രണ്ട് എലിമിനേഷനുകളും രണ്ട് വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളുമായി ബിഗ് ബോസിലെ ഏറ്റവും സംഭവബഹുലമായ എപ്പിസോഡ് ആയിരുന്നു ഇന്നലത്തേത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ശ്രദ്ധ നേടിയ ജസ്ല മാടശ്ശേരിയും ദയ അശ്വതിയും കൂടി എത്തുന്നതോടെ ബിഗ് ബോസിന്റെ ആകര്‍ഷകത്വം വര്‍ധിക്കുമെന്നതില്‍ സംശയമില്ല. തങ്ങളുടെ അഭിപ്രായങ്ങള്‍ തുറന്നുപറയാന്‍ മടിക്കാത്തവരെന്ന പ്രതിച്ഛായയാണ് ജസ്ലയ്ക്കും ദയയ്ക്കും സോഷ്യല്‍ മീഡിയയിലുള്ളത്. അതില്‍ ജസ്ല ഹൗസിലെത്തിയ ആദ്യദിനം തന്നെ ശരിയെന്ന് ബോധ്യപ്പെടുന്നത് പറയാന്‍ മടിക്കാത്തയാളാണ് താനെന്ന് പറയുകയും ചെയ്തു. ഉറങ്ങുന്നതിന് മുന്‍പ് രജിത്തുമായി സംസാരിക്കവെ അദ്ദേഹത്തിന്റെ പല വാദങ്ങളോടുമുള്ള തന്റെ വിയോജിപ്പ് ജസ്ല വ്യക്തമാക്കുകയും ചെയ്തു.

ഇവിടെ തന്നേക്കാള്‍ പ്രായം കുറഞ്ഞ ചില മത്സരാര്‍ഥികള്‍ ചെയ്യുന്നതുപോലെ കാഷ്വല്‍ വസ്ത്രങ്ങള്‍ ധരിച്ച് നടക്കാനോ പ്രണയിച്ചിരിക്കാനോ ഒന്നും തനിക്ക് പറ്റില്ലെന്നായിരുന്നു ജസ്ലയുമായി സംസാരിക്കവെ രജിത്തിന്റെ ഒരു പ്രസ്താവന. എന്നാല്‍ വസ്ത്രധാരണവും പ്രണയവുമൊക്കെ ഓരോരുത്തരുടെയും വ്യക്തിപരമായ സ്വാതന്ത്ര്യങ്ങളല്ലേയെന്നും അതിലെന്താണ് പ്രശ്‌നമെന്നുമായിരുന്നു ജസ്ലയുടെ മറുചോദ്യം. താനൊരു അധ്യാപകനാണെന്നും അതിന്റേതായ രീതികളിലേ മുന്നോട്ടുപോകാന്‍ കഴിയൂ എന്നും രജിത്തിന്റെ മറുപടി. എന്നാല്‍ ജസ്ല വിടാന്‍ ഭാവമില്ലായിരുന്നു. 'അധ്യാപകന് പ്രണയമില്ലേ. അധ്യാപകന്‍ മനുഷ്യനല്ലേ. നിങ്ങള്‍ ഒരു ബയോളജി സാറല്ലേ. ഈ പ്രണയം എന്നുള്ളത് മനുഷ്യന്റെ വികാരമല്ലേ', ജസ്ല ചോദിച്ചു.

 

തനിക്ക് പത്തന്‍പത്തഞ്ച് വയസ്സാവുകയാണെന്നും പ്രണയത്തിന്റെ സമയം കഴിഞ്ഞെന്നുമായിരുന്നു ഇതിനോടുള്ള രജിത്തിന്റെ മറുപടി. എന്നാല്‍ പ്രണയം എന്ന വികാരത്തിന് കാലമോ സമയമോ ലിംഗമോ ഉണ്ടോ എന്നായിരുന്നു ജസ്ലയുടെ മറുചോദ്യം. പ്രായം കൂടുമ്പോള്‍ നമ്മള്‍ അതിന്റെ വകതിരിവ് കാണിക്കണമെന്ന് പറഞ്ഞ് രജിത് ആ വിഷയത്തിലെ ചര്‍ച്ച അവസാനിപ്പിച്ചു. 

നിങ്ങളോട് തനിക്ക് കുറേ സംസാരിക്കാനുണ്ടെന്നും രജിത്തിനോട് ജസ്ല പറഞ്ഞു. 'നിങ്ങളോട് എന്തായാലും എനിക്ക് കുറേ സംസാരിക്കാനുണ്ട്. നമ്മള് സംസാരിച്ച് സംസാരിച്ച് ഒന്നുകില്‍ ആരെങ്കിലും ഒരാളുടെ വഴിക്ക് വരും', ജസ്ല പറഞ്ഞു. മറ്റുള്ളവരുടെ മുന്നില്‍ എന്തോ ആണെന്ന് കാണിക്കാനുള്ള വ്യഗ്രത തനിക്കില്ലെന്നും ബോധിപ്പിക്കലിന്റെ രാഷ്ട്രീയത്തില്‍ ഒട്ടും താല്‍പര്യമില്ലെന്നും ജസ്ല തുടര്‍ന്നു. എന്നാല്‍ നമ്മള്‍ ഒരു സമൂഹത്തിലാണ് ജീവിക്കുന്നത് എന്നായിരുന്നു രജിത്തിന്റെ മറുപടി. ജസ്ല എന്തൊക്കെയോ കാണാപ്പാഠം പഠിച്ചിട്ട് വന്ന് സംസാരിക്കുന്നതുപോലെ തനിക്ക് തോന്നുന്നുവെന്നും രജിത്ത് പ്രതികരിച്ചു. ഞാനൊരു കാര്യം പറഞ്ഞോട്ടെ എന്ന് അനുവാദം ചോദിച്ചശേഷം ഒരു ആശയസംഘട്ടനം നടക്കുമ്പോഴുള്ള രജിത്ത് പ്രകടിപ്പിക്കുന്ന സ്വഭാവത്തെക്കുറിച്ച് ജസ്ല തന്റേതായ ഒരു നിരീക്ഷണവും നടത്തി. 'ഞാനൊരു കാര്യം പറയട്ടെ, നിങ്ങള്‍ക്ക് നൈസായി സ്‌കൂട്ട് ആവാന്‍ അറിയാം', ജസ്ല പറഞ്ഞവസാനിപ്പിച്ചു. അതേസമയം പല വിഷയങ്ങളില്‍ ഇരുവര്‍ക്കുമിടയിലുള്ള ചര്‍ച്ചകള്‍ വരുംദിവസങ്ങളില്‍ ചൂടുപിടിക്കുമെന്നാണ് കരുതപ്പെടുന്നത്.