ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടില്‍ അപ്രതീക്ഷിത വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയ മത്സരാര്‍ഥിയാണ് ജസ്ല മാടശ്ശേരി. വിശ്വാസം, യുക്തിചിന്ത എന്നീ വിഷയങ്ങളില്‍ സോഷ്യല്‍ മീഡിയാ ചര്‍ച്ചകളില്‍ സജീവമായിരുന്ന ജസ്‌ലയുടെ ബിഗ് ബോസിലേക്കുള്ള കടന്നുവരവ് കൗതുകമുണര്‍ത്തിയ ഒന്നായിരുന്നു. സോഷ്യല്‍ മീഡിയയിലേതുപോലെ 'ബിഗ് ബോസി'ല്‍ വന്നതിന് ശേഷവും ജസ്‌ലയുടെ അഭിപ്രായങ്ങളെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരുമുണ്ടായി. എന്നാല്‍ ബിഗ് ബോസിലെ ജസ്‌ലയുടെ ഇതുവരെയുള്ള പ്രകടനത്തെ കുടുംബം എങ്ങനെയാണ് വിലയിരുത്തുന്നത്? ബിഗ് ബോസിലേക്ക് പോകുന്ന കാര്യം പറഞ്ഞപ്പോള്‍ അനുകൂലിച്ചിരുന്നില്ലെങ്കിലും ഇപ്പോള്‍ ആ അഭിപ്രായം മാറിയെന്ന് പറയുന്നു ജസ്‌ലയുടെ ഉമ്മ സഫിയ... ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി സുനിത ദേവദാസ് നടത്തിയ അഭിമുഖം.

'ഇങ്ങനെ തന്നെയാണ് ജസ്‌ല'

ബിഗ് ബോസ് കാണാന്‍ തുടങ്ങിയത് ജസ്‌ല  മത്സരാര്‍ത്ഥി ആയതിന് ശേഷമാണ്. ഇതൊരു ഗെയിമാണല്ലോ. എന്റര്‍ടെയ്ന്‍മെന്റ് ആണ് പ്രേക്ഷകര്‍ക്ക് അതില്‍നിന്നും കിട്ടുന്നത്. യഥാര്‍ത്ഥ ജീവിതത്തില്‍ മനുഷ്യര്‍ എങ്ങനെയാണെന്നും കാണാന്‍ പറ്റും. ജസ്‌ല എങ്ങനെയാണോ അങ്ങനെതന്നെയാണ് ബിഗ് ബോസിലും ഉള്ളത്. 

അവള്‍ ബിഗ് ബോസില്‍ പോകുന്നു എന്ന് പറഞ്ഞപ്പോ എനിക്കാദ്യം അത് വേണ്ടെന്ന് തോന്നിയിരുന്നു. അപ്പോള്‍ അവള്‍ പറഞ്ഞത് അവള്‍ മത്സരിച്ചു ജയിക്കാനോ ഫ്‌ളാറ്റോ പണമോ ഒന്നും നേടാനായി പോവുകയല്ലെന്നും, മറിച്ച് അവളെപ്പോലെ ചിന്തിക്കുന്ന കുറച്ചാളുകള്‍ക്ക് പറയാനുള്ളത് പറയാനും അവരെ പ്രതിനിധീകരിക്കാനും പോകുന്നു എന്നുമാണ്. ഇപ്പോള്‍ എനിക്ക് തോന്നുന്നത് അവള്‍ പോയത് നന്നായി എന്നാണ്.

അവള്‍ക്ക് കുറച്ചു കാര്യങ്ങളൊക്കെ അവിടെ പറയാന്‍ പറ്റിയിട്ടുണ്ട്. ചിലരൊക്കെ ചോദിക്കുന്നുണ്ടായിരുന്നു അവളെന്താ എല്ലാത്തിനും പ്രതികരിക്കാത്തത് എന്ന്. അവളങ്ങനെ എല്ലാത്തിനും പ്രതികരിക്കാനുള്ള പ്രായവും അറിവുമൊക്കെയുള്ള ആളൊന്നുമല്ല. ഡിഗ്രി കഴിഞ്ഞ്, എം ബി എയും കഴിഞ്ഞിട്ട് ആറു മാസമായിട്ടേയുള്ളു. അവളൊരു ചെറിയ പ്രായമുള്ള പെണ്‍കുട്ടിയാണ്. ഇതൊക്കെ വായിച്ചും അറിഞ്ഞും ഒക്കെ വരുന്നതല്ലേയുള്ളു..

 

'സാമുദായികമായ വിലക്കിന് ശേഷമാണ് അവള്‍ മതവിമര്‍ശനം നടത്തിയത്'

ജസ്‌ല വളരെ സാധാരണക്കാരിയായ, മതവിശ്വാസിയായ ഒരു പെണ്‍കുട്ടിയായിരുന്നു. എന്റെ വാപ്പ 40 കൊല്ലം കുട്ടികളെ പഠിപ്പിച്ച ഉസ്താദാണ്. ജീവിതത്തിലങ്ങനെ പ്രത്യേക പ്രശ്‌നങ്ങളൊന്നുമില്ലാതെ പോകുമ്പോഴാണ് അവള്‍ ഒരു ഫ്‌ളാഷ് മോബില്‍ പങ്കെടുക്കുന്നത്. എനിക്കത് വലിയ വിഷയമായിട്ടൊന്നും തോന്നിയില്ല. എന്നാല്‍ അത് നാട്ടുകാരും കുടുംബക്കാരും പള്ളിക്കാരും എല്ലാംകൂടി വലിയ വിഷയമാക്കി. അവള്‍ക്ക് എന്തെങ്കിലും തെറ്റ് പറ്റി എന്ന് അവര്‍ക്ക് തോന്നിയിരുന്നെങ്കില്‍ അവളെ പറഞ്ഞ് തിരുത്തുകയല്ലേ വേണ്ടിയിരുന്നത്? അതിന് പകരം അവളെ അവര്‍ മഹല്ല് കാര്യങ്ങളില്‍നിന്നും പുറത്താക്കി. പള്ളിയില്‍ നിന്നും ഞങ്ങളുടെ കുടുംബത്തെ പോലും ഒരു വര്‍ഷം വിലക്കി.

മതത്തിന്റെ പേരില്‍ നടക്കുന്ന ഹരാസ്‌മെന്റുകളോട് പുച്ഛം എന്നാണ് ജസ്ല ഫ്‌ളാഷ് മോബില്‍ പങ്കെടുത്തുകൊണ്ട് സംസാരിച്ചത്. എന്നാല്‍ അത് മതത്തോട് പുച്ഛം എന്നാണ് ഇവര്‍ മനസിലാക്കിയത്. അല്ലെങ്കില്‍ അവരത് അങ്ങനെ വളച്ചൊടിച്ചു. എന്നിട്ട് അവള്‍ക്കെതിരെ സാമുദായിക വിലക്ക് ഏര്‍പ്പെടുത്തി. മതത്തിലും പടച്ചോനിലും വിശ്വസിക്കുന്നവര്‍ എന്റെ കുട്ടിയോട് കാണിച്ച അവഗണനയും കുറ്റം പറച്ചിലും ഒറ്റപ്പെടുത്തലും തെറിവിളിയും സൈബര്‍ ആക്രമണവുമൊന്നും കണ്ടു നില്‍ക്കാന്‍ കഴിയുന്നതായിരുന്നില്ല. മതത്തിലും പടച്ചോനിലും വിശ്വസിക്കുന്ന ഇവര്‍ക്ക് ഒരു പെണ്‍കുട്ടിയെ ഇത്ര ഹീനമായി ആക്രമിക്കാന്‍ ഏത് മതമാണ് അനുവാദം നല്‍കുന്നത്?

ഞാന്‍ മതവിശ്വാസിയും പടച്ചോനില്‍ വിശ്വസിക്കുന്ന ആളും ഒക്കെത്തന്നെയാണ്. മതവിശ്വാസിയായി നിന്നുകൊണ്ട് തന്നെ ഞാന്‍ ചോദിക്കട്ടെ, ജസ്‌ലയുടെ ഈമാന്‍ അളക്കുന്നതിനു മുന്‍പ് നിങ്ങളൊക്കെ നിങ്ങളുടെ ഈമാനൊന്ന് അളന്നുനോക്ക്.

ജസ്‌ല വിശ്വാസി എന്ന നിലയില്‍ ഒരു വൃത്തികേടും ചെയ്തിട്ടില്ല, ഒരു മതവിമര്‍ശനവും നടത്തിയിട്ടില്ല. പടച്ചോന് നിരക്കാത്ത ഒന്നും ചെയ്തിട്ടില്ല. എന്നാല്‍ നിങ്ങള്‍ എന്തൊക്കെ അവളോട് ചെയ്തു? നിങ്ങളൊക്കെ സാമുദായികമായി വിലക്കിയ ശേഷമാണ് അവള്‍ മതവിമര്‍ശനം ഒക്കെ നടത്തിയത്.

ജസ്ല ചെറിയ കുട്ടിയായപ്പോള്‍ നന്നായി ചിത്രം വരയ്ക്കുമായിരുന്നു. അഞ്ചാം ക്ലാസ്സില്‍ മദ്രസയില്‍ പഠിക്കുമ്പോഴാണ് ഒരു ചിത്രം വരച്ചിട്ട് അവള്‍ മുസല്യാരെ കാണിച്ചത്. മുസല്യാര്‍ അത് ചീന്തിയിട്ട് അവളെ അടിച്ചു. ജീവനുള്ളവയുടെ ചിത്രം വരച്ചാല്‍ നരകത്തില്‍ പോകുമെന്ന് പറഞ്ഞുകൊണ്ട്. അത് കഴിഞ്ഞ് അവള്‍ ഡാന്‍സ് സ്‌കൂളില്‍, ഡാന്‍സ് പഠിക്കാന്‍ ചേര്‍ന്നതും അവരറിഞ്ഞു. ഈ രണ്ട് കാര്യത്തിനും മദ്രസയില്‍ നിന്നും അടി കിട്ടിയതിനുശേഷം അവള്‍ പിന്നെ മദ്രസയില്‍ പഠിക്കാന്‍ പോയില്ല.

 

'മതത്തില്‍ വിശ്വസിക്കുന്നവരുടെ ഇരട്ടത്താപ്പ്'

എന്നാല്‍ കുറച്ചു കാലം കഴിഞ്ഞ് ഇതേ മൗലവി എന്തോ ഒരു റെക്കോര്‍ഡ് വരയ്ക്കാന്‍ ജസ്‌ലയുടെ അടുത്ത് വന്നിരുന്നു. അന്നവള്‍ മൗലവിയോട് പണ്ട് പറഞ്ഞ കാര്യം തിരിച്ചു ചോദിച്ചു. ജീവനുള്ളവയുടെ ചിത്രം വരച്ചാല്‍ നരകത്തില്‍ പോകില്ലേ, ഞാന്‍ വരക്കില്ല എന്ന്. ഇതൊക്കെയാണ് മതത്തില്‍ വിശ്വസിക്കുന്നവരുടെ ഇരട്ടത്താപ്പ്.

മതത്തിലെ തെറ്റുകളെ എതിര്‍ക്കുന്നതിലും ചൂണ്ടി കാണിക്കുന്നതിലും തെറ്റുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. മതവിശ്വാസിയായ എനിക്കും ചില കാര്യങ്ങളോടൊക്കെ എതിര്‍പ്പ് തോന്നിയിട്ടുണ്ട്. ജസ്‌ല ചിലതൊക്കെ ചൂണ്ടിക്കാണിക്കുമ്പോള്‍ അത് ശരിയാണെന്നും ഞാന്‍ പറയാന്‍ ആഗ്രഹിച്ചതാണെന്നും തോന്നിയിട്ടുണ്ട്. എനിക്ക് ധൈര്യമില്ലാത്തതുകൊണ്ട് ഞാന്‍ പറഞ്ഞില്ല.

 

'ഒരായുസ്സില്‍ അനുഭവിക്കാവുന്നതൊക്കെ അവള്‍ ഇതിനകം അനുഭവിച്ചു'

ജസ്ല 'മതം വിട്ട പെണ്ണ്' ആയതൊക്കെ ഇവര്‍ അവളെ സാമുദായികമായി വിലക്കിയതിന് ശേഷമാണ്. എന്നാല്‍ ഒരു ഫ്‌ളാഷ് മോബ് കളിച്ച കുറ്റത്തിന് അവളെ മഹല്ല് വിലക്കേര്‍പ്പെടുത്തി ശിക്ഷിച്ചതുകൊണ്ട് അവള്‍ ശരിക്കും മതം വിട്ടപ്പോള്‍ ഇവര്‍ക്ക് ശിക്ഷിക്കാനോ പകരം വീട്ടാനോ കഴിഞ്ഞില്ല.

'മറ്റേ സാധനം' എന്നാ ഇവളെ ചിലരൊക്കെ പറയുന്നത്. ഞാന്‍ എന്റെ കാത് കൊണ്ട് കേട്ടിട്ടുണ്ട്. മതത്തെ വിമര്‍ശിച്ചത് കൊണ്ട് ഒരു മനുഷ്യനായിപ്പോലും അവളെ അംഗീകരിക്കുന്നില്ല ചിലര്‍. ഒരു മരണ വീട്ടിലോ കല്യാണ വീട്ടിലോ പോയാല്‍ പിന്നെ അവിടുത്തെ സംസാരവിഷയം ഞാനാണ്. 'മറ്റേ സാധനത്തിന്റെ ഉമ്മച്ചി' വന്നെന്ന്.. ഇങ്ങനെയൊക്കെ സാമൂഹ്യഭ്രഷ്ട് കല്‍പ്പിക്കാനുള്ള എന്ത് കുറ്റമാണ് അവള്‍ ചെയ്തത്?

ഇക്കഴിഞ്ഞ ദിവസം ജസ്‌ല അവളുടെ കഥകളൊക്കെ അവിടെ പറഞ്ഞല്ലോ. ഉമ്മൂമ്മയുടെ മയ്യത്ത് പോലും കാണാന്‍ സമ്മതിക്കാതെ അകറ്റി നിര്‍ത്തിയതൊക്കെ. അതൊക്കെ സത്യമാണ്. ഒരു മനുഷ്യന്‍ ഒരായുസ്സ് കൊണ്ട് അനുഭവിക്കാവുന്നതൊക്കെ അവള്‍ ഈ ചെറുപ്രായത്തില്‍ അനുഭവിച്ചു കഴിഞ്ഞു.

ഇപ്പോള്‍ എനിക്ക് തോന്നുന്നു അവള്‍ ബിഗ് ബോസില്‍ പോകാനെടുത്ത തീരുമാനം ശരിയായിരുന്നു എന്ന്. എന്താണ് ജസ്‌ല എന്ന് പ്രേക്ഷകര്‍ക്ക് മനസിലാക്കാനും പറയാനുള്ളത് അവള്‍ക്ക് പറയാനും കഴിഞ്ഞല്ലോ. അവള്‍ അവിടെ വിജയിയാവാന്‍ പോയതൊന്നുമല്ല. എന്റെ കുട്ടി എപ്പോള്‍ തിരിച്ചു വന്നാലും ഇതുവരെ അവളെ സ്‌നേഹിച്ചപോലെ, ചേര്‍ത്തുനിര്‍ത്തിയ പോലെ ഞങ്ങള്‍ ഇനിയും ചേര്‍ത്തുനിര്‍ത്തും. ഞങ്ങള്‍ മാത്രമേ അവളെ താങ്ങാനുള്ളു എന്ന് ഞങ്ങള്‍ക്ക് നല്ല ബോധ്യമുണ്ട്.