മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് രസകരമായ സംഭവങ്ങള്‍ കൊണ്ട് മുന്നേറുകയാണ്. മത്സരാര്‍ഥികള്‍ ഓരോരുത്തരവും മികവ് കാട്ടാൻ ശ്രമിക്കുന്നു. ഇണക്കങ്ങളും പിണക്കങ്ങളും ഉണ്ടാകുന്നു. ആകാംക്ഷയേറിയ രംഗങ്ങള്‍ ഉണ്ടാകുന്നു. അതേസമയം പുതിയ ഒരു പ്രണയത്തിന്റെ സൂചനയാണ് ബിഗ് ബോസ്സിലെ ഇന്നത്തെ ഭാഗത്ത് ഉണ്ടായത്.

കഴിഞ്ഞ തവണത്തെ ബിഗ് ബോസ്സില്‍ പേളി- ശ്രീനിഷ് പ്രണയവും പിന്നീടുള്ള വിവാഹവും ചര്‍ച്ചയായതാണ്. ഇത്തവണ സുജോയും അലസാൻഡ്രയും പ്രണയത്തിലാണെന്ന് തുടക്കത്തില്‍ സൂചനകള്‍ ഉണ്ടായെങ്കിലും പിന്നീട് അത് ഗെയിമിന്റെ ഭാഗമായി അവര്‍ തന്നെ ബോധപൂര്‍വം അങ്ങനെ വരുത്തുന്നതാണ് എന്നും വ്യക്തമായ രംഗങ്ങള്‍ ബിഗ് ബോസ്സില്‍ കണ്ടു. എന്നാല്‍ രേഷ്‍മയും പ്രദീപ് ചന്ദ്രനുമാണ് പുതിയ പ്രണയരംഗത്തെ കഥാപാത്രങ്ങള്‍. പ്രദീപ് ചന്ദ്രന്റെ മുടി കറുപ്പിക്കാൻ രേഷ്‍മ സഹായിച്ചതാണ് അങ്ങനെയൊരു കഥയ്‍ക്ക് സാഹചര്യമൊരുക്കിയത്. വീണാ നായരും ഫക്രുവുമാണ് ഇരുവരുടെയും അടുത്തേയ്‍ക്ക് ആദ്യം എത്തിയത്. പിന്നീട് കളിയാക്കിക്കൊണ്ട് മറ്റുള്ളവരും അവരുടെ അടുത്തേയ്‍ക്ക് എത്തി. പ്രണയത്തെ കുറിച്ച് സൂചിപ്പിക്കുമ്പോള്‍ പ്രദീപ് ചന്ദ്രന്റെ മുഖം ചുവക്കുന്നുവെന്നായിരുന്നു വീണാ നായര്‍ പറഞ്ഞത്. രേഷ്‍മയുടെ മുഖവും അങ്ങനെ തന്നെയുണ്ട് എന്നും പറഞ്ഞു. എല്ലാവരും കണക്കിന് കളിയാക്കുകയും ചെയ്‍തു. മുടി കറുപ്പിക്കല്‍ തീര്‍ന്നെങ്കിലും പ്രദീപ് ചന്ദ്രനെ വിടാൻ വീണാ നായരും ഫുക്രുവും ഒരുക്കമല്ലായിരുന്നു. പ്രണയമുണ്ടോയെന്നു തന്നെ ചോദിച്ചു. അതിനിടിയില്‍ പ്രദീപ് ചന്ദ്രന്റെ ദേഹത്ത് ഫുക്രു ലിപ്സ്റ്റിക് തേക്കുകയും ചെയ്‍തു. രേഷ്‍മ ചുംബിച്ചുവെന്ന് വരുത്താനായിരുന്നു പദ്ധതി. താൻ ലിപ്സ്റ്റിക് ഇട്ടില്ലായിരുന്നുവെന്നാണ് രേഷ്‍മ പറഞ്ഞത്. ചുംബിച്ചത് ആരാണെന്ന് അറിയാം രേഷ്‍മയല്ല എന്ന് കളിചിരിയോടെ പ്രദീപ് ചന്ദ്രൻ പറഞ്ഞു. എന്നാല്‍ വേണ്ടാത്തത് പറയരുത് എന്ന് വീണാ നായരും പറഞ്ഞു. താൻ തന്നെയാണ് ലിപ്സ്റ്റിക് തേച്ചത് എന്ന് ഫുക്രു വെളിപ്പെടുത്തുകയും ചെയ്‍തു. അതേസമയം രേഷ്‍മ പോയി ലിപ്സ്റ്റിക് തേച്ചു വരികയും ചെയ്‍തു.

രേഷ്‍മയും പ്രദീപ് ചന്ദ്രനും പ്രണയത്തിലാണെന്ന തരത്തില്‍ വീണ്ടും കളിയാക്കലായി. അതിനിടയില്‍ വീണാ നായര്‍ രേഷ്‍മയെ കൊണ്ടുപോയി ക്യാമറയ്‍ക്ക് മുഖം തിരിച്ച് നിര്‍ത്തി കാര്യം ചോദിച്ചു. പ്രദീപ് ചന്ദ്രനെ ഇഷ്‍ടമാണോയെന്ന്. എനിക്ക് അറിയില്ല എന്നായിരുന്നു ആദ്യത്തെ മറുപടി. വിരോധമില്ല എന്നും പറഞ്ഞു. അക്കാര്യം വീണാ നായര്‍ മറ്റുള്ളവരോട് പറഞ്ഞതോടെ വീണ്ടും കളിയാക്കലായി.

ബിഗ് ബോസ്സില്‍ കഴിഞ്ഞ തവണ പ്രണയമുണ്ടായിരുന്നു അത് വിവാഹത്തിലൊക്കെ എത്തിയതല്ലേ എന്നും ചിലര്‍ സൂചിപ്പിച്ചു. ഇവരെയും വിവാഹം കഴിപ്പിക്കണം എന്നും പറഞ്ഞു. എന്തായാലും മറ്റുള്ളവരുടെ കളിയാക്കലുകള്‍ക്കിടയിലാണ് രേഷ്‍മയും പ്രദീപ് ചന്ദ്രനും.

രേഷ്‍മ വിരോധമില്ലെന്ന് പറഞ്ഞെന്ന് വീണാ നായരും ഫുക്രുവും പ്രദീപ് ചന്ദ്രനെയും അറിയിച്ചു. എന്തായാലും പ്രണയത്തിന്റെ കാര്യത്തില്‍ കൃത്യമായ വ്യക്തത വരുത്താതെയാണ് രംഗങ്ങള്‍ തീര്‍ന്നത്. രേഷ്‍മയും പ്രദീപ് ചന്ദ്രനും പ്രണയത്തിലാണ്  എന്നാണ് മറ്റ് മത്സരാര്‍ഥികള്‍ പറയുന്നത്.