അടുക്കളയുടെ ഭാഗത്തുനിന്ന് പവന്റെയും സുജോയുടെയും സൗന്ദര്യം താരതമ്യം ചെയ്യുകയായിരുന്നു രജിത് കുമാര്‍. പവന് സുജോയേക്കാള്‍ മുഖസൗന്ദര്യമുണ്ടെന്നും സിനിമയില്‍ അവസരം ലഭിക്കുകയാണെങ്കില്‍ സുജോയ്ക്ക് ഒരേതരം വേഷങ്ങള്‍ മാത്രമേ ചെയ്യാന്‍ കഴിയുകയുള്ളൂവെന്നും രജിത് ഉറക്കെ പറഞ്ഞു. 

ബിഗ് ബോസ് മലയാളം സീസണ്‍ രണ്ട് ആവേശകരമായ എപ്പിസോഡുകളിലൂടെ കടന്നുപൊയ്‌ക്കൊണ്ടിരിക്കുകയാണ്. ലക്ഷ്വറി ബജറ്റിനുവേണ്ടി ഇന്നലെ ആരംഭിച്ച വീക്ക്‌ലി ടാസ്‌കിലൂടെ കളി മറ്റൊരു തലത്തിലേക്ക് കടന്നിരുന്നു. ആദ്യ എപ്പിസോഡുകളില്‍ രജിത് കുമാറിനും മറ്റുള്ളവര്‍ക്കുമിടയിലായിരുന്നു പൊരിഞ്ഞ തര്‍ക്കങ്ങളെങ്കില്‍ ബിഗ് ബോസ് അവതരിപ്പിക്കുന്ന പുതിയ ടാസ്‌കുകളിലൂടെ മത്സരാര്‍ഥികള്‍ക്കിടയിലുള്ള ബന്ധങ്ങളില്‍ പലതും ഉലഞ്ഞിട്ടുണ്ട്. 

ഇന്നത്തെ എപ്പിസോഡിലെ ആദ്യത്തെ തര്‍ക്കം രജിത് കുമാറും മഞ്ജു പത്രോസും തമ്മിലായിരുന്നു. അടുക്കളയുടെ ഭാഗത്തുനിന്ന് പവന്റെയും സുജോയുടെയും സൗന്ദര്യം താരതമ്യം ചെയ്യുകയായിരുന്നു രജിത് കുമാര്‍. പവന് സുജോയേക്കാള്‍ മുഖസൗന്ദര്യമുണ്ടെന്നും സിനിമയില്‍ അവസരം ലഭിക്കുകയാണെങ്കില്‍ സുജോയ്ക്ക് ഒരേതരം വേഷങ്ങള്‍ മാത്രമേ ചെയ്യാന്‍ കഴിയുകയുള്ളൂവെന്നും രജിത് ഉറക്കെ പറഞ്ഞു. രജിത് ഇത്തരത്തില്‍ ഒരു പ്രസ്ഥാവനകൂടി നടത്തി- 'സുജോയുടെ മുഖം ഒരു ഉണങ്ങിയ മാങ്ങാണ്ടിപോലെ ആയിപ്പോയി'.

അടുക്കളയില്‍ ജോലിയിലായിരുന്ന മഞ്ജു പത്രോസ് ഇതിനെതിരേ കടുത്ത ഭാഷയില്‍ രംഗത്തെത്തുകയായിരുന്നു. ഇതിനെ തമാശയെന്ന് പറയാന്‍ ആവില്ലെന്നും ഇങ്ങനെ സംസാരിക്കാന്‍ നാണമില്ലേയെന്നും മഞ്ജു രജിത്തിനോട് ചോദിച്ചു. 'തനിക്ക് നാണമില്ലേ പിള്ളേരെ പഠിപ്പിക്കുന്ന ആളാണെന്ന് പറയാന്‍. ഇങ്ങനെ ആണോടോ തമാശ പറയുന്നത്, ഇങ്ങനെയാണോ തന്റെ തമാശ', മഞ്ജു രോഷാകുലയായി ചോദിച്ചു. എന്നാല്‍ തമാശ പറഞ്ഞാല്‍ ചില ആളുകള്‍ക്ക് മനസിലാവില്ലെന്നും മഞ്ജുവിന്റെ പ്രതികരണം തുടക്കം മുതല്‍ തനിക്ക് നേരെയുള്ള വ്യക്തിഹത്യയുടെ ഭാഗമാണെന്നും രജിത് പ്രതികരിച്ചു.

പിന്നീട് അപ്പോള്‍ അവിടെ ഇല്ലാതിരുന്ന സുജോയുടെ അടുത്തെത്തി കാര്യം വിശദീകരിക്കാനും ശ്രമിച്ചു രജിത്. എന്നാല്‍ സുജോ ഇക്കാര്യം തമാശയായിട്ടാണ് എടുത്തത്. ക്യാമറയിലേക്ക് തിരിഞ്ഞ് ബിഗ് ബോസിനോട് തനിക്ക് ആവശ്യത്തിന് സൗന്ദര്യമില്ലേയെന്ന് സുജോ ചോദിച്ചു. താന്‍ വര്‍ഷങ്ങളായി അന്താരാഷ്ട്ര മോഡലിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്ന തന്നെ 'ഈ ചേട്ടന്‍' ഇങ്ങനെ പറഞ്ഞെന്ന് തമാശ പറയുകയായിരുന്നു സുജോ.