ബിഗ് ബോസ് സീസണ്‍ രണ്ട് വീടിനകത്തും പുറത്തും അലയൊലകള്‍ സൃഷ്ടിച്ചുകൊണ്ടാണ് മുന്നോട്ടുപോകുന്നത്. ഗെയിമുകള്‍ക്കിടയിലും അല്ലാതെയും കൂടുതലും പരസ്പരം ഉരസിയ രണ്ടുപേരായിരുന്നു മഞ്ജു പത്രോസും രജിത് കുമാറും. ഒന്നും രണ്ടും തവണയല്ല പലപ്പോഴും ഇരുവരും പരസ്പരം കൊമ്പുകോര്‍ത്തു. തുടര്‍ന്ന് മഞ്ജു ബിഗ് ബോസ് വീടിന് പുറത്തേക്ക് വരികയും ചെയ്തു. 

തമ്മിലടിയും പരിഭവവും പിണക്കങ്ങളുമെല്ലാം പറഞ്ഞ് തീര്‍ത്ത ശേഷമായിരുന്നു മഞ്ജു മടങ്ങിയത്. രജിത്തിനോട് വ്യക്തിപരമായ പ്രശ്നങ്ങളില്ലെന്നും സാഹചര്യങ്ങളിലുള്ള പ്രതികരണം മാത്രമായിരുന്നു അതെന്നും മഞ്ജു വ്യക്തമാക്കി. എല്ലാവരോടും കൂടി ഒരുമിച്ച് ഗെയിം കളിക്കണമെന്ന് രജിത്തിനോട് ആവശ്യപ്പെടുകയും ചെയ്തു. മഞ്ജു വളരെ പോസിറ്റീവായിട്ടാണ് കാര്യങ്ങളെ കണ്ടത് അതുതന്നെയായിരുന്നു എലിമിനേന്‍ ദിവസം അവരുടെ വാക്കുകളില്‍ തെളിഞ്ഞുകണ്ടതും.

തന്‍റെ സ്വന്തം പ്രയത്നവും അര്‍പ്പണ ബോധവും കൊണ്ട് ഇടത്തരം കുടുംബത്തില്‍ നിന്ന് കലാരംഗത്തേക്കെത്തിയ ആളാണ് മഞ്ജു. ബിഗ് ബോസ് വീട്ടിലേക്ക് പോയത് ഈ രംഗത്ത് വ്ലോഗും സീരിയല്‍ അഭിനയവുമൊക്കെയായി ചുവടുറപ്പിക്കുന്നതിനിടയിലാണ്.  ബിഗ് ബോസില്‍ നിന്ന് തിരിച്ചെത്തിയ ശേഷം അവരുടെതായ കൂട്ടായ്മകളിലും കലാപ്രവര്‍ത്തനങ്ങളിലും വീണ്ടും താളം കണ്ടെത്തുകയാണ് അവര്‍. അതിനിടയില്‍ നടക്കുന്ന ചില സൈബര്‍ ആക്രമണങ്ങളെയും വ്യക്ത്യാധിക്ഷേപങ്ങളയും കുറിച്ച് പറയുകയാണ് മഞ്ജു. 

'ജീവിതത്തിലെ ഒരു നിർണായകഘട്ടത്തിലാണ് ഞാൻ ബിഗ്‌ബോസ് ഗെയിം ഷോയിൽ പങ്കെടുക്കാൻ പോകുന്നത് .വിജയകരമായി 49 ദിവസം പൂർത്തിയാക്കി വരുമ്പോള്‍ അറിയുന്നത് ഞാൻ പോലുമറിയാത്ത കാര്യങ്ങൾ സോഷ്യൽമീഡിയയിൽ പരന്നിരിക്കുന്നു എന്നതാണ്.എന്റെ പേരിലുള്ള ഫേസ്ബുക് യൂട്യൂബ് എന്നിവ ഞാൻ അല്ല ഉപയോഗിക്കുന്നത് .. എന്റെ സുഹൃത്തുക്കൾ ആണ് .. അതിനാൽ നിങ്ങളുടെ നല്ലതും മോശവുമായ അഭിപ്രായങ്ങൾ എന്നോട് നേരിട്ടു പറയുക ...എന്റെ ഫോൺ നമ്പർ ..' ഇതാണ് എന്നായിരുന്നു മഞ്ജു കുറിച്ചത്.