ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിലെ ശ്രദ്ധേയ മത്സരാര്‍ഥികളില്‍ ഒരാളായ മഞ്ജു പത്രോസ് ശനിയാഴ്ചയാണ് പുറത്തായത്. രണ്ടാം സീസണ്‍ അന്‍പത് ദിവസം പൂര്‍ത്തിയാക്കുന്നതിന്റെ തലേന്നാണ് മഞ്ജുവിന്റെ എലിമിനേഷന്‍ മോഹന്‍ലാല്‍ പ്രഖ്യാപിച്ചത്. എന്നാല്‍ സങ്കടമേതുമില്ലാതെയാണ് മഞ്ജു ഈ പ്രഖ്യാപനത്തെ സ്വീകരിച്ചത്. ബിഗ് ബോസ് ഹൗസില്‍ ഏറ്റവും കൂടുതല്‍ മത്സരാര്‍ഥികളോട് വ്യക്തിപരമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന മഞ്ജു ഓരോരുത്തരോടും യാത്ര പറഞ്ഞാണ് ഹൗസ് വിട്ട് പുറത്തിറങ്ങിയത്. മോഹന്‍ലാല്‍ നില്‍ക്കുന്ന ബിഗ് ബോസ് വേദിയിലേക്ക് മഞ്ജു എത്തിയതും പുഞ്ചിരിയോടെ ആയിരുന്നു. അക്കാര്യത്തില്‍ മഞ്ജുവിനെ മോഹന്‍ലാല്‍ അഭിനന്ദിക്കുകയും ചെയ്തു. ഇപ്പോഴിതാ സീസണ്‍ രണ്ടിലെ 'അവസാന അഞ്ചി'ലെത്തുന്ന മത്സരാര്‍ഥികളും ഷോയിലെ അന്തിമവിജയികളും ആരൊക്കെയായിരിക്കുമെന്ന് പ്രവചിക്കുകയാണ് മഞ്ജു, പുറത്തെത്തിയതിന് ശേഷം ഏഷ്യാനെറ്റിന് നല്‍കിയ ഹ്രസ്വാഭിമുഖത്തില്‍.

'അവസാന അഞ്ചില്‍ വരാന്‍ സാധ്യത ആര്യ, ഫുക്രു, രജിത്തേട്ടന്‍, സുജോ, ഷാജിച്ചേട്ടന്‍. ഇതില്‍ ഒന്നാം സ്ഥാനം ലഭിക്കുമെന്ന് എനിക്ക് ഏറ്റവും സാധ്യത തോന്നുന്നത് ആര്യയ്ക്കാണ്. എന്റെ ആഗ്രഹം ഫുക്രുവോ ആര്യയോ വരണമെന്നാണ്. സുജോ ആണെങ്കിലും സന്തോഷമാണ്', മഞ്ജു പത്രോസ് പറഞ്ഞു. 

 

അതേസമയം മഞ്ജു പുറത്തായതിന് തൊട്ടുപിറ്റേന്ന്, അതായത് ഞായറാഴ്ച അഞ്ച് പേരാണ് ബിഗ് ബോസ് ഹൗസിലേക്ക് എത്തിയത്. കണ്ണിനസുഖം മൂലം രണ്ടാഴ്ച മുന്‍പ് ഹൗസില്‍നിന്ന് മാറിനിന്ന സുജോ മാത്യു, രഘു, അലസാന്‍ഡ്ര എന്നിവര്‍ക്കൊപ്പം വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളായി ഗായികമാരും സഹോദരിമാരുമായ അമൃത സുരേഷും അഭിരാമി സുരേഷും എത്തി. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയില്‍ സഹോദരിമാര്‍ എത്തി എന്നതിന് പുറമെ മറ്റൊരു സര്‍പ്രൈസും ബിഗ് ബോസ് കാത്തുവച്ചിരുന്നു. നോമിനേഷനുകളിലും ടാസ്‌കുകളിലുമൊക്കെ ഇവരെ ഒറ്റ മത്സരാര്‍ഥി ആയിട്ടാവും വരുംദിനങ്ങളില്‍ പരിഗണിക്കുക.