ബിഗ് ബോസ് മലയാളം സീസണ്‍ രണ്ട് നാലാം ആഴ്ചയിലേക്ക് കടക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് സര്‍പ്രൈസുമായി രണ്ട് വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളാണ് സംഭവിച്ചത്. ശനിയാഴ്ച എപ്പിസോഡ് അവസാനിച്ചത് മോഹന്‍ലാല്‍ നല്‍കുന്ന അത്തരത്തിലൊരു സൂചനയിലൂടെയായിരുന്നെങ്കില്‍ ഇന്നത്തെ എപ്പിസോഡില്‍ അത് യാഥാര്‍ഥ്യമായി. പതിനേഴ് മത്സരാര്‍ഥികളായിരുന്നു ബിഗ് ബോസ് ഉദ്ഘാടന എപ്പിസോഡ് മുതല്‍ ഉണ്ടായിരുന്നത്. രണ്ടാംവാരം രാജിനി ചാണ്ടി എലിമിനേഷനിലൂടെ പുറത്തായപ്പോള്‍ അനാരോഗ്യം ചൂണ്ടിക്കാട്ടി സോമദാസിനെ ബിഗ് ബോസ് പുറത്തേക്ക് അയക്കുകയായിരുന്നു. ഇന്നത്തെ എലിമിനേഷന്‍ എപ്പിസോഡിന് ശേഷം 13 മത്സരാര്‍ഥികളാണ് അവശേഷിക്കുക എന്നിരിക്കെയാണ് ബിഗ് ബോസ് രണ്ട് വൈല്‍ഡ് കാര്‍ഡ് എന്‍ട്രികള്‍ ഒരുമിച്ച് നടത്തിയിരിക്കുന്നത്. തന്റെ നിലപാടുകളിലൂടെ പൊതുസമൂഹത്തിലും സോഷ്യല്‍ മീഡിയയിലും പലപ്പോഴും ചര്‍ച്ച സൃഷ്ടിച്ചിട്ടുള്ള ജസ്ല മാടശ്ശേരിയാണ് രണ്ടാമത്തെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി ബിഗ് ബോസ് ഹൗസിലേക്ക് എത്തിയിരിക്കുന്നത്. പറയാനുള്ളത് എപ്പോഴും ധൈര്യപൂര്‍വ്വം പറയുന്ന ജസ്ല കൂടി എത്തുന്നതോടെ ബിഗ് ബോസ് രണ്ടാം സീസണ്‍ കൂടുതല്‍ ആവേശകരമാകുമെന്ന് പ്രതീക്ഷിക്കാം.

2017 ഐഎഫ്എഫ്‌കെ വേദിയില്‍ ഫ്രീ തിങ്കേഴ്‌സ് ഫോറം സംഘടിപ്പിച്ച ഒരു ഫ്‌ളാഷ് മോബിന് നേതൃത്വം നല്‍കിയതിലൂടെയാണ് ജസ്ല ആദ്യമായി സോഷ്യല്‍ മീഡിയാ ചര്‍ച്ചകളിലേക്ക് എത്തുന്നത്. എയ്ഡ്‌സ് ദിനാചരണവുമായി ബന്ധപ്പെട്ട് അതിനുമുന്‍പ് മലപ്പുറത്ത് ഫ്‌ളാഷ് മോബ് നടത്തിയ മൂന്ന് പെണ്‍കുട്ടികള്‍ വ്യാപകമായ സൈബര്‍ ആക്രമണം നേരിട്ടിരുന്നു. അവരുടെ ഇസ്ലാം മത പശ്ചാത്തലമാണ് സൈബര്‍ അക്രമികള്‍ അന്ന് പ്രശ്‌നവല്‍ക്കരിച്ചത്. ഇതിനെതിരെയായിരുന്നു ഐഎഫ്എഫ്‌കെ വേദിയില്‍ ജസ്ലയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധം. ആ സമയത്ത് കെഎസ്‌യു മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് കൂടിയായിരുന്നു ജസ്ല. എന്നാല്‍ ജസ്ല നടത്തിയ ഫ്‌ളാഷ് മോബും സമാനരീതിയില്‍ സൈബര്‍ ആക്രമണം നേരിട്ടു.

 

മതജീവിതം വിട്ട് മതരഹിത ജീവിതത്തിലേക്ക് എത്തിയ തന്റെ അനുഭവം പറഞ്ഞും മതത്തിലെയും സമൂഹത്തിലെയും പുരുഷാധിപത്യത്തെ എതിര്‍ത്തുമാണ് ജസ്ല സമീപകാലത്ത് ശ്രദ്ധ നേടിയത്. 'എസ്സെന്‍സ് ഗ്ലോബല്‍' പോലെയുള്ള യുക്തിവാദ വേദികളില്‍ ജസ്ല നടത്തിയ പ്രസംഗങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. തൊഴിലെടുക്കുന്ന സ്ത്രീകളെ മോശമായി പരാമര്‍ശിച്ച ഇസ്ലാമിക പ്രഭാഷകന്‍ മുജാഹിദ് ബാലുശ്ശേരിക്കെതിരെയും തന്നെ മോശമായി പരാമര്‍ശിച്ച ഫിറോസ് കുന്നംപറമ്പിലിനെതിരെയുമൊക്കെ ജസ്ല നടത്തിയ പ്രതികരണങ്ങള്‍ കൈയടി നേടിയിരുന്നു. അതില്‍ഡ ഫിറോസ് കുന്നംപറമ്പില്‍ വിഷയമാണ് സമീപകാലത്ത് ഏറെ ചര്‍ച്ചയായത്. 

 

ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് ഫിറോസ് കുന്നംപറമ്പില്‍ മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥിക്കുവേണ്ടി വോട്ടഭ്യര്‍ഥിച്ചുവെന്ന വിമര്‍ശനം സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നതിന് പിന്നാലെ ജസ്ലയും സമാന ആരോപണം ഫിറോസിനെതിരേ ആവര്‍ത്തിച്ചിരുന്നു. ഇതിനെതിരേ പ്രതികരിച്ച ഫേസ്ബുക്ക് ലൈവില്‍ ജസ്ലയുടെ പേര് പരാമര്‍ശിക്കാതെ ഫിറോസ് അവര്‍ക്കെതിരേ മോശം പരാമര്‍ശം നടത്തുകയായിരുന്നു. എന്നാല്‍ താനുള്‍പ്പെടെയുള്ള പ്രതികരിക്കുന്ന സ്ത്രീകളെ അപമാനിക്കുന്നതാണ് ഫിറോസിന്റെ പരാമര്‍ശമെന്ന് പറഞ്ഞ ജസ്ല നിയമനടപടിയുമായും മുന്നോട്ടുപോയി. സംസ്ഥാന വനിതാ കമ്മിഷന്‍ ഈ വിഷയത്തില്‍ സ്വമേധയാ കേസെടുക്കുകയും പരാമര്‍ശത്തില്‍ ഫിറോസ് കുന്നംപറമ്പില്‍ പിന്നീട് പരസ്യമായി മാപ്പ് പറയുകയും ചെയ്തിരുന്നു.