Asianet News MalayalamAsianet News Malayalam

ബിഗ് ബോസ് വീട്ടിലെ സ്ത്രീ വിരുദ്ധര്‍ ഇവരൊക്കെയാണ്; കാരണങ്ങള്‍

ബിഗ്‌ബോസ് റിവ്യൂ. സുനിതാ ദേവദാസ് എഴുതുന്നു

Misogyny in Bigg Boss home Bigg Boss malayalam review  by Sunitha Devadas
Author
Chennai, First Published Jan 30, 2020, 7:15 PM IST

എന്താണ് സ്ത്രീവിരുദ്ധത?  ഒറ്റവാക്കില്‍ പറഞ്ഞവസാനിപ്പിക്കാനും കൃത്യമായ നിര്‍വചനം തരാനും സ്വിച്ചിട്ടത് പോലെ നിര്‍ത്താനും കഴിയുന്ന കാര്യമല്ല അത്. എന്നാല്‍ നമുക്ക് മുന്നില്‍ കാണുന്ന ചില ഉദാഹരണങ്ങളിലൂടെ എന്താണ് സ്ത്രീവിരുദ്ധത എന്ന് വിശദീകരിക്കാന്‍ കഴിയും. സ്ത്രീവിരുദ്ധത ആണെന്നറിയാതെയാണ് പല മനുഷ്യരും പലപ്പോഴും ഇത്തരം പരാമര്‍ശങ്ങളും പ്രസ്താവനകളും നടത്തുന്നത്.  

 

Misogyny in Bigg Boss home Bigg Boss malayalam review  by Sunitha Devadas

 

'നിന്റെ അമ്മായിയമ്മേടെ പതിനാറടിയന്തിരം' എന്നാല്‍ അസഭ്യമാണോ? സംശയമുള്ളവര്‍ ജഗദീഷും സുരാജും തമ്മിലുള്ള ഈ സംഭാഷണം കേള്‍ക്കുക: 

സുരാജ്:''നിന്റെ എന്നുള്ളതു തെറിയാണോ?''

ജഗദീഷ്: ''അല്ല''

സുരാജ്:''അമ്മായിയമ്മ?''

ജഗദീഷ്:''അല്ല''

സുരാജ്:''പതിനാറടിയന്തിരം?''

ജഗദീഷ്:''അല്ല''

അതുകൊണ്ട് ''നിന്റെ അമ്മേടെ പതിനാറടിയന്തിരം'' എന്നുപറയുന്നത് ഒരു അസഭ്യമേ അല്ല. ഇങ്ങനെ ഏത് സ്ത്രീവിരുദ്ധതയും ലൈംഗിക അധിക്ഷേപവും ദ്വയാര്‍ത്ഥപ്രയോഗവും ഒക്കെ ന്യായീകരിക്കുകയും നിഷ്‌കളങ്കര്‍  ചമയുകയുംചെയ്യുന്നവരാണ് നമ്മളില്‍ തന്നെയുള്ള പലരും.

നമുക്ക് ബിഗ് ബോസ് വീട്ടില്‍ കേട്ട  ചില സ്ത്രീവിരുദ്ധ പ്രസ്താവനകള്‍ ഒന്ന് പരിശോധിക്കാം. എന്തുകൊണ്ടാണവ സ്ത്രീവിരുദ്ധതയാവുന്നത് എന്നും നോക്കാം.

ഫുക്രു വക 

1.  പഴയ പ്രണയാനുഭവം പറഞ്ഞപ്പോള്‍ ഷാള്‍ ഇടാതെ നടന്ന കാമുകിയെ ശകാരിച്ചത്. പെണ്ണായാല്‍ ഇത്തിരി അടക്കവും ഒതുക്കവും ചുരിദാറിനു ഷാളും വേണമെന്ന സ്‌റ്റൈല്‍.

ഇത് സ്ത്രീവിരുദ്ധമാവാനുള്ള കാരണം: പെണ്ണുങ്ങള്‍ക്ക് മാത്രം വേണ്ടതാണ് അടക്കവും ഒതുക്കവും ഒക്കെയെന്ന ചിന്ത തന്നെ. പുരുഷന് സ്ത്രീയെ ഭരിക്കാനും നിലക്ക് നിര്‍ത്താനുമുള്ള അവകാശവും അധികാരവുണ്ടെന്ന് കരുതുന്നത് ഉള്ളിലെ അടിയുറച്ച ആണ്‍കോയ്മാ മനോഭാവം കാരണമാണ്. ലിംഗ സമത്വത്തില്‍ വിശ്വസിക്കായ്ക.

2. ആണുങ്ങളോട് അങ്ങനെ സംസാരിക്കരുത് എന്ന് പറഞ്ഞത്

ഇത് സ്ത്രീവിരുദ്ധമാവാനുള്ള കാരണം: അങ്ങനെ സംസാരിക്കരുത് എന്നാണെങ്കില്‍ അത് സ്ത്രീവിരുദ്ധമല്ല. എന്നാല്‍ ആണുങ്ങളോട് അങ്ങനെ സംസാരിക്കരുത് എന്ന് പറയുമ്പോള്‍ വീണ്ടും പുരുഷന്‍ സ്ത്രീയേക്കാള്‍ എന്തോ കുറച്ചു പ്രിവിലേജ് കൂടുതലുള്ള ജീവി എന്ന് വരുന്നു. ഇവിടെയും സമത്വം എന്ന ആശയം അട്ടിമറിക്കപ്പെടുന്നു.

3. ഇന്നലെ അലസാന്‍ഡ്ര എന്ന സെക്യൂരിറ്റിയെക്കുറിച്ചു  പറയുന്നത് സ്ത്രീത്വം പോരായിരുന്നു എന്നാണ്

ഇത് സ്ത്രീവിരുദ്ധമാവാനുള്ള കാരണം:  സെകൂരിറ്റി ജോലിയില്‍ പോലും സ്ത്രീത്വം കാത്തുസൂക്ഷിക്കണമെന്ന കുലപുരുഷന്‍ നിലപാട്. ഒരേ തൊഴില്‍ ചെയ്യുമ്പോഴും സ്ത്രീയെയും പുരുഷനെയും രണ്ടായി പരിഗണിക്കുകയും തുല്യവേതനം നല്‍കാതിരിക്കുകയും ചെയ്യുന്നതു കൂടിയാണ് സ്ത്രീവിരുദ്ധത.

4. സ്ത്രീകളുടെ വസ്ത്രധാരണമാണ് പീഡനത്തിന് കാരണം എന്ന പ്രസ്താവന.

ഇത് സ്ത്രീവിരുദ്ധമാവാനുള്ള കാരണം: പീഡകന് എപ്പോഴും ന്യായങ്ങളുണ്ട്. ദല്‍ഹി പെണ്‍കുട്ടിയെ പീഡിപ്പിച്ചവന്‍ പറഞ്ഞതും ഇതേ ന്യായമാണ്. അവള്‍ രാത്രിയില്‍ ഇറങ്ങി നടന്നു, വസ്ത്രധാരണം മോശമായിരുന്നു. അതിനാല്‍ പീഡിപ്പിച്ചു. പുരുഷന്റെ പ്രിവിലേജ് ആണ് രാത്രിയില്‍ ഇറങ്ങി നടക്കുകയും സെക്‌സിയായി  വസ്ത്രം ധരിക്കുകയും ചെയ്യുന്ന സ്ത്രീയെ പീഡിപ്പിക്കുന്നത് എന്ന്.  

ഫുക്രു ഇതൊക്കെ തമാശയുടെ മേമ്പൊടി ചേര്‍ത്താണ് പറയുന്നത്. പക്ഷെ ഇതൊക്കെ സ്ത്രീവിരുദ്ധതയാണ്.

രജിത് കുമാറിന്റെ വക:

1. ഇന്നലെ സുജോയെ പെണ്ണാളന്‍ എന്ന് വിളിച്ചത്

ഇത് സ്ത്രീവിരുദ്ധമാവാനുള്ള കാരണം: സ്ത്രീകളെയോ ഫെമിനിസ്റ്റ് ആശയങ്ങളെയോ പിന്തുണക്കുന്ന ആണുങ്ങളെ കുലപുരുഷന്മാരും സ്ത്രീകളും പാവാട താങ്ങി എന്നൊക്കെ വിളിക്കുന്നത് നമ്മള്‍ സ്ഥിരം കേള്‍ക്കാറുണ്ടല്ലോ. അത് തന്നെയാണ് ഈ വിളിയും. അലസാന്‍ഡ്രയെയും ജസ്ലയെയുമൊക്കെ സുജോ പിന്തുണക്കുന്നതിനാണ് രജിത് കുമാര്‍ പെണ്ണാളന്‍ എന്ന് വിളിച്ചത്. എന്നുവച്ചാല്‍ സ്ത്രീകള്‍ രണ്ടാംകിട ജീവികളാണ് എന്നുതന്നെ

2. ഭാര്യക്ക് അബോര്‍ഷനായതിനെക്കുറിച്ചുള്ള രജിത് കുമാറിന്റെ പ്രസ്താവനയും അതിനുപയോഗിച്ച വാക്കുകളും രീതിയും

ഇത് സ്ത്രീവിരുദ്ധമാവാനുള്ള കാരണം: സ്ത്രീയെ എങ്ങനെ കാണുന്നു എന്നതിനുള്ള കൃത്യമായ ഉദാഹരണമായിരുന്നു ഇത്. അടിമുടി സ്ത്രീവിരുദ്ധമായിരുന്നു ഈ പറച്ചിലുകള്‍. 

3 . എല്ലാ സ്ത്രീകളോടും നടന്നു കല്യാണം കഴിക്കുന്നില്ലേ  കുട്ടിയുണ്ടാക്കുന്നില്ലേ എന്നൊക്കെ ചോദിക്കുന്നത്

ഇത് സ്ത്രീവിരുദ്ധമാവാനുള്ള കാരണം: പെണ്ണെന്നാല്‍ കല്യാണം കഴിക്കാനും പെറ്റു കൂട്ടാനും ഒക്കെയുള്ള യന്ത്രമാണെന്ന ചിന്താഗതി തന്നെ. ഇത്ര വയസിനു മുന്‍പ് പ്രസവിക്കണം, അതിനു എങ്ങനെ നടക്കണം, എങ്ങനെ വസ്ത്രം ധരിക്കണം എന്ന വിധി കല്‍പ്പിക്കല്‍.


സുജോ വക:

എലീനയുമായി സുജോ വഴക്കിട്ടപ്പോള്‍ സുജോയുടെ ന്യായം എലീന സുജോയെ അലവലാതി എന്ന് വിളിച്ചെന്നായിരുന്നു. എന്നാല്‍ അതിനു പ്രതികരിച്ചപ്പോള്‍:

1. 'പെണ്‍പിള്ളേര്‍ ആയാല്‍ അടങ്ങിയൊതുങ്ങി ഇരിക്കണം '

2. 'മറ്റുള്ള ആണ്‍പിള്ളേരെ കാണുന്നത് പോലെ നീയെന്നെ കാണരുത് '

3. 'നീ ആദ്യം ആണ്‍പിള്ളേരോട് സംസാരിക്കാന്‍ പഠിക്കെടീ'

സ്ത്രീ വിരുദ്ധതയുടെ പേരില്‍ രജിത്തിനെ  നോമിനേറ്റ് ചെയ്ത സുജോയുടെ മൊഴിമുത്തുകളാണ് ഇത്.

ഇത് സ്ത്രീവിരുദ്ധമാവാനുള്ള കാരണം: ലിംഗസമത്വം, സ്ത്രീ സമത്വം എന്നീ ആശയങ്ങളെ സുജോ അംഗീകരിക്കുന്നില്ല. പെണ്‍കുട്ടികള്‍ അടങ്ങിയൊതുങ്ങി ഇരിക്കണം,സംസാരിക്കാന്‍ പഠിക്കണം, ആണ്‍കുട്ടികള്‍ വളരെ പ്രിവിലേജ്ഡ് ആയ ജന്മങ്ങളാണ് എന്നിങ്ങനെയുള്ള സ്ത്രീവിരുദ്ധ ധാരണകളാണ് അയാളിലൂടെ പുറത്തുവരുന്നത്. 

വീണ നായര്‍ വക: 

1 . ഇന്നലെ സ്ത്രീസമത്വത്തിനു വേണ്ടിയുള്ള ജസ്ലയുടെ വാദങ്ങളെ പരിഹസിച്ചു കൊണ്ട് വീണ നടത്തിയ പ്രസ്താവകള്‍: 

'ഇതില്‍ക്കൂടുതല്‍ എന്ത് സമത്വമാണ് സ്ത്രീക്കും പുരുഷനും വേണ്ടത്? പാതിരാത്രിയില്‍ വഴിയിലിറങ്ങി നടക്കണോ? രാത്രി ആയാല്‍ എന്തിനാന്നേ ഈ പെണ്ണുങ്ങള് വഴിയിലിറങ്ങി നടക്കുന്നത്'.

ആണുങ്ങളുടെകൂടെ കള്ള് കുടിക്കുന്നു, സിഗരറ്റ് വലിക്കുന്നു, രാത്രിയിലിറങ്ങി നടക്കുന്നു, ഇതില്‍ക്കൂടുതല്‍ എന്ത് സമത്വമാണ് പെണ്ണുങ്ങള്‍ക്ക് വേണ്ടത്, കുറേയെണ്ണങ്ങള് ഇറങ്ങിക്കോളും, സ്ത്രീസമത്വമെന്ന് പറഞ്ഞ്',

ഇത് സ്ത്രീവിരുദ്ധമാവാനുള്ള കാരണം:  വീണ നായര്‍ ലിംഗ സമത്വം, സ്ത്രീസമത്വം എന്ന ആശയത്തെ എതിര്‍ത്താണ് സംസാരിക്കുന്നത്. പെരുമാറുന്നതും അങ്ങനെ തന്നെ. ആണ്‍ബോധങ്ങള്‍ സ്വാംശീകരിച്ചാണ് വീണ നായര്‍ പെണ്ണുങ്ങളെ കാണുന്നത്. ആണുങ്ങള്‍ക്ക് എന്തുമാവാം. പെണ്ണുങ്ങള്‍ എന്തിനിതൊക്കെ ചെയ്യുന്നു എന്ന് സ്ത്രീയായ വീണ തന്നെ വാദിക്കുന്നത് ഉള്ളിനുള്ളില്‍ കുടുങ്ങിക്കിടക്കുന്ന ആണ്‍ബോധം കൊണ്ടാണ്. 

2 . ജസ്ല കഴിഞ്ഞ ദിവസം സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നതിനെക്കുറിച്ചു സംസാരിച്ചപ്പോഴും വീണ പൊട്ടിത്തെറിക്കുന്നുണ്ടായിരുന്നു, എന്തുകൊണ്ടാണ് അവള്‍ അപ്പോള്‍ പ്രതികരിക്കാതിരുന്നത്  ആ സ്‌പോട്ടില്‍ പ്രതികരിക്കണം എന്നൊക്കെ
.
ഇത് സ്ത്രീവിരുദ്ധമാവാനുള്ള കാരണം:  എല്ലാ പെണ്‍കുട്ടികളും പീഡിപ്പിക്കുന്നവന്റെയും അപമാനിക്കുന്നവന്റെയും ചെപ്പക്കുറ്റി ആ സ്‌പോട്ടില്‍ അടിച്ചു പൊട്ടിക്കാന്‍ കഴിവുള്ളവരാവണം എന്ന് തന്നെയാണ് നമ്മളുടെയൊക്കെ ആഗ്രഹം. എന്നാല്‍ ഇര എന്ന രീതിയിലേക്ക് എത്തിക്കഴിയുമ്പോള്‍ പ്രതികരിക്കാന്‍ പോയിട്ട് ഒന്നനങ്ങാന്‍ പോലും കഴിയാതെ മരവിച്ചു പോകുന്ന സ്ത്രീകളുമുണ്ട്. ഇത് ആദ്യം തിരിച്ചറിയേണ്ടത് സ്ത്രീകള്‍ തന്നെയാണ്.

അവരെ ചേര്‍ത്ത് പിടിക്കുന്നതിനു പകരം പരിഹസിക്കാനും കുറ്റം പറയാനും നമുക്ക് എന്ത് അവകാശമാണുള്ളത്? സേഫ് സോണിലിരുന്നു ഒരു ഗതിയും പരഗതിയുമില്ലാത്ത സ്ത്രീകളെ അപമാനിക്കുന്നതാണ് ഏറ്റവും വലിയ സ്ത്രീ വിരുദ്ധത. സൂര്യനെല്ലി പെണ്‍കുട്ടിയെ ഇതേ കാര്യം പറഞ്ഞു ഇപ്പോഴും പീഡിപ്പിക്കുന്നരാണല്ലോ നമ്മള്‍.

ആര്യയുടെയും പാഷാണം ഷാജിയുടെയും വക: 

വീണയുടെ എല്ലാ സ്ത്രീവിരുദ്ധ പ്രസ്താവനകള്‍ക്കും ആര്യയുടെയും പാഷാണം ഷാജിയുടെയും പിന്തുണയുണ്ട്.

'അല്ല, ഇറങ്ങി നടക്കാതിരിക്കാന്‍ ഇവിടെ ആരെങ്കിലും പിടിച്ചുവച്ചിട്ടുണ്ടോ' എന്നായിരുന്നു ആര്യയുടെ ഇന്നലത്തെ പ്രതികരണം.

ഇനി എന്ത് സമത്വമാണ് വേണ്ടത് എന്ന ചോദ്യത്തോടെയാണ്  പാഷാണം ഷാജി ഇന്നലെ വീണക്ക് പിന്തുണ നല്‍കിയത്.  

പീഡന വിഷയത്തിലും പാഷാണം ഷാജി എന്തുകൊണ്ട് പെണ്‍കുട്ടി നേരിട്ട് വന്നു പ്രതികരിച്ചില്ല എന്ന് ചോദിച്ചു വീണയെ പിന്തുണച്ചു.

 

ഇതൊക്കെ ഇത്ര വലിയ കാര്യമാണോ? 

ഇതുവായിക്കുമ്പോള്‍ ഇങ്ങനെ തോന്നുന്നുണ്ടോ? ഉണ്ടെങ്കില്‍, ഒരു കാര്യം അറിയുക, നിങ്ങളുടെ ഉള്ളിലുമുണ്ട് ഇതേ പോലുള്ള സ്ത്രീവിരുദ്ധത. സ്വയം തിരിച്ചറിയേണ്ടതാണ് അത്. അതിനാദ്യം ഇക്കാര്യങ്ങള്‍ മനസ്സിലാവണം. പണ്ടുപണ്ടേ പറഞ്ഞുകേട്ട ധാരണകളെ പൊളിച്ചെഴുതണം. അതിന് കണ്ണു തുറന്നിരിക്കാനാവണം. ലോകം മാറുന്നത് തിരിച്ചറിയണം. 

ഫാന്‍ ഫൈറ്റുകള്‍ക്കപ്പുറം നമ്മള്‍ ഇതൊക്കെ ചര്‍ച്ച ചെയ്‌തെങ്കില്‍ മാത്രമേ നാളത്തെ തലമുറയെങ്കിലും സ്ത്രീവിരുദ്ധര്‍ അല്ലാതെ പെരുമാറൂ.  കണ്ണുമടച്ചു തങ്ങളുടെ താരങ്ങളെ പിന്തുണക്കുന്നതിനു പകരം ഫാന്‍സുകള്‍ ഇത്തരം തിരുത്തലുകളും കൂടി നടത്തി മുന്നോട്ട് പോകുകയാണെങ്കില്‍ ബിഗ് ബോസ് ഷോ സമൂഹത്തിനും ഗുണമുള്ളതായി മാറും.

വെറും ഫാന്‍ ഫൈറ്റുകള്‍ക്കപ്പുറം ലിംഗ സമത്വവും സ്ത്രീവിരുദ്ധതയും ഒക്കെ ചര്‍ച്ചയാവുന്ന ഒരു കിണാശ്ശേരിയാണ് എന്റെ സ്വപ്നം. 

Follow Us:
Download App:
  • android
  • ios