ബിഗ് ബോസ് മലയാളം സീസണ്‍ രണ്ട് സര്‍പ്രൈസുകളിലൂടെയാണ് മുന്നോട്ട് പോകുന്നത്. മലയാളത്തിലെ ഏറ്റവും ജനപ്രീതി നേടിയ ടെലിവിഷന്‍ റിയാലിറ്റി ഷോ അതിന്റെ അഞ്ചാം വാരത്തിലേക്ക് കടക്കുമ്പോള്‍ രണ്ട് വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളാണ് ഇന്ന് സംഭവിച്ചിരിക്കുന്നത്. ആര്‍ ജെ സൂരജിനെയാണ് പുതിയ മത്സരാര്‍ഥിയായി മോഹന്‍ലാല്‍ ആദ്യം പ്രഖ്യാപിച്ചത്. പിന്നീട് അടുത്ത വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയും അദ്ദേഹം പ്രഖ്യാപിക്കുകയായിരുന്നു. ചെന്നൈയില്‍ താമസിക്കുന്ന മലയാളി മോഡല്‍ പവന്‍ ജിനോ തോമസ് ആണ് ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിലെ ഏറ്റവും പുതിയ മത്സരാര്‍ഥി.

 

'അഭിനയം സ്വപ്‌നമായി കൊണ്ടുനടക്കുന്നയാള്‍, ശരീരസൗന്ദര്യത്തെക്കുറിച്ച് ധാരണയുള്ളയാള്‍, മിസ്റ്റര്‍ കേരള 2019ല്‍ ഫസ്റ്റ് റണ്ണര്‍ അപ്, മിസ്റ്റര്‍ ഇന്ത്യ 2018ല്‍ ഫൈനലിസ്റ്റ്, ഇന്ത്യയിലെ ഏതാണ്ടെല്ലാ ടോപ് ഫാഷന്‍ ഡിസൈനര്‍മാരുടെയുംമൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ളയാള്‍..', ഇങ്ങനെയാണ് പവനെ മോഹന്‍ലാല്‍ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയത്. 

 

കോട്ടയത്ത് ജനിക്കുവളര്‍ന്ന പവന്‍ പ്രൊഫഷണല്‍ മോഡലാണ്. അഞ്ച് വര്‍ഷമായി ചെന്നൈയിലാണ് താമസം. എന്നാല്‍ തന്റെ സ്വപ്‌നം ഒരു അഭിനേതാവാകുക എന്നതാണെന്ന് അദ്ദേഹം പറഞ്ഞു. മിക്ക സമയവും ജിമ്മിലാണെന്നും ഒരു ജിം അഡിക്ട് ആണ് താനെന്നും അദ്ദേഹം സ്വയം അവതരിപ്പിച്ചു. 'ഇത്രയും വലിയൊരു പ്ലാറ്റ്‌ഫോം ലഭിക്കുമെന്ന് വിചാരിച്ചില്ല. വീട്ടിലും പറഞ്ഞിട്ടില്ല, സര്‍പ്രൈസ് ആണ്. അച്ഛനോടും അമ്മയോടും പറഞ്ഞിട്ടില്ല, അനിയനോട് മാത്രമേ പറഞ്ഞിട്ടുള്ളൂ. ബിഗ് ബോസ് വിന്‍ ചെയ്യണമെന്നാണ് ആഗ്രഹം', പവന്‍ മോഹന്‍ലാലിനോട് പറഞ്ഞു. ഹൗസിലേക്ക് പോകുമ്പോള്‍ പ്ലാനിംഗ് ഒന്നുമില്ലെന്നും അകത്തെ സാഹചര്യമനുസരിച്ച് തന്റേതായ ഗെയിം കളിക്കുമെന്നും അദ്ദേഹം പറഞ്ഞു. 'സത്യസന്ധമായി ഇടപെടുന്ന ആളുകളെയാണ് ഇഷ്ടം. അങ്ങനെയുള്ളവരോട് അങ്ങോട്ടും സത്യസന്ധനായിരിക്കും', പവന്‍ മോഹന്‍ലാലിനോട് പറഞ്ഞുനിര്‍ത്തി.