ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിലെ രണ്ടാമത്തെ എലിമിനേഷന്‍ പ്രഖ്യാപിച്ച് മോഹന്‍ലാല്‍. എട്ട് പേരായിരുന്നു ഇക്കഴിഞ്ഞ വാരം എലിമിനേഷന്‍ ലിസ്റ്റില്‍ ഉണ്ടായിരുന്നത്. എലീന പടിക്കല്‍, രേഷ്മ രാജന്‍, തെസ്‌നി ഖാന്‍, വീണ നായര്‍, സുരേഷ് കൃഷ്ണന്‍, പരീക്കുട്ടി, രജിത് കുമാര്‍, അലസാന്‍ഡ്ര എന്നിവര്‍. ഇതില്‍ രജിത്തും അളസാന്‍ഡ്രയും സേഫ് സോണിലാണെന്ന് ശനിയാഴ്ച എപ്പിസോഡില്‍ത്തന്നെ മോഹന്‍ലാല്‍ പ്രഖ്യാപിച്ചിരുന്നു.

ലിസ്റ്റില്‍ ബാക്കിയുണ്ടായിരുന്ന ആറ് പേരില്‍ പുറത്താവുന്ന ഒരാളിന്റെ പേര് തുടര്‍ന്ന് മോഹന്‍ലാല്‍ പ്രഖ്യാപിക്കുകയായിരുന്നു. എലീന, രേഷ്മ, തെസ്‌നി, വീണ, സുരേഷ് എന്നിവരോട് പുറത്താവാനുള്ള സാധ്യതകളെക്കുറിച്ച് സംസാരിച്ചശേഷം മോഹന്‍ലാല്‍, കണ്ണിനുണ്ടായ ഇന്‍ഫെക്ഷന്‍ മൂലം ഹൗസിന് പുറത്തുകഴിയുന്ന പരീക്കുട്ടിയോടും സംസാരിച്ചു. താന്‍ പുറത്താവാന്‍ 50 ശതമാനം സാധ്യതയാണ് കാണുന്നതെന്നായിരുന്നു പരീക്കുട്ടിയുടെ പ്രതികരണം.

 

എന്നാല്‍ വോട്ടിംഗ് അനുസരിച്ച് പുറത്തുപോകണമെന്ന് പ്രേക്ഷകര്‍ കരുതുന്നയാള്‍ പരീക്കുട്ടിയാണെന്ന് മോഹന്‍ലാല്‍ തുടര്‍ന്ന് പറയുകയായിരുന്നു. കണ്ണിന് സംഭവിച്ച അസുഖം മൂലമുള്ള തീരുമാനമല്ല ഇതെന്നും മറിച്ച് വോട്ടിംഗ് വഴിയുള്ള തീരുമാനം തന്നെയാണെന്നും മോഹന്‍ലാല്‍ അറിയിച്ചു. സോമദാസിന് ശേഷം പരീക്കുട്ടികൂടി പോകുന്നതോടെ മറ്റൊരു ഗായകനെക്കൂടി ബിഗ് ബോസ് ഹൗസിന് നഷ്ടമാവുകയാണെന്നും മോഹന്‍ലാല്‍ പ്രതികരിച്ചു.