ബിഗ് ബോസ് മലയാളം സീസണ്‍ രണ്ട് തുടങ്ങിയതിന് ശേഷം ഏറ്റവും കൂടുതല്‍ പേര്‍ എലിമിനേഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ച ആഴ്ചയായിരുന്നു കടന്നുപോയത്. എട്ട് പേരായിരുന്നു ഇത്തവണത്തെ എലിമിനേഷന്‍ ലിസ്റ്റില്‍! എലീന പടിക്കല്‍, രേഷ്മ രാജന്‍, തെസ്‌നി ഖാന്‍, വീണ നായര്‍, സുരേഷ് കൃഷ്ണന്‍, പരീക്കുട്ടി പെരുമ്പാവൂര്‍, രജിത് കുമാര്‍, അലസാന്‍ഡ്ര എന്നിവര്‍. കഴിഞ്ഞവാരം എലിമിനേഷന്‍ ലിസ്റ്റിലുള്ള മുഴുവന്‍ പേരുടെയും ഫലം ഞായറാഴ്ച എപ്പിസോഡിലാണ് മോഹന്‍ലാല്‍ പ്രഖ്യാപിച്ചതെങ്കില്‍ ഇത്തവണത്തെ ലിസ്റ്റില്‍ നിന്ന് സേഫ് സോണിലുള്ള രണ്ട് പേരുടെ പേര് മോഹന്‍ലാല്‍ ഇന്നേ പ്രഖ്യാപിച്ചു.

എപ്പിസോഡിന്റെ അവസാനം സാധാരണമട്ടില്‍ രണ്ടുപേരോട് എണീറ്റുനില്‍ക്കാന്‍ പറയുകയായിരുന്നു മോഹന്‍ലാല്‍. അലസാന്‍ഡ്ര, രജിത് കുമാര്‍ എന്നിവരോടാണ് എണീയ്ക്കാന്‍ മോഹന്‍ലാല്‍ ആവശ്യപ്പെട്ടത്. എലിമിനേഷന്‍ ലിസ്റ്റിലുള്ള ഇവരോട് പെട്ടിയൊക്കെ തയ്യാറാക്കി വച്ചിട്ടുണ്ടോ എന്നായിരുന്നു അടുത്ത ചോദ്യം. ഉണ്ടെന്ന് ഇരുവരും മറുപടി പറഞ്ഞു. തുടര്‍ന്നായിരുന്നു മോഹന്‍ലാലിന്റെ പ്രഖ്യാപനം. തല്‍ക്കാലം പെട്ടിയിലെ സാധാനങ്ങള്‍ തിരിച്ച് എടുത്ത് വച്ചോളാനും സേഫ് ആണെന്നും ഇരുവരോടും മോഹന്‍ലാല്‍ പറഞ്ഞു. ആഹ്ലാദത്തോടെയാണ് ഈ വാക്കുകള്‍ അലസാന്‍ഡ്രയും രജിത്തും സ്വീകരിച്ചത്. മറ്റ് അംഗങ്ങളും ഈ സമയം കൈയ്യടിക്കുന്നുണ്ടായിരുന്നു.

 

ഇതോടെ ഈ വാരത്തിലെ എലിമിനേഷന്‍ ലിസ്റ്റിലുള്ള അംഗങ്ങളുടെ എണ്ണം ആറായി ചുരുങ്ങി. എലീന പടിക്കല്‍, രേഷ്മ രാജന്‍, തെസ്‌നി ഖാന്‍, വീണ നായര്‍, സുരേഷ് കൃഷ്ണന്‍, പരീക്കുട്ടി പെരുമ്പാവൂര്‍ എന്നിവരാണ് നിലവില്‍ എലിമിനേഷന്‍ ലിസ്റ്റില്‍ ഉള്ളത്. ഇതില്‍ പരീക്കുട്ടി കണ്ണിന് ഇന്‍ഫെക്ഷന്‍ മൂലം ചികിത്സയിലാണ്. ഇതിനാല്‍ അദ്ദേഹത്തെ ഹൗസില്‍നിന്നും മാറ്റിനിര്‍ത്തിയിരിക്കുകയാണ് ബിഗ് ബോസ്.