ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടില്‍ ഇത്രയും സംഭവബഹുലമായ ഒരു എപ്പിസോഡ് ഇത് ആദ്യമാണ്. സാധാരണ എലിമിനേഷനില്‍ ഒരാള്‍ പുറത്താവുന്നിടത്ത് രണ്ടുപേര്‍ പുറത്താവുക! അതേദിവസം വൈല്‍ഡ് കാര്‍ഡ് എന്‍ട്രി വഴി ഒരാള്‍ അകത്തേക്ക് വരിക. പിന്നാലെ മറ്റൊരാള്‍ കൂടി വൈല്‍ഡ് കാര്‍ഡ് വഴി അകത്തേക്ക് എത്തുക. ഇത്രയും സംഭവങ്ങള്‍ക്കാണ് ബിഗ് ബോസ് പ്രേക്ഷകരും മറ്റ് മത്സരാര്‍ഥികളും ഇന്ന് സാക്ഷ്യം വഹിച്ചത്.

പരീക്കുട്ടിയും സുരേഷ് കൃഷ്ണനും പുറത്തായതിന് പിന്നാലെ മോഹന്‍ലാല്‍ ആദ്യ വൈല്‍ഡ് കാര്‍ഡ് പ്രഖ്യാപിക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ പ്രശസ്തയായ ദയ അശ്വതിയെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്. ദയ ഹൗസിനുള്ളിലെത്തി മറ്റ് മത്സരാര്‍ഥികളുമായി പരിചയപ്പെടുമ്പോള്‍ മോഹന്‍ലാല്‍ അടുത്ത സര്‍പ്രൈസ് പ്രഖ്യാപിക്കുകയായിരുന്നു, ഇന്നുതന്നെ മറ്റൊരു വൈല്‍ഡ് കാര്‍ഡ് എന്‍ട്രി കൂടി ഉണ്ടെന്ന കാര്യം! സോഷ്യല്‍ മീഡിയയിലൂടെത്തന്നെ അനേകം മലയാളികള്‍ക്ക് പരിചയമുള്ള ജസ്ല മാടശ്ശേരിയാണ് വൈല്‍ഡ് കാര്‍ഡ് വഴി ബിഗ് ബോസിലേക്ക് എത്തുന്ന രണ്ടാമത്തെ മത്സരാര്‍ഥി.

 

സോഷ്യല്‍ മീഡിയയിലൂടെത്തന്നെ പ്രശസ്തയായ മറ്റൊരു വ്യക്തി എന്ന് പറഞ്ഞാണ് മോഹന്‍ലാല്‍ ജസ്ലയെ പരിചയപ്പെടുത്തിയത്. ഹൗസിലെ ആരുമായും വ്യക്തിപരമായി പരിചയമില്ല എന്നതാണ് തന്നെ സംബന്ധിച്ച് ഏറ്റവും കൗതുകമുള്ള കാര്യമെന്ന് ജസ്ല മോഹന്‍ലാലിനോട് പറഞ്ഞു. 'എന്നെ സംബന്ധിച്ചിടത്തോളം ഒരു പുതിയ ലോകം തന്നെയാണ് അത്. പരമാവധി ഞാന്‍ ഞാനായിത്തന്നെ നില്‍ക്കും. സ്വന്തം നിലപാടോടുകൂടിത്തന്നെ നില്‍ക്കാന്‍ ശ്രമിക്കും', ജസ്ല മോഹന്‍ലാലിനോട് പറഞ്ഞു. ഒരു സ്വകാര്യ കമ്പനിയില്‍ മാര്‍ക്കറ്റിംഗ് മാനേജരായി ജോലി ചെയ്യുകയാണ് ജസ്ല ഇപ്പോള്‍.