ബിഗ് ബോസ് മലയാളം സീസണ്‍ രണ്ട് അറുപത് എപ്പിസോഡുകള്‍ പിന്നിടുമ്പോള്‍ മത്സരാര്‍ഥികള്‍ക്കിടയിലെ ഗ്രൂപ്പിസം പ്രേക്ഷകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയാണ്. പുറത്തുനിന്നേ സുഹൃത്തുക്കളായിരുന്ന മത്സരാര്‍ഥികള്‍ക്കിടയില്‍ ബിഹ് ബോസ് ഹൗസില്‍ തുടക്കം മുതലേ ചില സഹായിക്കലുകളൊക്കെ ഉണ്ടായിരുന്നുവെങ്കില്‍ കൃത്യമായി രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ അവസ്ഥയിലാണ് നിലവില്‍ ബിഗ് ബോസ് ഹൗസ്. ഇന്നത്തെ എപ്പിസോഡില്‍ അവതാരകനായെത്തിയ മോഹന്‍ലാല്‍ പലകുറി ഇക്കാര്യം മത്സരാര്‍ഥികളോട് പറഞ്ഞു. താന്‍ വരുന്ന എപ്പിസോഡുകളിലും ഹാളിലെ സോഫയില്‍ 'ഗ്രൂപ്പ്' അംഗങ്ങള്‍ അടുത്തടുത്ത് ഇരിക്കുന്ന കാര്യം മോഹന്‍ലാല്‍ ചൂണ്ടിക്കാണിക്കുകയും പലരെയും മാറ്റി ഇരുത്തുകയും ചെയ്തു. 

 

'എല്ലാവരും ഒരേ പാറ്റേണിലാണ് ഇരിക്കുന്നത്, അല്ലേ' എന്ന് ചോദിച്ചുകൊണ്ടാണ് മോഹന്‍ലാല്‍ ഇക്കാര്യം സംസാരിച്ചുതുടങ്ങിയത്. പിന്നീട് രജിത്തിനെ ഇരുന്നിടത്തുനിന്ന് എണീപ്പിച്ച് വീണയുടെയും ആര്യയുടെയും ഇടയിലേക്ക് ഇരുത്തി മോഹന്‍ലാല്‍. പിന്നാലെ ഫുക്രുവിനെ എണീപ്പിച്ച് സുജോയ്ക്ക് അടുത്തായും ഇരുത്തി. ശേഷം ആഭിരാമി, അമൃത എന്നിവരോട് വീണയുടെ അടുത്ത് ചെന്നിരിക്കാനും മോഹന്‍ലാല്‍ പറഞ്ഞു. എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുന്നുണ്ടോ എന്നായിരുന്നു തമാശയോടെ മോഹന്‍ലാലിന്റെ അടുത്ത ചോദ്യം. പിന്നാലെ രേഷ്മയെ അലസാന്‍ഡ്രയുടെ അടുത്തേക്കും ഇരുത്തി. 

 

'നമ്മള്‍ കാണുന്നത് നിങ്ങള്‍ ഒരു ഗ്രൂപ്പിസത്തിലേക്ക് പോകുന്നതാണ്. വ്യക്തിഗതമായല്ല നിങ്ങള്‍ കളിക്കുന്നത്. ആര്‍ക്കെങ്കിലും പറയാമോ ഗ്രൂപ്പിസം ഇല്ലെന്ന്' - രഘു, ഫുക്രു, ദയ എന്നിവരോട് മോഹന്‍ലാല്‍ ചോദിച്ചു. ഗ്രൂപ്പ് ഉണ്ടെന്നുതന്നെയാണ് എല്ലാവരും മറുപടി പറഞ്ഞത്. 'മത്സരത്തില്‍ ഒരു കപ്പ് കിട്ടിയാല്‍ ഗ്രൂപ്പിനുള്ളില്‍ നിങ്ങള്‍ വീതം വെക്കുമോ. തനിച്ചാണ് മത്സരിക്കേണ്ടത്', മോഹന്‍ലാല്‍ പറഞ്ഞുനിര്‍ത്തി.