ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിലെ ആദ്യ എലിമിനേഷന്‍ എപ്പിസോഡിന് മുന്‍പ് ആവേശം വിതറിയ വാരാന്ത്യ എപ്പിസോഡ്. അവതാരകനായ മോഹന്‍ലാല്‍ എത്തിയ ഇന്നത്തെ എപ്പിസോഡിന്റെ പ്രധാന കൗതുകങ്ങളിലൊന്ന് സുരേഷും രജിത്തും തമ്മില്‍ കഴിഞ്ഞവാരം നടന്ന ഒരു തര്‍ക്കത്തിന്റെ യാഥാര്‍ഥ്യം കണ്ടെത്തലായിരുന്നു. ഈ വാരത്തിന്റെ തുടക്കത്തില്‍ പാചകവാതകം റീഫില്‍ ചെയ്ത് എത്തിയ പുതിയ സിലിണ്ടറില്‍ അടങ്ങിയിരിക്കുന്ന അളവിനെക്കുറിച്ച് സുരേഷും രജിത്തും തമ്മില്‍ ഒരു തര്‍ക്കം നടന്നിരുന്നു. 

ബിഗ് ബോസ് ഹൗസില്‍ പാചകവാതക ഉപയോഗത്തിന് നിയന്ത്രണമുണ്ട്. അഞ്ച് കിലോയാണ് മത്സരാര്‍ഥികള്‍ക്ക് ഒരു വാരത്തിലെ ഉപയോഗത്തിന് ലഭിക്കുക. ഈ വാരത്തിന്റെ തുടക്കത്തില്‍ സിലിണ്ടര്‍ റീഫില്‍ ചെയ്ത് ലഭിച്ച ദിവസമാണ് സുരേഷും രജിത്തും തമ്മില്‍ തര്‍ക്കം നടന്നത്. ഹാളില്‍ ഇരിക്കുമ്പോള്‍ സിലിണ്ടര്‍ രാവിലെതന്നെ എത്തിയെന്നും പുലര്‍ച്ചെ താന്‍ എണീറ്റ് നോക്കുമ്പോള്‍ കൃത്യം അഞ്ച് കിലോ ഉണ്ടായിരുന്നെന്നും രജിത് പറഞ്ഞു. എന്നാല്‍ തൊട്ടടുത്ത് ഇരിപ്പുണ്ടായിരുന്ന സുരേഷ് അത് കള്ളമാണെന്നും 4.98 കിലോഗ്രാമേ ഉണ്ടായിരുന്നുള്ളെന്നും പറയുകയായിരുന്നു. താനും രാജിനി ചാണ്ടിയുമാണ് ആദ്യം എണീറ്റതെന്നും രജിത് പിന്നീട് എത്തിയതെന്നും സുരേഷ് പറഞ്ഞു. എന്നാല്‍ പറഞ്ഞതില്‍ ഉറച്ചുനിന്ന രജിത് ഇതിന്റെ വസ്തുത കണ്ടുപിടിക്കല്‍ ഒരു ചാലഞ്ച് ആയി ബിഗ് ബോസിന് മുന്നില്‍ വച്ചു. ക്യാമറയ്ക്ക് മുന്നില്‍ വന്ന് അതിന്റെ തെളിവുകള്‍ പുറത്തുവിടാന്‍ രജിത് അപ്പോള്‍തന്നെ ബിഗ് ബോസിനെ വെല്ലുവിളിച്ചിരുന്നു.

ഇന്നത്തെ എപ്പിസോഡ് പുരോഗമിക്കവെ മോഹന്‍ലാല്‍ ഇക്കാര്യം സന്ദര്‍ഭവശാല്‍ ഓര്‍മ്മിപ്പിക്കുകയായിരുന്നു. രജിത് കള്ളമാണ് പറയുന്നതെന്ന് ചിലര്‍ക്കൊക്കെ അഭിപ്രായമുണ്ടല്ലോ എന്ന് മോഹന്‍ലാല്‍ അദ്ദേഹത്തോടുതന്നെ ചോദിക്കുകയായിരുന്നു. ആരാണ് അങ്ങനെ കൂടുതല്‍ പറയുന്നതെന്ന് ചോദിച്ചപ്പോള്‍ സുരേഷ് ആണെന്ന് രജിത് മറുപടി പറയുകയും ചെയ്തു. സുരേഷിനോട് ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ കഴിഞ്ഞ 15 ദിവസത്തിനുള്ളില്‍ 150 കള്ളങ്ങള്‍ എങ്കിലും രജിത് പറഞ്ഞിട്ടുണ്ടെന്നായിരുന്നു മറുപടി. തുടര്‍ന്ന് മോഹന്‍ലാല്‍ അവര്‍ക്കിടയില്‍ തര്‍ക്കമുണ്ടായ ദിവസത്തെ വിഷ്വല്‍ പുറത്തുവിടുകയായിരുന്നു. 3.30നാണ് രജിത് എണീറ്റ് ഹാളിലേക്കെത്തിയതെന്നും മോഹന്‍ലാല്‍ പറഞ്ഞു. എണീറ്റ് വരുന്ന രജിത് കുമാര്‍ സിലിണ്ടറിലേക്ക് നോക്കുന്നതും സിലിണ്ടറിന്റെ ഡിജിറ്റല്‍ മീറ്ററില്‍ തെളിയുന്ന '5 കിലോ' എന്ന വിവരവും ദൃശ്യങ്ങളില്‍ വ്യക്തമാണ്. 

 

കൈയടികളോടെയാണ് മോഹന്‍ലാലിന് മുന്നിലിരുന്ന കാണികള്‍ ഈ ദൃശ്യത്തെ വരവേറ്റത്. സുരേഷ് ഉള്‍പ്പെടെയുള്ള മത്സരാര്‍ഥികളും കൈയടിക്കുന്നുണ്ടായിരുന്നു. പ്രതികരണമെന്തെന്ന ചോദ്യത്തിന് സത്യം ജയിക്കുമെന്നാണ് എപ്പോഴത്തെയും വിശ്വാസമെന്നാണ് രജിത് കുമാര്‍ പ്രതികരിച്ചത്.