ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടില്‍ വീണ്ടും ആവേശകരമായ വാരാന്ത്യ എപ്പിസോഡുകള്‍. അവതാരകനായ മോഹന്‍ലാല്‍ എത്തുന്ന ഇന്നത്തെ എപ്പിസോഡിലെ പ്രേക്ഷകരുടെ പ്രധാന കൗതുകം വെള്ളിയാഴ്ച എപ്പിസോഡില്‍ ആര്യ ഉയര്‍ത്തിയ ആരോപണത്തോട് മോഹന്‍ലാല്‍ പ്രതികരിക്കുമോ അങ്ങനെയെങ്കില്‍ എത്തരത്തിലാവും ആ പ്രതികരണം എന്നുമാണ്. മോഹന്‍ലാല്‍ ഇക്കാര്യം ആര്യയോട് സംസാരിക്കുമെന്നാണ് ഏഷ്യാനെറ്റ് പുറത്തുവിട്ടിരിക്കുന്ന പ്രൊമോ പറയുന്നത്. എന്നാല്‍ ആര്യയുടെ ആരോപണത്തോട് വിമര്‍ശനാത്മകമായാണ് പ്രൊമോയില്‍ മോഹന്‍ലാല്‍ പ്രതികരിക്കുന്നത് കാണുന്നത്.

'ആര്യയ്ക്ക് എന്തൊക്കെയോ പറയണമെന്നുണ്ട്, അല്ലേ ആര്യ' എന്നാണ് മോഹന്‍ലാലിന്റെ ആദ്യ ചോദ്യം. 'എന്റെ കുഞ്ഞിന്റെ പേരില്‍ സത്യം ചെയ്യുന്നു. അതിന്റെ കാര്യം അറിഞ്ഞിട്ടേ ഇനിയുള്ള ടാസ്‌കുകളില്‍ പങ്കെടുക്കൂ എന്നൊക്കെ പറഞ്ഞത് കേട്ടു. അതുകൊണ്ടാണ് ചോദിക്കുന്നത്. ആര്യയ്ക്ക് എന്താണ് അറിയേണ്ടത്?' മോഹന്‍ലാല്‍ തുടര്‍ന്ന് ചോദിക്കുന്നു. തനിക്ക് അതില്‍ ഒരു നീതി ഫീല്‍ ചെയ്തില്ല എന്നാണ് ഇതിനുള്ള ആര്യയുടെ മറുപടി. എന്നാല്‍ ഇതിനും വിമര്‍ശനസ്വരത്തിലാണ് മോഹന്‍ലാലിന്റെ മറുപടി. 'ഫോട്ടോ ഫിനിഷ് എടുത്തുവെക്കാന്‍ ഇത് ഒളിമ്പിക്‌സിലെ ഓട്ടമത്സരമൊന്നുമല്ല, കാണണോ ആര്യയ്ക്ക്? ഞങ്ങള്‍ കാണിക്കാന്‍ തയ്യാറാണ്'-ഇങ്ങനെയാണ് മോഹന്‍ലാലിന്റെ മറുപടി. 

 

വെള്ളിയാഴ്ച എപ്പിസോഡില്‍ നടന്ന ക്യാപ്റ്റന്‍സി ടാസ്‌കുമായി ബന്ധപ്പെട്ടാണ് ആര്യ ബിഗ് ബോസിനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നത്. നിരീക്ഷകരായി ബിഗ് ബോസ് ഏര്‍പ്പെടുത്തിയിരുന്ന മൂന്നുപേരില്‍ രഘുവും അലസാന്‍ഡ്രയും രജിത്തിനെ വിജയിയായി പ്രഖ്യാപിച്ചപ്പോള്‍ രേഷ്മ ആര്യയാണ് വിജയിച്ചതെന്നും പറഞ്ഞു. എന്നാല്‍ എപ്പോഴത്തെയുംപോലെ ഭൂരിപക്ഷാഭിപ്രായം കണക്കിലെടുത്ത ബിഗ് ബോസ് രജിത്തിനെ പത്താം വാരത്തിലെ ക്യാപ്റ്റനായി പ്രഖ്യാപിക്കുകയായിരുന്നു. തുടര്‍ന്നാണ് ആര്യ ബിഗ് ബോസിനോട് ഇത് അനീതിയാണെന്ന തരത്തില്‍ സംസാരിച്ചത്. തൃപ്തികരമായ വിശദീകരണം നല്‍കാത്തപക്ഷം ബിഗ് ബോസില്‍നിന്ന് താന്‍ പോകുമെന്നും ആര്യ പറഞ്ഞിരുന്നു.

'ബിഗ് ബോസ്, ഇവിടെ വിധി നിര്‍ണയിക്കുന്നവര്‍ തമ്മിലാണ് കണ്‍ഫ്യൂഷന്‍. അപ്പൊ എന്താണ് തീരുമാനിക്കേണ്ടതെന്ന് ബിഗ് ബോസ് തന്നെ പറഞ്ഞാല്‍ മതി. ഇതുംകൂടി പ്രൂവ് ചെയ്ത് തന്നില്ലാന്നുണ്ടെങ്കില്‍ ബിഗ് ബോസ്, ഞാനീ ഷോ ക്വിറ്റ് ചെയ്യും എന്നുള്ള കാര്യത്തില്‍ ഒരു സംശയവും വേണ്ട. ഇങ്ങനെ നിയമങ്ങള്‍ മാറ്റി കളിക്കാനാണെങ്കില്‍ ബിഗ് ബോസ് വെറുതെ ഒരു ടാക്‌സ് ഫയല്‍ കൊടുത്ത് വിടണമെന്നില്ല. അവര് തന്നെ നിയമമൊക്കെ ഉണ്ടാക്കിക്കോളും. ആ ഫയലില്‍ കൃത്യമായി എഴുതിയിട്ടുണ്ട്, പൊസിഷന്‍ മാറ്റാന്‍ പാടില്ല എന്ന്. പോട്ടെ സാരമില്ല. പക്ഷേ ഈ കാര്യം ശനിയാഴ്ച തെളിയിച്ച് തന്നില്ല എന്നുണ്ടെങ്കില്‍ എന്റെ കുഞ്ഞ് സത്യം, ഞാനീ ഷോ ക്വിറ്റ് ചെയ്യും. പിന്നെ ഇവിടെ നടക്കുന്ന ഒരു ടാസ്‌കിലും ഞാന്‍ പങ്കെടുക്കില്ല', ആര്യ പറഞ്ഞിരുന്നു.