ബിഗ് ബോസില്‍ വീക്ക്‌ലി ടാസ്‌കുമായി ബന്ധപ്പെട്ട് സുജോയുമായുണ്ടായ തര്‍ക്കത്തിന്റെ ഭാഗമായി കഴിഞ്ഞ വാരം ക്യാപ്റ്റന്‍ കൂടിയായിരുന്ന ഫുക്രു ഒരു ടാസ്‌കില്‍ നിന്ന് വിട്ടുനിന്നിരുന്നു. സുജോയുമായി ഉന്തും തള്ളും ഉണ്ടായതിന് ശേഷം ആകെ വിഷാദവാനായി കാണപ്പെട്ട ഫുക്രു പിന്നാലെ വന്ന സ്‌പോണ്‍സര്‍ ടാസ്‌കില്‍ താന്‍ പങ്കെടുക്കുന്നില്ലെന്ന് മറ്റുള്ളവരെ അറിയിക്കുകയായിരുന്നു. എന്നാല്‍ ടാസ്‌കില്‍ പങ്കെടുക്കാതിരുന്നതിന്റെ കാരണം ഇന്നത്തെ എപ്പിസോഡില്‍ മോഹന്‍ലാല്‍ ഫുക്രുവിനോട് ചോദിച്ചു.

ഇയാളെന്താ ചിലപ്പോള്‍ കളിക്കാതൊക്കെ മാറിക്കിടക്കുന്നതെന്നായിരുന്നു മോഹന്‍ലാലിന്റെ ആദ്യ ചോദ്യം. കുറച്ച് വിഷമമുണ്ടായതുകൊണ്ടാണെന്ന് ഫുക്രുവിന്റെ ആദ്യ മറുപടി. 'കുറച്ച് വിഷമമുണ്ടാകുന്നതും ടാസ്‌കും തമ്മില്‍ എന്താ ബന്ധം? അത് കളിക്കാന്‍ താല്‍പര്യമില്ലെങ്കില്‍ കളിക്കണ്ട എന്നാണോ? മറ്റുള്ളവരുടെ കൂടെ സഹകരിച്ച് ടീമിനെ ജയിപ്പിക്കുകയല്ലേ വേണ്ടത്? വിഷമം നിങ്ങള്‍തന്നെ ഉണ്ടാക്കിയെടുക്കുന്നതാണ്. നിങ്ങളേക്കാള്‍ വിഷമമുള്ള ആളുകള്‍ അവിടെയില്ലേ?', മോഹന്‍ലാല്‍ ചോദിച്ചു.

 

എന്നാല്‍ ടീം ആവുന്നതിന് മുന്‍പേ താന്‍ പങ്കെടുക്കുന്നില്ലെന്ന കാര്യം മറ്റുള്ളവരോട് പറഞ്ഞിരുന്നുവെന്നായിരുന്നു ഫുക്രുവിന്റെ പ്രതികരണം. 'ടീം ആവുന്നതിന് മുന്‍പേ ഞാന്‍ പറഞ്ഞിരുന്നു കളിക്കുന്നില്ലെന്ന്. അതിന് മുന്‍പേ ഒരു പ്രശ്‌നമുണ്ടായി. ബിഗ് ബോസിനോട് സംസാരിച്ചപ്പോള്‍ ലാലേട്ടന്‍ വരുമ്പോള്‍ സംസാരിക്കാമെന്ന് പറഞ്ഞിരുന്നു. എന്നെ പിടിച്ച് തള്ളിയതിനെക്കുറിച്ചാണ് സംസാരിക്കാനുണ്ടായിരുന്നത്', ഫുക്രു പറഞ്ഞു. എന്നാല്‍ പൊടുന്നനെ മോഹന്‍ലാലിന്റെ അടുത്ത ചോദ്യം വന്നു. 'നിങ്ങള്‍ ആരെയും പിടിച്ച് തള്ളിയിട്ടില്ലേ ഇതിന് മുന്‍പ്?'. ഫുക്രു വ്യക്തമായി മറുപടി പറയുന്നില്ലെന്നുകണ്ട മോഹന്‍ലാല്‍ ചോദ്യം ആവര്‍ത്തിച്ചു. തള്ളിയിട്ടുണ്ടെന്ന് ഫുക്രു മറുപടിയും പറഞ്ഞു. 'പിടിച്ച് തള്ളുക എന്നൊക്കെ പറയുന്നത് പാടില്ലാന്ന് അറിയില്ലേ', മോഹന്‍ലാലിന്റെ പ്രതികരണം. പിന്നാലെ ഫുക്രുവുമായി ഉന്തും തള്ളും ഉണ്ടാക്കിയ സുജോയോടും മോഹന്‍ലാല്‍ വിശദീകരണം ചോദിച്ചു. ഫുക്രുവാണ് അതിന് തുടക്കമിട്ടതെന്നായിരുന്നു സുജോയുടെ പ്രതികരണം. 'ചെറിയ ചെറിയ കാര്യങ്ങളാണ് ഇതൊക്കെ. ഇതൊക്കെക്കൊണ്ട് ടാസ്‌കിന്റെ മുഴുവന്‍ രസവും പോയി. നിങ്ങളുടെ പോയിന്റ്‌സും പോയി', മോഹന്‍ലാല്‍ പറഞ്ഞുനിര്‍ത്തി. സംഭവബഹുലമായ കഴിഞ്ഞ വാരത്തിലെ കാര്യങ്ങള്‍ ഓരോന്നായി എടുത്തിട്ട് മത്സരാര്‍ഥികള്‍ ഓരോരുത്തരോടും സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍.