ബിഗ് ബോസ് ഹൗസില്‍ ചില നിയമങ്ങളുണ്ടെന്നും അവ പാലിക്കാന്‍ മത്സരാര്‍ഥികള്‍ ബാധ്യസ്ഥരാണെന്നും മോഹന്‍ലാല്‍. ശനിയാഴ്ച എപ്പിസോഡില്‍ എത്തിയപ്പോഴാണ് മോഹന്‍ലാല്‍ മത്സരാര്‍ഥികളോട് ഇക്കാര്യം പറഞ്ഞത്. സീസണിലെ ആദ്യ വാരാന്ത്യ എപ്പിസോഡ് ആയിരുന്ന ഇന്നലെ ധര്‍മജന്‍ ഉള്‍പ്പെടെ പതിനെട്ട് പേരോടും മോഹന്‍ലാല്‍ സുഖവിവരം അന്വേഷിച്ചിരുന്നു. ഏറ്റവുമൊടുവിലാണ് പരീക്കുട്ടി പെരുമ്പാവൂരിനോട് ലാല്‍ സംസാരിച്ചത്.

ബിഗ് ബോസ് ഹൗസിലെ ഏതെങ്കിലും നിയമങ്ങള്‍ പാലിക്കാതെ പോയിട്ടുണ്ടോ എന്നായിരുന്നു മോഹന്‍ലാലിന്റെ ചോദ്യം. അത്തരത്തില്‍ സംഭവിച്ചിട്ടുണ്ടെന്നായിരുന്നു പരീക്കുട്ടിയുടെ മറുപടി. വീട്ടിനുള്ളില്‍ പുക വലിക്കാന്‍ പാടില്ലെന്ന നിയമമാണ് പരീക്കുട്ടി പാലിക്കാതിരുന്നതെന്ന് മോഹന്‍ലാല്‍ വ്യക്തിമാക്കി. പരീക്കുട്ടിയോട് വ്യക്തിപരമായി പറയുന്നതല്ലെന്ന മുഖവുരയോടെ മറ്റൊരു കാര്യവും മോഹന്‍ലാല്‍ പറഞ്ഞു. സ്‌മോക്കിംഗ് റൂമില്‍ ചെല്ലുമ്പോഴും സംസാരത്തില്‍ സഭ്യതയുടെ അതിര് വിടരുത് എന്നായിരുന്നു അത്. 

'ഏതെങ്കിലും ഒരാളുടെ പേര് ഇവിടെ എടുത്തുപറയുന്നില്ല. അത് ആരാണെന്ന് നിങ്ങള്‍ തന്നെ സ്വയം മനസിലാക്കിക്കോളൂ. അവിടെനിന്ന് സംസാരിക്കുമ്പോള്‍ ചില നിയന്ത്രണങ്ങള്‍ വേണം. കാരണം ഇത് ലോകം മുഴുവന്‍ കണ്ടുകൊണ്ടിരിക്കുകയാണ്. അവിടെയിരുന്ന് സംസാരിക്കുമ്പോള്‍ സഭ്യമായ കാര്യങ്ങള്‍ വേണം സംസാരിക്കാന്‍. മറ്റുള്ളവര്‍ കേള്‍ക്കുന്നു എന്ന് മനസിലാക്കണം. ആ മാന്യതയില്‍ വേണം സംസാരിക്കാന്‍', മോഹന്‍ലാല്‍ പറഞ്ഞു. 

മോഹന്‍ലാല്‍ പിന്‍വാങ്ങിയപ്പോള്‍ എലീന പടിക്കല്‍ ഇക്കാര്യം പരീക്കുട്ടിയോട് ഗൗരവത്തില്‍ പറയുന്നുണ്ടായിരുന്നു. ഹൗസിനുള്ളിലും പുറത്തും അനേകം മൈക്രോഫോണുകള്‍ വച്ചിട്ടുണ്ടെന്നും എപ്പിസോഡില്‍ വന്നില്ലെങ്കില്‍ പോലും ബിഗ് ബോസ് എല്ലാം കാണുന്നുണ്ടെന്നും അറിയുന്നുണ്ടെന്നും അതിനാല്‍ത്തന്നെ സംസാരിക്കുമ്പോള്‍ ശ്രദ്ധ പുലര്‍ത്തണമെന്നുമായിരുന്നു എലീനയുടെ ഉപദേശം.