ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടില്‍ ഏറ്റവും പുതിയ എലിമിനേഷന്‍ പ്രഖ്യാപിച്ച് മോഹന്‍ലാല്‍. ആറ് പേരാണ് ഇത്തവണത്തെ എലിമിനേഷന്‍ ലിസ്റ്റില്‍ ഉണ്ടായിരുന്നത്. രജിത്, ആര്യ, രഘു, പ്രദീപ്, തെസ്‌നി ഖാന്‍, വീണ എന്നിവര്‍. ഇന്നത്തെ എപ്പിസോഡിന് ഒടുവില്‍ എലിമിനേഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ചവരോട് എണീറ്റുനില്‍ക്കാന്‍ പറഞ്ഞതിന് ശേഷം മോഹന്‍ലാല്‍ തെസ്‌നി ഖാന്റെ പേര് വിളിക്കുകയായിരുന്നു. ഇത്രദിവസം നിന്നതിന്റെ അനുഭവത്തില്‍ ഹൗസില്‍ ഏറ്റവും ഇഷ്ടം തോന്നിയത് ആരോടൊക്കെയാണെന്നായിരുന്നു മോഹന്‍ലാലിന്റെ ആദ്യ ചോദ്യം. എല്ലാവരെയും ഇഷ്ടമാണെന്ന് പറഞ്ഞെങ്കിലും പേരുകള്‍ പറയണമെന്ന് മോഹന്‍ലാല്‍ പറഞ്ഞതനുസരിച്ച് മഞ്ജുവിന്റെയും രജിത്തിന്റെയും പേരുകളാണ് തെസ്‌നി പറഞ്ഞത്.

തെസ്‌നി ഖാന് ഇന്ന് എലിമിനേഷന്‍ ലഭിച്ചാല്‍ അവരെ മിസ് ചെയ്യുന്ന ആരെങ്കിലുമുണ്ടോ എന്ന ചോദ്യത്തിന് രജിത്താണ് കൈപൊക്കിയത്. സത്യസന്ധയായ സ്ത്രീയായി തോന്നിയെന്നും ഹൗസിലുള്ള മറ്റ് താരങ്ങള്‍ക്കറിയാത്ത മാജിക് പോലെയുള്ള ചില സംഗതികള്‍ തെസ്‌നിക്ക് അറിയാമെന്നും രജിത് മറുപടി പറഞ്ഞു. രജിത്തും തെസ്‌നിയെക്കുറിച്ച് നല്ല വാക്കുകള്‍ സംസാരിച്ചു. താന്‍ ചെറുപ്പം മുതല്‍ സ്‌ക്രീനില്‍ കാണുന്ന ആളെ നേരില്‍ കണ്ടപ്പോള്‍ ഏറെ സാധാരണക്കാരിയായി തോന്നിയെന്നായിരുന്നു രഘുവിന്റെ അഭിപ്രായ പ്രകടനം. മറ്റുള്ളവരോടും തെസ്‌നിയെക്കുറിച്ച് ചോദിച്ചതിന് ശേഷം ബാഗൊക്കെ പാക്ക് ചെയ്തുവച്ചിട്ടുണ്ടോ എന്ന് തെസ്‌നിയോട് ചോദിക്കുകയായിരുന്നു മോഹന്‍ലാല്‍. അതെ എന്ന് തെസ്‌നി മറുപടിയും പറഞ്ഞു. ശേഷം ഹൗസിന് പുറത്തേക്ക് തെസ്‌നിക്ക് വരാമെന്നും ഈ വാരം എലിമിനേഷന്‍ ലഭിച്ച വ്യക്തി തെസ്‌നി ഖാനാണെന്നും മോഹന്‍ലാല്‍ പ്രഖ്യാപിക്കുകയായിരുന്നു.

 

28-ാം എപ്പിസോഡില്‍ തെസ്‌നി ഖാന്‍ പുറത്താവുമ്പോള്‍ മറ്റംഗങ്ങള്‍ പ്രഖ്യാപനം അവിശ്വസനീയതയോടെയാണ് കേട്ടത്. തെസ്‌നി വന്ന സമയത്ത് ഉള്‍വലിഞ്ഞ പ്രകൃതമായിരുന്നെങ്കിലും ഓരോ ആഴ്ച മുന്നോട്ടുപോയപ്പോഴും ഗെയിമിലേക്ക് എത്തിയെന്ന് നേരത്തേ പ്രദീപ് മോഹന്‍ലാലിനോട് പറഞ്ഞിരുന്നു. അത് ശരിയാണെന്ന് ബിഗ് ബോസിന്റെ ആദ്യ എപ്പിസോഡുകള്‍ മുതല്‍ കണ്ട പ്രേക്ഷകര്‍ക്കും ബോധ്യമുണ്ടാവും.