ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടില്‍ പുതിയ എലിമിനേഷന്‍. അഞ്ച് പേരാണ് ഒന്‍പതാം വാരത്തിലെ എലിമിനേഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ചിരുന്നത്. അലസാന്‍ഡ്ര, സുജോ മാത്യു, പാഷാണം ഷാജി, വീണ നായര്‍, അമൃത-അഭിരാമി സഹോദരിമാര്‍ (ഇരുവരെയും ഒറ്റ മത്സരാര്‍ഥിയായാണ് ബിഗ് ബോസ് പരിഗണിക്കുന്നത്) എന്നിവര്‍. ടാസ്‌ക് പോലെ കൗതുകമുണര്‍ത്തുന്ന ഒരു രീതിയിലൂടെയായിരുന്നു മോഹന്‍ലാലിന്റെ എവിക്ഷന്‍ പ്രഖ്യാപനം.

എലിമിനേഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ചവരെ മോഹന്‍ലാല്‍ നിരത്തിവച്ചിരിക്കുന്ന സ്റ്റാന്‍ഡുകള്‍ക്ക് പിന്നിലേക്ക് ക്ഷണിക്കുകയായിരുന്നു. ലോട്ടറി ടിക്കറ്റുകളുടെ വലിയ മാതൃകകള്‍ ഓരോരുത്തര്‍ക്കും മുന്നില്‍ വച്ചിരുന്നു. എന്നിട്ട് ലോട്ടറി ടിക്കറ്റുകളിലേതിനോട് സാമ്യം തോന്നുന്ന നമ്പരുകള്‍ അദ്ദേഹം ഉറക്കെ വായിക്കുകയായിരുന്നു. മോഹന്‍ലാല്‍ വായിക്കുന്ന നമ്പര്‍ ആരുടെപക്കലാണെന്ന് നോക്കി അത് കൈവശമുള്ളയാള്‍ സ്‌ക്രാച്ച് ചെയ്യാനുള്ള ഇടത്ത് അങ്ങനെ ചെയ്യണമായിരുന്നു.

 

ഇതുപ്രകാരം മോഹന്‍ലാല്‍ ആദ്യം പറഞ്ഞ നമ്പര്‍ അലസാന്‍ഡ്രയുടെ കൈയിലാണ് ഉണ്ടായിരുന്നത്. കാര്‍ഡില്‍ സ്‌ക്രാച്ച് ചെയ്ത സാന്‍ഡ്ര 'സേഫ്' എന്ന് എഴുതിയിരിക്കുന്നതാണ് കണ്ടത്. പിന്നാലെയുള്ള നമ്പര്‍ സുജോയുടെ പക്കലും അതിനുശേഷമുള്ള നമ്പര്‍ അമൃത-അഭിരാമി സഹോദരിമാരുടെ പക്കലുമായിരുന്നു. ഇരുവരും സ്‌ക്രാച്ച് ചെയ്തപ്പോള്‍ 'സേഫ്' എന്ന സന്ദേശം തന്നെയാണ് ലഭിച്ചത്. ഒരു ഇടവേളകൂടി എടുത്ത ശേഷം ഷാജിയോ വീണയോ ആരാണ് പുറത്താവുന്നത് എന്ന കാര്യം അവതരിപ്പിക്കുകയായിരുന്നു ലാല്‍.

പിന്നാലെ രണ്ട് നമ്പരുകള്‍ അദ്ദേഹം ഒരുമിച്ച് പറഞ്ഞു. എന്നാല്‍ ഷാജിയാണ് തന്റെ പക്കലുള്ള ടിക്കറ്റില്‍, മോഹന്‍ലാല്‍ പറഞ്ഞതില്‍ ഒരു നമ്പര്‍ ആദ്യം കണ്ടുപിടിച്ചത്. സ്‌ക്രാച്ച് ചെയ്ത ഷാജി ഒന്നും പറയാതെ വീണയുടെ പ്രവൃത്തി നോക്കിനില്‍ക്കുന്നുണ്ടായിരുന്നു. ഷാജിയ്ക്ക് 'സേഫ്' എന്ന മെസേജ് ആണ് ലഭിച്ചത്. അവസാനമായി സ്‌ക്രാച്ച് ചെയ്ത വീണയ്ക്ക് 'എവിക്റ്റഡ്' എന്ന മെസേജും ലഭിച്ചു. ഇതോടെ വീണ നായര്‍ ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടില്‍നിന്ന് എവിക്ഷന്‍ വഴി പുറത്തായി. കണ്ണിനസുഖം മൂലം തുടക്കത്തിലെത്തിയ മത്സരാര്‍ഥികളില്‍ പലരും ആഴ്ചകള്‍ ഹൗസില്‍നിന്ന് മാറിനില്‍ക്കേണ്ട സാഹചര്യം ഉണ്ടായപ്പോള്‍ വീണ ഇതുവരെയുള്ള എല്ലാ ദിവസവും ഹൗസില്‍നിന്ന മത്സരാര്‍ഥിയാണ്. ശക്തയായ മത്സരാര്‍ഥിയുമായിരുന്നു അവര്‍.