ബിഗ് ബോസ് മലയാളം സീസണ്‍ രണ്ട് ആവേശത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് എത്തിച്ച എപ്പിസോഡ് ആയിരുന്നു കഴിഞ്ഞ ഞായറാഴ്ചയിലെ എലിമിനേഷന്‍ എപ്പിസോഡ്. ഒരാള്‍ പുറത്താവുമെന്ന് പ്രതീക്ഷിച്ചിരുന്ന എപ്പിസോഡില്‍ പുറത്തായത് രണ്ടുപേര്‍! പരീക്കുട്ടിയും സുരേഷും. വൈല്‍ഡ് കാര്‍ഡ് എന്‍ട്രി വഴി അതേ ദിവസം രണ്ടുപേര്‍ അകത്തെത്തുകയും ചെയ്തു. ജസ്ല മാടശ്ശേരിയും ദയ അശ്വതിയും. പുറത്തായവരില്‍ പരീക്കുട്ടിയുടെ എലിമിനേഷനാണ് മത്സരാര്‍ഥികളില്‍ ഞെട്ടല്‍ ഉളവാക്കിയത്. എലിമിനേഷന്‍ എപ്പിസോഡിന് രണ്ട് ദിവസം മുന്‍പ് കണ്ണിന് ബാധിച്ച ഇന്‍ഫെക്ഷനെത്തുടര്‍ന്ന് പരീക്കുട്ടിയെ ഹൗസില്‍നിന്ന് മാറ്റിനിര്‍ത്തിയിരിക്കുകയായിരുന്നു ബിഗ് ബോസ്. എന്നാല്‍ എലിമിനേഷന്‍ അസുഖം മൂലം മാത്രമല്ലെന്നും മറിച്ച് പ്രേക്ഷകരുടെ വോട്ടിംഗ് അടിസ്ഥാനമാക്കിയാണെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു. പുറത്തെത്തിയതിന് ശേഷം ഇന്നലത്തെ എപ്പിസോഡിലെ സംഭവവികാസങ്ങളെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് പരീക്കുട്ടി പെരുമ്പാവൂര്‍.

ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പരീക്കുട്ടിയുടെ പ്രതികരണം. രജിത്തും സുജോയും തമ്മില്‍ ഇന്നലെയുണ്ടായ സംഘര്‍ഷമാണ് പരീക്കുട്ടിയുടെ പ്രതികരണത്തിന് അടിസ്ഥാനം. സുജോയെ 'പെണ്ണാളന്‍' എന്ന് സംബോധന ചെയ്ത രജിത്തിനുനേരെ കൈയ്യോങ്ങിക്കൊണ്ട് സുജോ പ്രതികരിച്ചിരുന്നു. 'താന്‍ ഇറങ്ങാന്‍വേണ്ടി ഞാന്‍ കാത്തിരിക്കും. തനിക്കിട്ട് ഒരെണ്ണം തരേണ്ടിവന്നാല്‍ തന്നെ തീര്‍ത്തിട്ടേ ഞാനിവിടെനിന്ന് പോകൂ' എന്നായിരുന്നു സുജോയുടെ ഡയലോഗ്. ഹൗസില്‍ അവസാനനാളുകളില്‍ രജിത്തിനോട് ചായ്വ് കാണിച്ചിരുന്ന പരീക്കുട്ടി ഈ വിഷയത്തില്‍ രജിത്തിന്റെ പക്ഷം പിടിച്ചാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്. ബിഗ് ബോസിലേക്ക് താന്‍ പ്രതീക്ഷിക്കുന്ന ഒരു റീ-എന്‍ട്രിയെക്കുറിച്ചും പരീക്കുട്ടി ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. 'സുജോ മാത്യു, ഞാന്‍ എന്റെ റീ-എന്‍ട്രിക്കുവേണ്ടി കാത്തിരിക്കുകയാണ്. അണ്ണന്റെ നേരെ നീ കൈ പൊക്കി, അല്ലേടാ മോനൂസേ' എന്നാണ് സ്വതസിദ്ധമായ ഭാഷയില്‍ പരീക്കുട്ടിയുടെ പ്രതികരണം.

 

പരീക്കുട്ടിയുടെ എലിമിനേഷന്‍ എപ്പിസോഡില്‍ രജിത്തും പരീക്കുട്ടിയുമായി തനിക്കുള്ള മാനസികമായ അടുപ്പത്തെക്കുറിച്ച് മോഹന്‍ലാലിനോട് പറഞ്ഞിരുന്നു. പരീക്കുട്ടി പോവുക എന്നുപറഞ്ഞാല്‍ തന്നെ സംബന്ധിച്ച് ഒരു നികത്താനാവാത്ത നഷ്ടമാണെന്നായിരുന്നു രജിത് കുമാറിന്റെ പ്രതികരണം. ബിഗ് ബോസ് സീസണ്‍ രണ്ടിന്റെ ആദ്യ ദിനങ്ങളില്‍ ഹൗസില്‍ രജിത്തിന്റെ പ്രധാന വിമര്‍ശകരില്‍ ഒരാളായിരുന്നു പരീക്കുട്ടിയെങ്കില്‍ പിന്നീട് അതില്‍ വ്യത്യാസം വന്നു. പല ഘട്ടങ്ങളിലും രജിത്തിനോട് ഐക്യപ്പെടുന്ന പരീക്കുട്ടിയെ പിന്നീട് പ്രേക്ഷകര്‍ കണ്ടു. എന്നാല്‍ രജിത്തിനുള്ള ആരാധക പിന്തുണ കണ്ടിട്ടുള്ള അടവാണ് ഈ ഐക്യപ്പെടലെന്ന് അഭിപ്രായമുള്ളവരായിരുന്നു ബിഗ് ബോസ് ഹൗസില്‍ കൂടുതല്‍.