ഇന്നലെ ബിഗ് ബോസിൽ ഒരു ടാസ്ക്കിനിടയ്ക്ക്  അമൃതയും അഭിരാമിയും അവതരിപ്പിച്ച ഒറ്റവെട്ട് തങ്കമ്മ, ഒറ്റവെട്ട് ഓമന എന്നീ കഥാപാത്രങ്ങളെ സെറ്റപ്പ് എന്ന് വിളിക്കുകയുണ്ടായി. വീടിനകത്തും പുറത്തും ഇതിന്റെ പ്രതിഷേധം പുകഞ്ഞു കത്തുകയാണ്. പാഷാണം ഷാജി പറഞ്ഞിതിങ്ങനെയാണ് " ഇവിടിരിക്കുന്ന ഒറ്റവെട്ട് തങ്കമ്മ, ഒറ്റവെട്ട് ഓമന( അഭിരാമിയും അമൃതയും  അഭിനയിക്കുന്ന കഥാപാത്രങ്ങളുടെ പേര് ) ഇത് രണ്ടും ഞാൻ കേരളത്തിൽ വരുമ്പോൾ എന്റെ സെറ്റപ്പാ. ഞാൻ വല്യ വല്യ ഹോട്ടലിലൊന്നും റൂം എടുക്കാറില്ല. ചെന്ന് കഴിഞ്ഞ ഒരു ദിവസം ഒറ്റവെട്ട് ഓമനയുടെ കൂടെ, അടുത്ത ദിവസം തങ്കമ്മയുടെ കൂടെ. അങ്ങോട്ടും ഇങ്ങോട്ടും ചേഞ്ച് ചെയ്തു കിടക്കും'. എന്നെ ഒരു രാത്രി അവിടെയൊന്നു കിട്ടാൻ വേണ്ടി ഇവർ തമ്മിൽ ഇടിയും വിളിയും " എന്നാണ്.

ഇത് കേട്ട് ഏറ്റവും ഉറക്കെ ആർത്തുചിരിച്ചത് സ്ത്രീപക്ഷ വാദികളായ ജസ്‍ലയും അലസാന്‍ഡ്രയും രഘുവുമാണ്. അവർ മാത്രമല്ല, എല്ലാവരും ആർത്തുചിരിച്ചു. അമൃതയുടെയും അഭിരാമിയുടെയും മുഖം വാടി. എങ്കിലും അവർ അപ്പോൾ പ്രതികരിച്ചില്ല. തമാശയാണെന്ന രീതിയിൽ പച്ചക്ക് സ്ത്രീ വിരുദ്ധത പറയുന്നതും ഹോമോഫോബിയ പറയുന്നതും ബോഡി ഷെയ്മിങ് നടത്തുന്നതും സ്ലട് ഷെയ്മിങ് നടത്തുന്നതും മലയാളിക്ക് ഒരു ചായ കുടിക്കുന്നതുപോലെയണ്. അത് കേട്ട് ആർത്തു ചിരിക്കുന്നതും ശീലമായി. ഇതൊന്നും തമാശയല്ലെന്നും കടുത്ത മനുഷ്യാവകാശ പ്രശ്നങ്ങൾ ആണെന്നും പരാതിപ്പെട്ടാൽ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും ആരാണ് പാഷാണം ഷാജിയെ പോലുള്ള സ്റ്റേജ് കലാകാരന്മാരോട് പറഞ്ഞുകൊടുക്കുക?

നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ, മിക്ക സ്റ്റേജ് ഷോകളിലും ഇങ്ങനെയൊക്കെയാണ് തമാശ ഉണ്ടാക്കുന്നത്. സ്ത്രീകളെ അപമാനിച്ചു കൊണ്ട്, കറുത്തവരെ പരിഹസിച്ചു കൊണ്ട്, ട്രാൻസ്‌ജെന്‍ഡറിനെ കളിയാക്കിക്കൊണ്ട്... ഇവിടെ നടന്നത് എന്താണെന്നു നോക്കു. ബിഗ് ബോസ് നൽകിയ ടാസ്ക്കിൽ മറ്റുള്ളവരെക്കാളൊക്കെ നന്നായി അഭിരാമിയും അമൃതയും പെർഫോം ചെയ്തു. 

അവർ സ്ത്രീകളായതുകൊണ്ട് അവരെ അടിച്ചിരുത്താനുള്ള എളുപ്പവഴിയായി പാഷാണം ഷാജി സ്ത്രീവിരുദ്ധത പറയുകയാണ്. ഇതാണ് സമൂഹത്തിലെ ആൺസിംഹങ്ങളുടെ രീതി. അതിനു ആർത്തുചിരിക്കാനും കയ്യടിക്കാനും പെണ്ണുങ്ങൾ തന്നെയാണ് ആദ്യം മുന്നോട്ട് വരുന്നത്. ഇന്നലെ ഈ സംഭവം കഴിഞ്ഞ ശേഷം അഭിരാമിയും അമൃതയും രജിത്തിനോട് പരാതി പറയുന്നു, രജിത്ത് അത് സുജോയുമായി ചർച്ച ചെയ്യുന്നു. എന്നിട്ടും സ്ത്രീകളുടെ ഭാഗത്തു നിന്നും ആരും ഇതൊരു തമാശ അല്ലെന്നോ അപമാനമാണെന്നോ ഇത് വരെ തിരിച്ചറിഞ്ഞിട്ടുപോലുമില്ല.

ലൈംഗിക ചുവയുള്ള അശ്ലീല തമാശകൾ പറയുന്നത് തെറ്റാണെന്നു പറയാൻ പോലും ഒരു സ്ത്രീ ആ കൂട്ടത്തിൽ ഉണ്ടായിരുന്നില്ല എന്നതാണ് അത്ഭുതം. ഇത്തവണത്തെ ബിഗ് ബോസ് മത്സരാർത്ഥികളുടെ ഒരു പ്രത്യേകതയാണിത്. ഇത്തരം കാര്യങ്ങളൊന്നും ആർക്കും പ്രശ്നമില്ല. കഴിഞ്ഞ ബിഗ് ബോസിൽ നമുക്ക് ഓര്മയുണ്ട് ഓരോരുത്തരും ഓരോ കാര്യത്തിലും ഉയർത്തിയ വിയോജിപ്പുകൾ, അതിന്റെ പേരിലുണ്ടായ വഴക്കുകൾ. അതിലൊരു മത്സരാർത്ഥി ഇവിടെ ഉണ്ടായിരുന്നെങ്കിൽ ഈ പരാമർശം ശരിയല്ലെന്ന് അവർ ചൂണ്ടിക്കാണിച്ചേനെ.

നമ്മുടെ ചുറ്റും തമാശയെന്ന് പറഞ്ഞു ആഘോഷിക്കപ്പെടുന്ന കാര്യങ്ങളിലേക്ക് ഒന്ന് കണ്ണോടിച്ചു നോക്കു. ഭൂരിഭാഗവും സ്ത്രീവിരുദ്ധ, വംശീയ ദ്വയാർത്ഥ പ്രയോഗങ്ങളാണ്. ഇതാണ് ജനപ്രിയ തമാശകൾ എന്ന് ആരൊക്കെയോ തെറ്റിദ്ധരിച്ചിട്ടുണ്ട്. കോമഡി സ്കിറ്റുകളിൽ നിറയുന്നതും ഇത്തരം ലൈംഗിക ദ്വയാർത്ഥ പ്രയോഗങ്ങളാണ്. കോമഡി സ്കിറ്റുകളുടെ തമ്പുരാനായ പാഷാണം ഷാജിയിൽ നിന്നും ഇതിൽ കൂടുതൽ മാന്യത പ്രതീക്ഷിക്കുന്നവരാണ് സത്യത്തിൽ വിഡ്ഢികൾ.

ദ്വയാര്‍ത്ഥ പ്രയോഗങ്ങളിലൂടെയും അശ്ലീലങ്ങളിലൂടെയും  പുരുഷമേധാവിത്വ സമൂഹത്തെ സന്തോഷിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്യുന്ന സമൂഹമായി നമ്മൾ മാറാതിരിക്കണമെങ്കിൽ ഇത്തരം സന്ദര്‍ഭങ്ങളിലൊക്കെ പ്രതികരിക്കാൻ സ്ത്രീകൾ പഠിക്കേണ്ടതുണ്ട്. അഭിരാമിയും അമൃതയും ആ വീട്ടിൽ എത്തിയിട്ട് ഒരു ദിവസമേ ആയിട്ടുള്ളു. അവർക്ക് പ്രതികരിക്കാൻ കഴിഞ്ഞിട്ടുണ്ടാവില്ല. ബാക്കിയുള്ളവരോ?
ജസ്‍ലയെയും രഘുവിനെയുമൊക്കെ ചിലരെങ്കിലും വാഴ്ത്തുന്നത് നിലപാടിന്റെ രാജകുമാരനും രാജകുമാരിയുമെന്നാണ്. രജിത് കുമാറിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശള്‍ക്കും ദ്വയാർത്ഥ പ്രയോഗങ്ങൾക്കുമെതിരെ ഉറഞ്ഞുതുള്ളുന്ന ജസ്‍ലയാണ് ഇന്നലെ പാഷാണം ഷാജിയുടെ അശ്ലീല, ലൈംഗിക ദ്വയാർത്ഥ പ്രയോഗത്തിന് ഏറ്റവും ഉറക്കെ പൊട്ടിച്ചിരിച്ചത്. രഘുവാകട്ടെ എന്തൊക്കെയോ ശബ്ദങ്ങളിലൂടെ ഷാജിയെ പ്രോത്സാഹിപ്പിക്കുന്നുണ്ടായിരുന്നു. നിലപാടും പൊളിറ്റിക്കൽ കറക്ട്നെസും അവനവന്റെ ആവശ്യത്തിനുള്ള സ്വകാര്യ ടൂളുകളല്ല. മറിച്ച് സമൂഹ നന്മക്കായി അവസരത്തിനൊത്തും കൃത്യമായ സന്ദർഭങ്ങളിലും ഉപയോഗിക്കേണ്ട അത്യാവശ്യ ആയുധങ്ങളാണ്.

ബിഗ് ബോസ് പല ടാസ്ക്കുകളും മത്സരാർത്ഥികൾക്ക് നൽകി എന്ന് വരും, ഷോ മൂന്നു മാസമേ ഉള്ളൂ, അത് കഴിഞ്ഞു ഇവരൊക്കെ പുറത്തിറങ്ങി വന്നു പൊതു സമൂഹത്തിൽ ജീവിക്കേണ്ടവരാണ്. ഇവിടെ ബിഗ് ബോസിന്റെ നിയമമല്ല. ഐപിസിയും ഇന്ത്യൻ ഭരണഘടനയുമാണ്  ഇവിടത്തെ നിയമം. ഇക്കണക്കിനു ബിഗ് ബോസ്  ഒരാളെ കുത്തിക്കൊല്ലാൻ പറഞ്ഞാൽ ഇവർ കുത്തി കൊന്നിട്ട് കോടതിയിൽ പോയി ബിഗ് ബോസ് പറഞ്ഞതുകൊണ്ട് ചെയ്തു എന്ന് പറഞ്ഞാൽ കോടതി വെറുതെ വിടുമോ?

ഇത്തരം ടാസ്ക്കുകളൊക്കെ നൽകുന്നത് തന്നെ ആരൊക്കെ എത്രത്തോളം തറകളാവും എത്രത്തോളം താഴേക്ക് പോകും, എന്താണിവരുടെ യഥാർത്ഥ വ്യക്തിത്വം എന്നറിയാൻ വേണ്ടി തന്നെയാണ്. ബിഗ് ബോസ് തറയിലിരിക്കാൻ പറയുമ്പോൾ പാഷാണം ഷാജിയെ പോലുള്ളവർ പാതാളത്തിലേക്ക് താഴുന്നതിന്റെ അശ്ലീല ചിത്രമാണ് ഇന്നലെ അഭിരാമിയെയും അമൃതയെയും സെറ്റപ്പ് എന്ന് വിളിച്ചപ്പോൾ നമ്മൾ കണ്ടത്. 50 ദിവസം കഴിയുമ്പോൾ ഓരോരുത്തരുടെയും ചെമ്പ് തെളിഞ്ഞു തുടങ്ങി. ഓരോരുത്തരുടെയും തനിനിറം പുറത്തു വന്നുതുടങ്ങി. അവനവൻ യഥാർത്ഥത്തിൽ ആരാണെന്നും  എന്താണെന്നും അവനവനു സമൂഹത്തിനും തിരിച്ചറിയാനും കൂടിയുള്ളതാണ് ബിഗ് ബോസ് ഷോ.