ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടില്‍ മത്സരാര്‍ഥികള്‍ക്കിടയില്‍ സംഭവിക്കുന്ന അഭിപ്രായവ്യത്യാസങ്ങളും തര്‍ക്കങ്ങളും പുതുമയല്ല. ദിവസങ്ങള്‍ പുരോഗമിക്കുന്തോറും അത്തരത്തിലുള്ള സംഘര്‍ഷങ്ങളുടെ എണ്ണം കൂടിയിട്ടുമുണ്ട്. ഒരു തര്‍ക്കത്തോടെയായിരുന്നു ഇന്നത്തെ എപ്പിസോഡിന്റെ ആരംഭം. നിലവില്‍ അടുക്കളയില്‍ പാത്രങ്ങള്‍ കഴുകുന്നതിന്റെ ചുമതലയിലുള്ള രജിത് കുമാര്‍ അത് വൃത്തിയായി ചെയ്യുന്നില്ലെന്ന കാര്യം പാചകത്തിന്റെ ഡ്യൂട്ടിയിലുള്ള ആര്യ, പാഷാണം ഷാജി തുടങ്ങിയവര്‍ ഉന്നയിക്കുകയായിരുന്നു. എന്നാല്‍ താന്‍ ചെയ്യുന്ന പ്രവര്‍ത്തിയില്‍ ചിലര്‍ ബോധപൂര്‍വ്വം കുറ്റംകണ്ടുപിടിക്കുകയാണെന്നായിരുന്നു രജിത് കുമാറിന്റെ പ്രതികരണം. തുടര്‍ന്ന് ബിഗ് ബോസ് ഹൗസില്‍ ഈ വിഷയത്തില്‍ ചൂടേറിയ വാദപ്രതിവാദങ്ങളും നടന്നു.

പാത്രം കഴുകാന്‍ രജിത് ആവശ്യത്തിന് വെള്ളം ഉപയോഗിക്കുന്നില്ല എന്നുള്ളതായിരുന്നു മറ്റംഗങ്ങളുടെ പ്രധാന പരാതി. എന്നാല്‍ വെള്ളം പാഴാക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നായിരുന്നു രജിത്തിന്റെ മറുപടി. അതിനോട് തങ്ങള്‍ക്കും യോജിപ്പാണെന്നും എന്നാല്‍ ആവശ്യത്തിന് ഉപയോഗിക്കേണ്ടേ എന്ന് വീണ നായരും ആര്യയും ചോദിച്ചു. കഴുകിയതിന് ശേഷം അഴുക്ക് ശേഷിക്കുന്നുവെങ്കില്‍ ചൂണ്ടിക്കാണിക്കണമെന്നും ഇതുവരെ ആരും അത് ചെയ്തിട്ടില്ലെന്നും രജിത് പറഞ്ഞു. എന്നാല്‍ ചട്ടി കഴുകിവച്ചത് വൃത്തിയായിരുന്നില്ലെന്ന് ഇന്നലെത്തന്നെ താന്‍ പറഞ്ഞിരുന്നില്ലേയെന്ന് പാഷാണം ഷാജി ചൂണ്ടിക്കാട്ടി. 

 

പാത്രം കഴുകുന്നതിന്റെ ചുമതലയുള്ള തന്നെ എന്തുകൊണ്ട് വിളിച്ചില്ല എന്ന ചോദ്യവുമായി തെസ്‌നി ഖാനും രജിത്തിനെ സമീപിച്ചു. തെസ്‌നിയെ ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതിയാണ് വിളിക്കാതിരുന്നതെന്നായിരുന്നു രജിത്തിന്റെ മറുപടി. എന്നാല്‍ ആ മറുപടി മറ്റുള്ളവരെ വീണ്ടും പ്രകോപിപ്പിച്ചു. 'ഇതൊരു ഗെയിമാണ്, ടീമായി ചുമതലകള്‍ വിഭജിച്ചിരിക്കുന്നത് എല്ലാവര്‍ക്കും ഒരുപോലെ പങ്കെടുക്കാനാണ്. ചേട്ടന്‍ മാത്രമല്ലല്ലോ ഈ വീട്ടില്‍ താമസിക്കുന്നത്? ബാക്കിയുള്ളവര്‍ മണ്ടന്മാരാണോ?', ആര്യ രോഷാകുലയായി ചോദിച്ചു. രജിത് എന്തുകൊണ്ടാണ് ഒച്ചയെടുക്കുന്നതെന്ന് തങ്ങള്‍ക്ക് മനസിലാവുമെന്നും തങ്ങളും ചോറാണ് തിന്നുന്നതെന്നും പാഷാണം ഷാജിയും പ്രതികരിച്ചു. ബിഗ് ബോസ് വാരാന്ത്യ എപ്പിസോഡ് അടുത്തിരിക്കെ ഷോയില്‍ സപ്പോര്‍ട്ട് കൂടുതല്‍ ലഭിക്കാനുള്ള രജിത്തിന്റെ തന്ത്രമാണ് ഇതെന്നാണ് ഷാജി ഉദ്ദേശിച്ചത്.