ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിലെ ശ്രദ്ധേയ എപ്പിസോഡുകളില്‍ ഒന്നായിരുന്നു ഇന്നലത്തേത്. ബിഗ് ബോസില്‍ എത്തുന്നതിന് മുന്‍പ് പ്രദീപ് ചന്ദ്രനോട് തനിക്കുണ്ടായിരുന്ന പരിചയം എന്തായിരുന്നുവെന്ന് കഴിഞ്ഞ വാരം വൈല്‍ഡ് കാര്‍ഡ് വഴി എത്തിയ ദയ അശ്വതി ബിഗ് ബോസിനോട് വിശദീകരിച്ച എപ്പിസോഡ് ആയിരുന്നു ഇന്നലത്തേത്. നോമിനേഷന്‍ ദിവസമായിരുന്ന ഇന്നലെ ദയ നോമിനേറ്റ് ചെയ്ത ഒരാള്‍ പ്രദീപ് ആയിരുന്നു. കണ്‍ഫെഷന്‍ റൂമില്‍ പ്രദീപിനെ നോമിനേറ്റ് ചെയ്യാനുള്ള കാരണമായാണ് ദയ പ്രദീപുമായി ഏറെക്കാലം മുന്‍പുണ്ടായിരുന്ന പരിചയത്തെക്കുറിച്ചും ഹൗസിലെത്തിയപ്പോള്‍ പരിചയഭാവം കാണാക്കാത്തതിനെക്കുറിച്ചും പറഞ്ഞത്. കൗതുകകരമായ കാര്യം ദയയെ പ്രദീപും ഇന്നലെ നോമിനേറ്റ് ചെയ്തു എന്നതാണ്.

ALSO READ: 'പ്രദീപ് ചന്ദ്രനെ 25 വയസ് മുതല്‍ അറിയാം'; ബിഗ് ബോസില്‍ വന്‍ വെളിപ്പെടുത്തലുമായി ദയ അശ്വതി

പ്രദീപിനെ നോമിനേറ്റ് ചെയ്തപ്പോള്‍ ദയ വിശദമായി സംസാരിച്ചുവെങ്കിലും ഏതാനും ചെറു വാചകങ്ങളിലൂടെയാണ് പ്രദീപ് ദയയെ നോമിനേറ്റ് ചെയ്യാനുള്ള കാരണം വിശദീകരിച്ചത്. അത് ഇങ്ങനെ ആയിരുന്നു- 'അവര്‍ക്കിപ്പൊ ഇവിടെ വന്നതിന് ശേഷം ഇവിടുത്തെ രീതികളും കാര്യങ്ങളുമൊന്നും പ്രത്യേകിച്ച് ഓകെയായിട്ട് തോന്നുന്നില്ല. പിന്നെ മാനസികമായിട്ടും എനിക്ക് പല കാര്യങ്ങളും.. എനിക്കത് ഓകെ ആയിട്ട് തോന്നാത്തത് കാരണവും അവരെ ഞാന്‍ നോമിനേറ്റ് ചെയ്യുന്നു'.

 

എലിമിനേഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ച മത്സരാര്‍ഥികള്‍ക്ക് കിട്ടിയ വോട്ടുകള്‍ എത്രയെന്ന് ബിഗ് ബോസ് ആദ്യമായി പരസ്യമാക്കിയ എപ്പിസോഡ് കൂടിയായിരുന്നു ഇന്നലത്തേത്. ഇതനുസരിച്ച് ദയയ്ക്കാണ് ഏറ്റവുമധികം വോട്ടുകള്‍ ലഭിച്ചത്. എട്ട് വോട്ടുകള്‍. ആറ് വോട്ടുകളുമായി പ്രദീപും നാല് വോട്ടുകളുമായി രേഷ്മയും മൂന്ന് വോട്ടുകളുമായി വീണയും രണ്ട് വോട്ടുകളുമായി ജസ്ലയും എലിമിനേഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ചു. 

എന്നാല്‍ എലിമിനേഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ചതിന് ശേഷം അസ്വസ്ഥനായ പ്രദീപ് ചന്ദ്രനെയാണ് ഇന്നലത്തെ എപ്പിസോഡില്‍ കണ്ടത്. ദയ കണ്‍ഫെഷന്‍ റൂമില്‍ തന്നെക്കുറിച്ച് എന്താവും പറഞ്ഞിരിക്കുകയെന്ന ആശങ്ക അദ്ദേഹം സുഹൃത്തുക്കളായ സാജു നവോദയയോടും ഫുക്രുവിനോടും പങ്കുവച്ചു. ദയ പറഞ്ഞാല്‍ ജനം വിശ്വസിക്കില്ലെന്ന് സ്വയം ആശ്വസിക്കുന്ന പ്രദീപിനെയും ഇന്നലെ കണ്ടു. 'ഒരാള്‍ മറ്റൊരാളില്‍ ആരോപിക്കുമ്പോ പറയുന്ന ആള്‍ ആരാണെന്നുകൂടെ അവര് നോക്കും, ജനങ്ങള്‍. എങ്ങനത്തെ ഒരാളാണ് മറ്റൊരാളെക്കുറിച്ച് പറയുന്നത് എന്ന്', സാജുവിനോട് പ്രദീപ് പറഞ്ഞു. ആര്യയെപ്പോലെ ഒരാളാണ് ആരോപണം ഉന്നയിക്കുന്നതെങ്കില്‍ ജനം വിശ്വസിക്കുമെന്നായിരുന്നു സാജു നവോദയയുടെ അഭിപ്രായം. അത് ശരിവെക്കുകയായിരുന്നു പ്രദീപും.

 

കണ്‍ഫെഷന്‍ റൂമില്‍ പോയി ദയ എന്താണ് പറഞ്ഞതെന്ന് അറിഞ്ഞുവരാന്‍ ഫുക്രുവിനെ പറഞ്ഞയയ്ക്കുകയും ചെയ്തു പ്രദീപ്. 'കണ്‍ഫെഷന്‍ റൂമില്‍ പോയി ഇത്ര പബ്ലിക്ക് ആയി, എന്ത് പറഞ്ഞു എന്ന് ചോദിക്കണം. ഏത് രീതിയിലാണ് നമ്മളെ പ്രസന്റ് ചെയ്തിരിക്കുന്നതെന്ന് അറിയണം', ഫുക്രുവിനോട് പ്രദീപ് പറഞ്ഞു. ബിഗ് ബോസില്‍ വരാന്‍ പോലും യോഗ്യതയില്ലാത്ത ആണാണെന്ന് പറഞ്ഞുവെന്നായിരുന്നു ഫുക്രുവിനോടുള്ള ദയയുടെ മറുപടി. ഒരാളുടെ ജീവിതം വച്ചാണ് കളിച്ചതെന്നും അത് ശരിയായില്ലെന്നും ഫുക്രു പറഞ്ഞപ്പോള്‍ പറഞ്ഞതില്‍ കുറ്റബോധമില്ലെന്നും ഉറച്ചുനില്‍ക്കുന്നുവെന്നുമുള്ള നിലപാടിലായിരുന്നു ദയ അശ്വതി.