ബിഗ് ബോസില്‍ മത്സരാര്‍ഥികള്‍ ഏറ്റവും ആവേശത്തോടെ മത്സരിക്കുന്നവയാണ് വീക്ക്‌ലി ടാസ്‌കുകള്‍. വീക്ക്‌ലി ടാസ്‌കുകളില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന മൂന്നുപേരെയാണ് അടുത്ത വാരത്തിലേക്കുള്ള ക്യാപ്റ്റനെ തെരഞ്ഞെടുക്കാനുള്ള മത്സരത്തില്‍ പങ്കെടുപ്പിക്കുക. വീക്ക്‌ലി ടാസ്‌കുകില്‍ മോശം പ്രകടനം നടത്തുന്ന രണ്ടുപേരെ ഹൗസിനോട് ചേര്‍ന്നുള്ള ജയിലില്‍ പ്രവേശിപ്പിക്കാറുമുണ്ട്. ഇക്കാരണങ്ങളാലാണ് വീക്ക്‌ലി ടാസ്‌കുകള്‍ ഏറെ ആവേശകരമാവുന്നതും.

'തലയണമന്ത്രം' എന്നായിരുന്നു ഇത്തവണത്തെ വീക്ക്‌ലി ടാസ്‌കിന്റെ പേര്. ഹൗസില്‍ നിലവിലുള്ള ഗ്രൂപ്പിസത്തെ ബിഗ് ബോസ് എത്രത്തോളം തിരിച്ചറിയുന്നു എന്നതിന്റെ തെളിവായിരുന്നു ഈ ടാസ്‌കിലേക്കുള്ള ടീം പ്രഖ്യാപനം. ദയയെ ടീം ക്യാപ്റ്റനാക്കി ആര്യ, എലീന, ഫുക്രു, പാഷാണം ഷാജി എന്നിവരെ ഒരു ടീമായും അമൃത-അഭിരാമിമാരെ ക്യാപ്റ്റനാക്കി രഘു, അലസാന്‍ഡ്ര, സുജോ എന്നിവരെ മറ്റൊരു ടീമുമാക്കി ബിഗ് ബോസ്. ബിഗ് ബോസ് നല്‍കുന്ന അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിച്ച് ഗുണനിലവാരമുള്ള തലയിണകള്‍ പരമാവധി എണ്ണം നിര്‍മ്മിക്കുക എന്നതായിരുന്നു ടാസ്‌ക്. ഇതുപ്രകാരം ദയയുടെ ടീമാണ് വിജയിച്ചത്. 

 

വീക്ക്‌ലി ടാസ്‌കില്‍ മികച്ച പ്രകടനം നടത്തിയവരെ വിജയികളുടെ ടീമില്‍ നിന്നും എല്ലാവരും ചേര്‍ന്ന് തെരഞ്ഞെടുക്കാനാണ് ബിഗ് ബോസ് ആദ്യം ആവശ്യപ്പെട്ടത്. ഇതനുസരിച്ച് ഫുക്രു, ഷാജി, ആര്യ എന്നിവര്‍ ഏറ്റവുമധികം വോട്ട് നേടി ആദ്യ മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. മോശം പ്രകടനം നടത്തിയ രണ്ടുപേരെ തെരഞ്ഞെടുക്കാനായിരുന്നു ബിഗ് ബോസിന്റെ അടുത്ത നിര്‍ദേശം. ഇതുപ്രകാരം കൂടുതല്‍ വോട്ടുകള്‍ നേടിയത് രഘുവും അമൃത-അഭിരാമിമാരുമാണ്. മൂവരെയും ജയിലില്‍ പ്രവേശിപ്പിക്കാന്‍ ക്യാപ്റ്റന്‍ ഫുക്രുവിനാണ് ബിഗ് ബോസ് നിര്‍ദേശം നല്‍കിയത്.